കാലടി (കൊച്ചി): സാമൂഹ്യമാധ്യമങ്ങളിലൂടെയും മറ്റും തെറ്റായ വാർത്തകളും വിവരങ്ങളും അനുസ്യൂതം ജനങ്ങളിലേക്കെത്തുന്ന പുതിയ കാലത്തു, ശരികളും സത്യങ്ങളും അറിയാൻ ആത്മാഭിമാനത്തോടെ വായിക്കാവുന്ന ദിനപത്രമാണു ദീപികയെന്നു ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ.
സോഷ്യൽ മീഡിയയിലൂടെ വരുന്നതെന്തും ശരിയാവണമെന്നില്ല. അവിടെ ആർക്കും എന്തും എഴുതാം, പ്രചരിപ്പിക്കാം. ദീപിക പോലുള്ള പത്രങ്ങൾ, വ്യാജമായ വാർത്തകളോ വിവരങ്ങളോ ഉണ്ടാകില്ലെന്ന് ഉറപ്പിച്ചു വായിക്കാനാകും.
പത്രവായന നൽകുന്നത് അറിവു മാത്രമല്ല; വ്യക്തിത്വത്തിന്റെയും കരിയറിന്റെയും ക്രിയാത്മക നിർമിതിയ്ക്കാവശ്യമായ ഊർജം കൂടിയാണ്. പഠനകാലത്തു രാഷ്ട്രീയത്തെക്കുറിച്ചും പൊതുവിഷയങ്ങളെക്കുറിച്ചുമെല്ലാം കൃത്യമായ അറിവും പൊതുബോധവും രൂപപ്പെടുത്താൻ തനിക്കു പത്രവായന വലിയ പ്രചോദനമായിട്ടുണ്ട്.
നിധീരിക്കൽ മാണിക്കത്തനാരിൽ തുടങ്ങി, ഉജ്വലമായ പാരന്പര്യത്തിന്റെ തിളക്കമുള്ള ദീപിക ദിനപത്രം വിദ്യാലയങ്ങളിൽ പത്രവായനാശീലം വളർത്തുന്നതിനു നടപ്പാക്കുന്ന നമ്മുടെ ഭാഷ പോലുള്ള പദ്ധതികൾ, പുതുതലമുയ്ക്ക് ദിശാബോധത്തിന്റെ പ്രകാശം കൂടിയാണ്.
വായനയെ പ്രത്യേകിച്ച് പത്രവായനയെ, ജീവിതത്തിന്റെ ഭാഗമാക്കാനും അതിലൂടെ വിദ്യാഭ്യാസത്തിനും വ്യക്തിത്വത്തിനും മികവിന്റെ മാനങ്ങൾ പകരാനും സാധിക്കണമെന്നും ദീപിക നമ്മുടെ ഭാഷ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു റോജി എം.ജോൺ പറഞ്ഞു.