നിലമ്പൂര്: നിലമ്പൂര് ഗവണ്മെന്റ് മാനവേദന് ഹൈസ്കൂള് ഗ്രൗണ്ടില് നടന്ന 23-ാമത് ജില്ലാ ബധിര കായികമേളയില് 234 പോയിന്റ് നേടി ഒന്ന് മുതല് പത്താം ക്ലാസ് വരെയുള്ള ഹൈസ്കൂള് വിഭാഗത്തില് ഓവറോള് ചാമ്പ്യന്ഷിപ്പ് നേടി നിലമ്പൂര് ബഡ്സ് സ്കൂള്. രണ്ടാം സ്ഥാനക്കാരായ അസീസി സ്കൂളിനെ 150 പോയിന്റിന്റെ വ്യത്യാസത്തില് പിന്നിലാക്കിയാണ് ബഡ്സ് താരങ്ങള് കിരീടത്തില് മുത്തമിട്ടത്.
വിദ്യാര്ഥികള്ക്ക് പ്രായാടിസ്ഥാനത്തില് പങ്കെടുക്കാന് കഴിയുന്ന മുഴുവന് ഇനങ്ങളിലും മികവിന്റെ മുദ്ര പതിപ്പിച്ച ബഡ്സ് താരങ്ങള് 18 വയസില് താഴെയുള്ള ആണ്കുട്ടികളുടെയും പെണ്കുട്ടികളുടെയും നാല് പ്രായവിഭാഗങ്ങളിലെയും വ്യക്തിഗത ചാമ്പ്യന്ഷിപ്പുകള് സ്വന്തമാക്കി.
അണ്ടര്- 18, 16, 14, 12 വിഭാഗങ്ങളില് ആണ്കുട്ടികളുടെയും പെണ്കുട്ടികളുടെയും ചാമ്പ്യന് പട്ടങ്ങള് ബഡ്സ് സ്കൂളിലെ കായികപ്രതിഭകള് നേടിയെടുത്തത് വിജയത്തിന്റെ തിളക്കം ഇരട്ടിയാക്കി.
വ്യക്തിഗത ചാമ്പ്യന്മാരായി എട്ട് താരങ്ങള്
നിലമ്പൂര്: അണ്ടര് 18 ആണ്കുട്ടികളുടെ വിഭാഗത്തില് മുഹമ്മദ് ശാമിലും പെണ്കുട്ടികളുടെ വിഭാഗത്തില് അസ്ന ഷെറിനും ചാമ്പ്യന്മാര്. അണ്ടര്-16 ആണ്കുട്ടികളുടെ വിഭാഗത്തില് എ.ടി. ഷഹല് ഹിഷായും പെണ്കുട്ടികളുടെ വിഭാഗത്തില് ഐഷ ഹിന റംഷാദും മികവിന്റെ പൊന്തിളക്കമണിഞ്ഞു.
അണ്ടര് 14 ആണ്കുട്ടികളുടെ വിഭാഗത്തില് സി. അഭിനവും പെണ്കുട്ടികളുടെ വിഭാഗത്തില് കെ. നെഷ്വയും ചാമ്പ്യന്പട്ടം സ്വന്തമാക്കി. അണ്ടര്-12 ആണ്കുട്ടികളുടെ വിഭാഗത്തില് മുഹമ്മദ് നബ്ഹാനും പെണ്കുട്ടികളുടെ വിഭാഗത്തില് അസ്ന സുഹൈറും വ്യക്തിഗത ചാമ്പ്യന്മാരായി.
എട്ട് വ്യക്തിഗത ചാമ്പ്യന്പട്ടങ്ങളും ഓവറോള് കിരീടവും ഒരുമിച്ച് സ്വന്തമാക്കിയാണ് ബഡ്സ് സ്കൂളിന്റെ നേട്ടം.
ഓരോ കുട്ടിയുടെയും കഴിവുകള് തിരിച്ചറിഞ്ഞ് അവ വളര്ത്തിയെടുക്കുന്നതിനുള്ള അധ്യാപകരുടെ സമര്പ്പണവും പരിശീലനവും രക്ഷിതാക്കളുടെ അകമഴിഞ്ഞ പിന്തുണയും മാനേജ്മെന്റിന്റെ സഹായവും തിളക്കമാര്ന്ന നേട്ടത്തിന് കരുത്തേകി.