ന്യൂഡല്‍ഹി: തീരുമാനങ്ങൾ ഐകകണ്ഠ്യേനയായിരുന്നുവെന്നും വോട്ടര്‍പട്ടിക തീവ്രപരിഷ്കരണം (എസ്ഐആര്‍) സംബന്ധിച്ച ആരോപണങ്ങള്‍ തള്ളിയും തെരഞ്ഞെടുപ്പ് കമ്മിഷന് സുപ്രീംകോടതിയില്‍ മറുപടി സത്യവാങ്മൂലം സമര്‍പ്പിച്ചു.
ഒരൊറ്റ പത്രവാര്ത്തയുടെമാത്രം അടിസ്ഥാനത്തിലാണ് പരാതിക്കാരന്റെ ഹര്‍ജിയെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറും കമ്മിഷണര്‍മാരായ സുഖ്ബീര്‍ സിംഗ് സന്ധുവും വിവേക് ജോഷിയും സംയുക്തമായി സമർപ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
രാകേഷ് കുമാര്‍ സിംഗ് എന്നയാള്‍ നല്കിയ പരാതിയിലാണു മറുപടി സത്യവാങ്മൂലം. മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണറെ സസ്പന്‍ഡ് ചെയ്യണമെന്നും ഏകപക്ഷീയ തീരുമാനങ്ങള്‍ റദ്ദാക്കണമെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം.
എസ്ഐആര്‍ സംബന്ധിച്ച് 2025 ജൂണിലും 2025 ഒക്ടോ ബറിലും 2026 മേയിലും പുറപ്പെടുവിച്ച ഉത്തരവുകൾ ഏകകണ്ഠമായി അംഗീകരിച്ചതാണെന്നു സത്യവാങ്മൂലത്തിൽ കമ്മിഷൻ വ്യക്തമാക്കിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് കമ്മിഷണറോ, കമ്മിഷണര്‍മാരോ രേഖപ്പെടുത്തുന്ന കുറിപ്പുകള്‍, നിര്‍ദേശങ്ങള്‍ എന്നിവ കമ്മിഷന്റെ തീരുമാനമെന്നു പറയാനാവില്ല. ഓരോ തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരുടെ മുന്നിലും തുടര്‍ന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണറുടെ ഓഫിസിലുമാണ് ഓരോ ഫയലുകളും എത്തുന്നത്.
ഫോം ആറ് ഭേദഗതി ചെയ്യാനാവില്ലെന്നും ഹർജിക്കാരന്റെ ആരോപണത്തിനു മറുപടിയായി സത്യവാങ്മൂലം പറയുന്നു. കേന്ദ്രസര്‍ക്കാരിനു മാത്രമാണ് ഇതിനുള്ള അധികാരം. എസ്ഐആര്‍ ഡിക്ലറേഷന്‍ മറ്റൊരു രേഖയാണെന്നും തെരഞ്ഞെടുപ്പ് കമ്മിഷന് വാദിക്കുന്നു.