റായ്പുർ: ഛത്തീസ്ഗഡിലെ സ്കൂളുകളിൽ ദേശീയഗാനത്തിനും ദേശീയഗീതത്തിനും പുറമേ ഗായത്രീമന്ത്രം ഉൾപ്പെടെ നാലു മന്ത്രങ്ങളും എല്ലാദിവസവും ആലപിക്കണമെന്നു സർക്കാർ നിർദേശം.
ഇതിനുള്ള സമയക്രമവും വിദ്യാഭ്യാസ വകുപ്പ് ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്ക് നൽകിയിട്ടുണ്ട്. മന്ത്രോച്ചാരണത്തിനു പുറമേ എല്ലാ ദിവസവും സാംസ്കാരിക, മൂല്യാധിഷ്ഠിത പരിപാടികളും സംഘടിപ്പിക്കണം.
ഇന്ത്യൻ സംസ്കാരവും പാരന്പര്യവും വിദ്യാർഥികൾക്കു പരിചയപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും സ്കൂള്‍ വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച ഔദ്യോഗിക വിജ്ഞാപനത്തിൽ പറയുന്നു. എല്ലാ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരും ഇത് കര്‍ശനമായി നടപ്പിലാക്കണമെന്നും നിർദേശമുണ്ട്.
രാവിലെത്തെ അസംബ്ലിയിൽ ദേശീയഗാനവും ദേശീയഗീതവും ദീപ മന്ത്രവും സരസ്വതീ വന്ദനവും ഗുരു മന്ത്രവും ഉൾപ്പെടുത്തണം. ഇതിനുശേഷം വിശിഷ്ട വ്യക്തികളുടെ ജീവചരിത്രം പരിചയപ്പെടുത്തണം.
ഉച്ചഭക്ഷണസമയത്താണ് ഭോജനമന്ത്രം ചൊല്ലേണ്ടത്. സ്കൂൾ വിടുന്പോൾ സംസ്ഥാന ഗീതത്തിനൊപ്പം ഗായത്രീമന്ത്രവും ശാന്തിമന്ത്രവും പാരായണം ചെയ്യണമെന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇന്നലെ തുടങ്ങിയ പുതിയ അധ്യയനവര്‍ഷം മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വരുത്തണമെന്നാണ് നിർദേശം.
തീരുമാനത്തെ പ്രതിപക്ഷമായ കോണ്‍ഗ്രസ് ശക്തമായ ഭാഷയിലാണു വിമർശിച്ചത്. സര്‍ക്കാര്‍ സ്കൂളുകളുടെ മതേതര സ്വഭാവത്തെ പൂര്‍ണമായി തകര്‍ക്കുന്നതാണ് പുതിയ ഉത്തരവെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ കുറ്റപ്പെടുത്തി.
ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സരസ്വതീ ശിശുമന്ദിറുകളുടെ മാതൃകയിലേക്ക് മതേതരത്വത്തോടെ പ്രവര്‍ത്തിക്കേണ്ട വിദ്യാലയങ്ങളെ എത്തിക്കാനാണ് ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് മീഡിയ സെല്‍ ചെയര്മാന് സുശീല്‍ ആനന്ദ് ശുക്ല ആരോപിച്ചു.
എല്ലാ മതങ്ങളിലും സമുദായങ്ങളിലും പെട്ട കുട്ടികള്‍ ഒരുമിച്ച് പഠിക്കുന്ന ഇടങ്ങളില്‍ ഇത്തരം പ്രത്യേക മതപരമായ പ്രാര്‍ഥനകള്‍ അടിച്ചേല്‍പ്പിക്കുന്നത് ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
വരുംദിവസങ്ങളില്‍ ശക്തമായ ജനകീയ പ്രതിഷേധങ്ങളിലേക്ക് നീങ്ങാനാണ് പ്രതിപക്ഷ സംഘടനകളുടെ തീരുമാനം.