ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ദുരുപയോഗം ചെയ്ത് ബിസിനസുകാരനിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ 65-കാരിയായ ആശുപത്രി ശുചീകരണത്തൊഴിലാളി ചൈനയിൽ പിടിയിലായി.
ഷാങ്ഹായിലെ പ്രമുഖ ആശുപത്രിയിൽ ക്ലീനറായി ജോലി ചെയ്യുന്ന യു സിയുഷെൻ എന്ന സ്ത്രീയാണ് 29 വയസുള്ള വനിതാ ഡോക്ടറാണെന്ന് വിശ്വസിപ്പിച്ച് റിയൽ എസ്റ്റേറ്റ് വ്യാപാരിയിൽ നിന്ന് 1.7 ലക്ഷം യുവാൻ (ഏകദേശം 20 ലക്ഷത്തോളം ഇന്ത്യൻ രൂപ) കൈക്കലാക്കിയത്.
ഫേസ്-സ്വാപ്പിംഗ് സോഫ്റ്റ്വെയറുകളുടെ സഹായത്തോടെ തയാറാക്കിയ അയ്യായിരത്തിലധികം ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ച് അഞ്ച് വർഷം കൊണ്ടാണ് ഇവർ സോഷ്യൽ മീഡിയയിൽ വലിയ തരംഗമുണ്ടാക്കിയത്.
2021-ലാണ് ഷാങ്ഹായ് സ്വദേശിയായ ലിയു ഹുയി എന്ന കരാറുകാരൻ ഇവരുടെ വ്യാജ പ്രൊഫൈൽ കാണുന്നത്. ആശുപത്രിയിലെ വലിയ നിർമ്മാണ കരാറുകൾ നൽകാൻ തനിക്ക് സ്വാധീനമുണ്ടെന്ന് യു സിയുഷെൻ ഇയാളെ തെറ്റിദ്ധരിപ്പിച്ചു.
ബിസിനസ് നേട്ടങ്ങൾ ലക്ഷ്യമിട്ട് ലിയു ഇവരുമായി ഓൺലൈനിലൂടെ സൗഹൃദത്തിലാവുകയും തുടർന്ന് പ്രണയാഭ്യർഥന നടത്തുകയുമായിരുന്നു. എന്നാൽ നേരിട്ട് കാണാനോ വീഡിയോ കോൾ ചെയ്യാനോ ആവശ്യപ്പെടുമ്പോഴെല്ലാം ഇവർ പല ഒഴിവുകഴിവുകൾ പറഞ്ഞ് ഒഴിവാകി.
പിന്നീട് സ്വന്തം അമ്മ എന്ന വ്യാജേന മറ്റൊരു വേഷമണിഞ്ഞ് എത്തിയ ഇവർ, മകളെ വിവാഹം കഴിക്കണമെങ്കിൽ ഭീമമായ തുകയും സ്വന്തമായി വീടും വേണമെന്ന് ആവശ്യപ്പെട്ടു. ഇതുകേട്ട് വഞ്ചിക്കപ്പെട്ട ലിയു അഞ്ച് മാസത്തിനിടെ ലക്ഷക്കണക്കിന് രൂപ ഇവരുടെ അക്കൗണ്ടിലേക്ക് അയച്ചുകൊടുക്കുകയായിരുന്നു.
എന്നാൽ വാഗ്ദാനം ചെയ്ത നിർമ്മാണ കരാറുകളൊന്നും ലഭിക്കാതെ വന്നതോടെ സംശയം തോന്നിയ ബിസിനസുകാരൻ പൊലിസിനെ സമീപിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന സത്യങ്ങൾ പുറത്തുവന്നത്.
പ്രശസ്തയായ യുവ ഡോക്ടർക്ക് പിന്നിൽ മുൻപും തട്ടിപ്പു കേസിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള 65-കാരിയായ ശുചീകരണത്തൊഴിലാളിയാണെന്ന് പൊലിസ് കണ്ടെത്തി.
തട്ടിയെടുത്ത തുക മുഴുവൻ സൗന്ദര്യവർധക ശസ്ത്രക്രിയകൾക്കും വിലകൂടിയ വസ്ത്രങ്ങൾക്കും സ്കിൻകെയർ ഉൽപ്പന്നങ്ങൾക്കുമായാണ് ഇവർ ചെലവഴിച്ചത്.
ഇവർ പങ്കുവെച്ചിരുന്ന വീഡിയോകളിൽ "AI നിർമ്മിതം" എന്ന ചെറിയൊരു മുന്നറിയിപ്പ് ഉണ്ടായിരുന്നെങ്കിലും, ആധുനിക സാങ്കേതികവിദ്യകളിൽ വലിയ അറിവില്ലാതിരുന്നതിനാൽ ഇരയായ വ്യവസായി അത് ശ്രദ്ധിച്ചിരുന്നില്ല.