വൈപ്പിൻ: സ്വകാര്യ ബസ് തട്ടി വീണ ബൈക്ക് യാത്രികൻ അതേ ബസിനടിയിൽപ്പെട്ട് മരിച്ചു. പുതുവൈപ്പ് ജലസംഭരണിക്ക് സമീപം വാടകയ്ക്കു താമസിക്കുന്ന ജാക്സ(റോയ്)ന്റെ മകൻ രാഹുൽ ജാക്സ(26)നാണ് മരിച്ചത്.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിന് വൈപ്പിൻ സംസ്ഥാനപാതയിൽ ഓച്ചന്തുരുത്ത് കുരിശിങ്കൽ ലൈനിനടുത്തായിരുന്നു അപകടം.
എറണാകുളത്തുനിന്ന് ചെറായി ഭാഗത്തേക്ക് വരികയായിരുന്ന മാടമ്പി എന്ന ബസ് ബൈക്കിനെ മറികടക്കുന്നതിനിടെ ഹാൻഡിലിൽ ഉടക്കുകയും ബൈക്ക് ബസിനടിയിലേക്ക് മറിയുകയുമായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
ഗുരുതരമായി പരിക്കേറ്റ രാഹുലിനെ ഉടൻ ആശുപത്രി എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബസ് പോലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ. പോസ്റ്റുമോർട്ടത്തിനുശേഷം സംസ്കാരം ഇന്ന് വൈകുന്നേരം. അമ്മ: ബിന്ദു. സഹോദരങ്ങൾ: ജോയൽ, സാന്ദ്ര.