വെള്ളരിക്കുണ്ട്: മലയാളത്തിന്റെ പ്രഥമ ദിനപത്രമായ ദീപികയുടെ 140-ാം വാര്‍ഷികാഘോഷവും വിശിഷ്ടവ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമുള്ള പുരസ്കാരദാനവും ഉൾപ്പെടുന്ന "ദീപിക കുടുംബോത്സവം' മലയോരത്തിന്റെ സിരാകേന്ദ്രമായ വെള്ളരിക്കുണ്ടിൽ നടക്കും.
ദീപിക കണ്ണൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ 21നു വൈകുന്നേരം അഞ്ചിനു വെള്ളരിക്കുണ്ട് യാഷുവ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി ജലവിഭവ, ഭവനനിര്‍മാണവകുപ്പ് മന്ത്രി മോന്‍സ് ജോസഫ് ഉദ്ഘാടനം ചെയ്യും. തലശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി അധ്യക്ഷത വഹിക്കും. രാജ്മോഹന്‍ ഉണ്ണിത്താന് എംപി, തളിപ്പറമ്പ് എംഎല്‍എ ടി.കെ. ഗോവിന്ദന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു ഏബ്രഹാം, കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. കെ.കെ. സാജു, ജില്ലാ പൊലിസ് മേധാവി പി. നിധിന്‍രാജ്, സിനിമാതാരം സിനി ഏബ്രഹാം, രാഷ്ട്രദീപിക ലിമിറ്റഡ് വൈസ് ചെയര്മാന് ഡെന്നി തോമസ് വട്ടക്കുന്നേല്‍, ഡയറക്ടര്‍മാരായ മോണ്‍. സെബാസ്റ്റ്യൻ പാലാക്കുഴി, ബെന്നി മാത്യു വാഴപ്പിള്ളില്‍, തലശേരി അതിരൂപത വികാരി ജനറാള്‍ മോണ്‍. മാത്യു ഇളംതുരുത്തിപ്പടവില്‍, വെള്ളരിക്കുണ്ട് ഫൊറോന വികാരി ഫാ. ഡോ. ജോണ്സണ് അന്ത്യാംകുളം, ഡിഎഫ്സി ഡയറക്ടര്‍ ഫാ. ജോബി കോവാട്ട്, പ്രസിഡന്റ് ഫിലിപ്പ് വെളിയത്ത് എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും.
രാഷ്ട്രദീപിക ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ആമുഖസന്ദേശം നല്‍കും. ദീപിക കണ്ണൂര്‍ യൂണിറ്റ് അസി. ജനറല്‍ മാനേജര്‍(സർക്കുലേഷൻ) ജോര്‍ജ് തയ്യില്‍ അവാര്‍ഡ് ജേതാക്കളെ പരിചയപ്പെടുത്തും. ദീപിക കണ്ണൂര്‍ യൂണിറ്റ് റസിഡന്റ് മാനേജര്‍ ഫാ. വിപിന്‍ വെമ്മേനിക്കട്ടയില്‍ സ്വാഗതവും അസി. റസിഡന്റ് മാനേജര്‍ ഫാ. എഡ്വിന് കോയിപ്പുറം നന്ദിയും പറയും.
ചടങ്ങില്‍ വി.ജെ. ജോസ് മാനേജിംഗ് ഡയറക്ടറായ മാസ്വുഡ് ഇന്‍ഡസ്ട്രീസിന് ദീപിക മോസ്റ്റ് പോപ്പുലര്‍ ബ്രാന്‍ഡ് അവാര്‍ഡും ബളാല്‍ പഞ്ചായത്ത് വൈസ്പ്രസിഡന്റ് രാജു കട്ടക്കയത്തിന് ദീപിക ഔട്ട്സ്റ്റാന്‍ഡിംഗ് സോഷ്യല്‍ ഡെവലപ്മെന്റ് അവാര്‍ഡും ജ്യോതി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ ടെക്നോളജി മാനേജിംഗ് ഡയറക്ടര്‍ സിന്ധു ഗിരീഷിന് ദീപിക വുമണ്‍ എന്റര്‍പ്രണര്‍ എക്സലന്‍സ് അവാര്‍ഡും മറ്റത്തില്‍ അക്യുപങ്ചര്‍ ക്ലിനിക് എംഡി ഡോ. സജീവ് മറ്റത്തിലിന് ദീപിക കാരുണ്യസ്പര്‍ശം അവാര്‍ഡും ചവണിയാങ്കല്‍ അഗ്രികള്‍ച്ചര്‍ നഴ്സറി മാനേജിംഗ് ഡയറക്ടര്‍ ഷിബി കുര്യന് ദീപിക എക്സലന്‍സ് ഇന്‍ അഗ്രി എന്റര്‍പ്രണര്‍ഷിപ്പ് അവാര്‍ഡും സാന്‍ഡ് ആര്‍ക്കിടെക്ട്സ് ആന്‍ഡ് ഇന്റീരിയേഴ്സ് മാനേജിംഗ് പാര്‍ട്ണര്‍മാരായ റോബിന് മാത്യുവിനും പി. സംഗീതിനും ദീപിക ബില്‍ഡ്ടെക് അവാര്‍ഡും ജെഎംജെ ആയുര്‍വേദ ക്ലിനിക്ക് ഉടമ തങ്കച്ചന് വൈദ്യര്‍ക്ക് ദീപിക നാച്വറല്‍ ഹെല്‍ത്ത് കെയര്‍ അവാര്‍ഡും ജോജോ ഫുട്വേര്‍ മാനേജിംഗ് പാര്‍ട്ണര്‍ ജോജോ മാത്യുവിന് ദീപിക ബിസിനസ് എക്സലന്‍സ് അവാര്‍ഡും ജോസ് കാക്കനാട്ടിന് ദീപിക കര്‍ഷകശ്രേഷ്ഠ അവാര്‍ഡും രാജപുരം സെന്റ് പയസ് ടെന്ത് കോളജിലെ അസി. പ്രഫസര്‍ ഡോ. സിനോഷ് സ്കറിയാച്ചന്‍ ദീപിക എമര്‍ജിംഗ് ഗ്ലോബല്‍ സയന്റിസ്റ്റ് അവാര്‍ഡും വള്ളിക്കടവ് സെന്റ് സാവിയോ ഇംഗ്ലീഷ് മീഡിയം സ്കൂളിന് ദീപിക അക്കാദമിക് അച്ചീവര്‍ അവാര്‍ഡും വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളിന് ദീപിക ഇന്നൊവേഷന് ഇന്‍ എഡ്യുക്കേഷന്‍ എക്സലന്‍സ് അവാര്‍ഡും ചായ്യോത്ത് മദര്‍ അലക്സിയ ഇംഗ്ലീഷ് മീഡിയം സ്കൂളിന് ദീപിക വിഷനറി എഡ്യുക്കേഷന്‍ അവാര്‍ഡും കാഞ്ഞിരടുക്കം ഉര്‍സുലൈന്‍ പബ്ലിക് സ്കൂളിന് ദീപിക എക്സലന്‍സ് ഇന്‍ വിസ്ഡം അവാര്‍ഡും പരപ്പ മദര്‍ സവിന റെസിഡന്‍ഷ്യല്‍ സ്കൂളിന് ദീപിക പിന്നാക്കിള്‍ ഓഫ് ലേണിംഗ് അവാര്‍ഡും മന്ത്രി മോൻസ് ജോസഫ് സമ്മാനിക്കും. തുടര്‍ന്ന് പ്രശസ്ത കലാകാരന്മാര് അണിനിരക്കുന്ന കലാസന്ധ്യ അരങ്ങേറും.