ന്യൂഡൽഹി: ഡീപ്ഫേക് ഉള്ളടക്കങ്ങൾ ഉപയോഗിച്ച് അപകീർത്തികരമായ പ്രചാരണം നടത്തിയെന്നാരോപിച്ച് മെറ്റയ്ക്കെതിരെ മാനനഷ്ടക്കേസുമായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ഗൂഗിൾ, എക്സ്, മെറ്റ തുടങ്ങിയ പ്രമുഖ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യാൻ ബോംബെ ഹൈക്കോടതി മന്ത്രിക്ക് അനുമതി നൽകി.
കേന്ദ്ര സർക്കാരിന്റെ ഇ20 നയത്തിൽ നിന്ന് തനിക്കും കുടുംബത്തിനും കോടികളുടെ സാമ്പത്തിക നേട്ടമുണ്ടായെന്ന് ഓൺലൈനിൽ പ്രചരിപ്പിച്ചെന്നാണ് ഗഡ്കരിയുടെ ഹർജിയിൽ പറയുന്നത്. എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് തന്റെ മുഖവും ശബ്ദവും ദുരുപയോഗം ചെയ്ത് വ്യാജ ദൃശ്യങ്ങളും കുറിപ്പുകളും വ്യാപകമായി പ്രചരിപ്പിച്ചതിനെതിരെയാണ് മന്ത്രി കോടതിയെ സമീപിച്ചത്.
ഗവൺമെന്റ് നയങ്ങളെക്കുറിച്ചുള്ള ന്യായമായ വിമർശനങ്ങളെയല്ല മറിച്ച് മനഃപൂർവം നടത്തുന്ന വ്യക്തിഹത്യയും വ്യാജ പ്രചാരണങ്ങളെയുമാണ് തടയാൻ ശ്രമിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. അപകീർത്തികരമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നതും അനുമതിയില്ലാതെ മുഖവും ശബ്ദവും ദുരുപയോഗം ചെയ്യുന്നതും വിലക്കണമെന്നാണ് ഗഡ്കരിയുടെ ആവശ്യം.