നിയമങ്ങളെയും കോടതി ഉത്തരവുകളെയും കാറ്റിൽപ്പറത്തി കൊച്ചിയിലെ നിരത്തുകളിൽ സ്വകാര്യ ബസുകളുടെ അഴിഞ്ഞാട്ടം തുടരുകയാണ്. അമിതവേഗത്തിനും മത്സരയോട്ടത്തിനും പിന്നാലെ, ചോദ്യം ചെയ്യുന്ന യാത്രക്കാരെയും പൊതുജനങ്ങളെയും കൈയേറ്റം ചെയ്യുന്ന ഗുണ്ടായിസത്തിലേക്ക് ബസ് ജീവനക്കാർ മാറുകയാണ്. സാധാരണക്കാരുടെ ജീവന് പുല്ലുവില കൽപിക്കുന്ന ഈ മരണപ്പാച്ചിലിന് കടിഞ്ഞാണിടാൻ ആരുമില്ലാത്ത അവസ്ഥയാണ്.
പകരക്കാര്‍ പ്രശ്നക്കാര്‍
ഒരു ജീവനക്കാരന്റെ അഭാവത്തില്‍ പകരം എത്തുന്ന ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരുമാണ് പലപ്പോഴും പ്രശ്നക്കാരെന്ന് ബസ് ഉടമ സംഘടനാ നേതാക്കള്‍ തന്നെ സമ്മതിക്കുന്നു. ഇത്തരക്കാരില്‍ മദ്യപാനികളും മയക്കുമരുന്ന് ഉപയോഗിക്കുന്നവരുമുണ്ട്. ഇവര്‍ മൂലം നല്ലരീതിയില്‍ സര്‍വീസ് നടത്തുന്ന ജീവനക്കാര്‍ക്കു തന്നെ അപമാനം ഉണ്ടാകുന്നുവെന്നാണ് ഉടമകളും ജീവനക്കാരും പറയുന്നത്.
കഴിഞ്ഞ ഓഗസ്റ്റ് 29ന് രാത്രി എറണാകുളം ടൗണ്‍ഹാളിനു മുന്നില്‍ വച്ച് സജിമോന്‍ എന്ന ബസിലെ മൂന്നു ജീവനക്കാര്‍ ചേര്‍ന്ന് ഓട്ടോറിക്ഷ ഡ്രൈവറെ ക്രൂരമായി മര്‍ദിക്കുകയുണ്ടായി. കാര്‍ യാത്രക്കാരെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ഭീഷണിമുഴക്കിയ കേസിലെ പ്രതിയെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിക്കുന്നതിനിടെ നോര്‍ത്ത് പൊലിസ് സ്റ്റേഷനിലെ എഎസ്ഐ സുനില്‍ ജലീലിനെ ബസ് കണ്ടക്ടര്‍ കണ്ണൂര്‍ സ്വദേശി മുഹമ്മദ് അന്‍സാര്‍ (24) ആക്രമിച്ചത് ഇക്കഴിഞ്ഞ സെപ്റ്റംബര്‍ ആറിനായിരുന്നു. ബസ് ജീവനക്കാരുടെ ഗുണ്ടായിസം തുടരുകയാണ്.
ഓവര്‍ടേക്കിംഗ് നിരോധിച്ചെങ്കിലും...
നഗരത്തിനുള്ളില്‍ സ്വകാര്യ ബസുകളുടെ ഓവര്‍ടേക്കിംഗ് ഹൈക്കോടതി നിരോ ധിച്ചതാണ്. എന്നാല്‍, മത്സരയോട്ടവും ഓവര്‍ടേക്കിംഗും ഇന്നും നിര്‍ബാധം തുടരുന്നു. ഇതേച്ചൊല്ലി ബസ് ജീവനക്കാര്‍ തമ്മില്‍ കൈയാങ്കളിയുമുണ്ടാകാറുണ്ട്. നഗരത്തിലെ സ്വകാര്യ ബസുകളും ഓട്ടോറിക്ഷകളും ഹോണ്‍ മുഴക്കുന്നതും മറ്റു വാഹനങ്ങളെ ഓവര്‍ടേക്ക് ചെയ്യുന്നതും നിരോധിച്ചുകൊണ്ട് 2022 ഒക്ടോബറിലാണ് ഹൈക്കോടതി ഉത്തരവിറക്കിയത്. ബസുകള്‍ ഇടതുവശം ചേര്‍ന്ന് മാത്രം പോയാല്‍ മതിയെന്ന കോടതി നിർദേശത്തിന് പുല്ലുവിലയാണ് ബസ് ജീവനക്കാര്‍ നല്‍കുന്നത്.
