ഡാളസ്: അമേരിക്കയിൽ ഡേലൈറ്റ് സേവിംഗ് സമയം അവസാനിച്ച് ശൈത്യകാല സമയക്രമത്തിലേക്ക് മാറുമ്പോൾ ഈ ഞായറാഴ്ച മുതൽ സമയമാറ്റം നിലവിൽ വരും. ഞായറാഴ്ച പുലർച്ചെ രണ്ടിന് ക്ലോക്കുകൾ ഒരു മണിക്കൂർ പിന്നോട്ട് (പുലർച്ചെ ഒരു മണിയിലേക്ക്) തിരിച്ചു വയ്ക്കും.
കഴിഞ്ഞ വസന്തകാലത്ത് മാർച്ച് എട്ടിനായിരുന്നു ഡേലൈറ്റ് സേവിംഗ് സമയം (പകലിന്റെ ദൈർഘ്യം വർധിക്കുന്ന രീതി) ആരംഭിച്ചത്. ഫാൾ സീസണിൽ ഒരു മണിക്കൂർ പുറകോട്ടും സ്പ്രിംഗ് സീസണിൽ ഒരു മണിക്കൂർ മുന്നോട്ടും മാറ്റുന്ന ഈ രീതിയെ "ഫാൾ ബാക്ക്', "സ്പ്രിംഗ് ഫോർവേഡ്' എന്നാണ് വിശേഷിപ്പിക്കുന്നത്.
ഒന്നാം ലോകമഹായുദ്ധ കാലത്താണ് സൂര്യപ്രകാശം പരമാവധി പ്രയോജനപ്പെടുത്തി വൈദ്യുതി ഉപയോഗം കുറയ്ക്കാൻ ലക്ഷ്യമിട്ട് അമേരിക്കയിൽ ഈ സമ്പ്രദായം ആദ്യമായി നടപ്പാക്കി തുടങ്ങിയത്.
സമയം ഒരു മണിക്കൂർ പിന്നോട്ട് മാറ്റുന്നതോടെ ആളുകൾക്ക് ഒരു മണിക്കൂർ അധികമായി ലഭിക്കും. സ്മാർട്ട് ഫോണുകളും ഡിജിറ്റൽ ക്ലോക്കുകളും യാന്ത്രികമായി സമയം മാറുമ്പോൾ, മറ്റ് വാച്ചുകളും മാനുവൽ ക്ലോക്കുകളും സ്വമേധയാ ക്രമീകരിക്കേണ്ടതുണ്ട്.
സമയമാറ്റം നിലവിൽ വരുന്നതോടെ വൈകുന്നേരങ്ങളിൽ ഇരുട്ട് നേരത്തെ എത്തുമ്പോൾ, രാവിലെ സൂര്യോദയം നേരത്തെയാകും. എന്നാൽ അരിസോണ, ഹവായ്, പോർട്ടോ റിക്കോ, വെർജിൻ ഐലൻഡ് തുടങ്ങിയ സ്ഥലങ്ങളിൽ ഈ സമയമാറ്റം ബാധകമല്ല.