സ്റ്റോപ്പില്‍ നിര്‍ത്തി ആളെയിറക്കുന്നതിനു പകരം, സിഗ്നല്‍ കിട്ടിക്കിഞ്ഞാല് റോഡിന്റെ മധ്യഭാഗത്തു നിര്‍ത്തിയാണ് പല ബസുകളും ആളെയിറക്കുന്നത്. കളക്ഷന്‍ കുറയും എന്ന കാരണത്താലാണ് ഈ മരണപ്പാച്ചില്‍. ഒരു മിനിറ്റ് വ്യത്യാസത്തിലാണ് കാക്കനാട്, ആലുവ, ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചേരി, കുമ്പളങ്ങി, ചെല്ലാനം, പള്ളുരുത്തി തുടങ്ങിയ സ്ഥലങ്ങളിലേക്ക് സ്വകാര്യ ബസുകളുടെ സര്‍വീസ്. പലയിടങ്ങളിലും ബസ് ജീവനക്കാര്‍ തമ്മിലും സംഘർഷമുണ്ടാകാറുണ്ട്.
യൂണിഫോമിനോട് അലര്‍ജി
സ്വകാര്യ ബസുകളില്‍ കണ്ടക്ടര്‍മാര്‍ യൂണിഫോമിനൊപ്പം പേര് വിവരങ്ങള്‍ ഉള് ക്കൊള്ളുന്ന നെയിംബോര്‍ഡ് ധരിക്കണമെന്ന് 2002 ജൂണ്‍ 24 ന് ഗതാഗതവകുപ്പിന്റെ ഉത്തരവ് ഉണ്ടെങ്കിലും കൊച്ചിയിലെ ബസുകാര്‍ക്ക് ഇതൊന്നും ബാധകമല്ല. സ്വകാര്യബസുകളില്‍ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ അതിക്രമങ്ങള്‍ തടയുകയെന്ന ലക്ഷ്യത്തോടെ 2011 മാര്‍ച്ചില്‍ ഗതാഗതവകുപ്പ് വീണ്ടും ഉത്തരവ് ഇറക്കി.
ബസുകളില്‍ കണ്ടക്ടര്‍മാര്‍ മാറിമാറി വരുന്നതിനാല്‍ മോശമായി പെരുമാറുന്നവരെ പെട്ടെന്ന് കണ്ടെത്താനാണ് നെയിം ബോര്‍ഡ് നിര്‍ബന്ധമാക്കിയത്. കാക്കി ഷര്‍ട്ടില്‍ ഇടത് പോക്കറ്റിന്റെ മുകളില്‍ നെയിം ബോര്‍ഡുകള്‍ കുത്തണമെന്നാണ് വ്യവസ്ഥ. പേര്, ബാഡ്ജ് നമ്പര്‍ എന്നിവ ഇതില്‍ ഉണ്ടാവണം. കറുത്ത അക്ഷരത്തില്‍ മലയാളത്തിലോ ഇംഗ്ലീഷിലോ പേരെഴുതണം. തുടക്കത്തില്‍ ചില സ്ഥലങ്ങളില്‍ ഉത്തരവ് നടപ്പായെങ്കിലും പിന്നീട് ഇത് ഉണ്ടായില്ല.
പാട്ടാണ് മുഖ്യം
കേരള മോട്ടോര്‍വാഹനചട്ടം 289 പ്രകാരം സ്വകാര്യ ബസുകളില്‍ ദൃശ്യശ്രാവ്യ ഉപകരണങ്ങള്‍ അനുവദനീയമല്ലെങ്കിലും നഗരത്തില്‍ സര്‍വീസ് നടത്തുന്ന മിക്ക ബസുകളും ഉച്ചത്തില്‍ പാട്ടുവയ്ക്കുന്നുണ്ട്. ചെവി തുളച്ചു കയറുന്ന സംഗീതത്തില്‍ വാഹനം മുന്നോട്ട് എടുക്കുമ്പോള്‍ കണ്ടക്ടറുടെ നിര്‍ദേശങ്ങള്‍ ഡ്രൈവര്‍മാര്‍ കേള്ക്കാറില്ലെന്നതാണ് വാസ്തവം.
സ്വകാര്യ ബസുകളില്‍ അമിത ശബ്ദമുണ്ടാക്കുന്ന ആംപ്ലിഫയറുകള്‍, ബൂസ്റ്ററുകള്‍, വലിയ സബ്വൂഫറുകള്‍ എന്നിവ ഘടിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്ന് കരള ഹൈക്കോടതി കര്‍ശനമായി ഉത്തരവിട്ടിട്ടുണ്ട്.
ബസുകളില്‍ ദൃശ്യശ്രാവ്യ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിച്ചാല്‍ 2,000 രൂപവരെ മോട്ടോര്‍ വാഹനവകുപ്പ് പിഴയിടും. ഉപകരണത്തിന്റെ ശബ്ദവും ഉപയോഗിച്ച രീതിയുമെല്ലാം പരിശോധിച്ചാണ് നടപടി. ഒപ്പം ഈ ഉപകരണങ്ങള്‍ ബസില്‍നിന്ന് അഴിച്ചുമാറ്റുകയും വേണം.