ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തങ്ങളുടെ എക്കാലത്തെയും മോശം ഫോം തുടർന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ്. ചെൽസിക്കെതിരേ എതിരില്ലാത്ത രണ്ട് ഗോളിന് പരാജയം രുചിച്ച് ടീം തുടർച്ചയായ നാലാം തോൽവി ഏറ്റുവാങ്ങി. ഇതോടെ ലീഗിൽ 16-ാം സ്ഥാനത്തായ മുൻ ചാന്പ്യന്മാര് തരംതാഴ്ത്തലിന്റെ വക്കിലാണ്. അവസാനം കളിച്ച ഒന്പത് മത്സരങ്ങളിലും വിജയം നേടാൻ യുണൈറ്റഡിന് കഴിഞ്ഞില്ല. 1988ന് ശേഷമുള്ള ക്ലബ്ബിന്റെ ഏറ്റവും മോശം പ്രകടനം കൂടിയാണിത്.
മത്സരത്തിന്റെ ആദ്യ പകുതിയിൽ മികച്ച പ്രകടനം കാഴ്ച്ചവച്ച യുണൈറ്റഡ് രണ്ടാം പകുതിയിൽ കളി കൈവിട്ടു. 50-ാം മിനിറ്റിൽ മോർഗൻ റോഗര്സിലൂടെ ചെൽസി ലീഡെടുത്തു. 63-ാം മിനിറ്റിൽ ലിസാന്ദ്രോ മാർട്ടിനെസ് രണ്ടാം മഞ്ഞക്കാർഡ് കണ്ട് പുറത്തായത് യുണൈറ്റഡിന് തിരിച്ചടിയായി. വെസ്ലി ഫൊഫാനയുടെ മുഖത്ത് കൈ കൊണ്ടിടിച്ചതിന് വാർ പരിശോധനയിലൂടെയാണ് റഫറി ലിസാന്ദ്രോയ്ക്ക് മഞ്ഞക്കാർഡ് നൽകിയത്. ഇതിനെ തുടർന്ന് ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് കോൾ പാൽമർ ചെൽസിയുടെ ലീഡ് ഇരട്ടിയാക്കി.
ഈ സീസണിൽ ആദ്യമായി സ്റ്റാർട്ടിംഗ് ഇലവനിൽ അവസരം ലഭിച്ച ചെൽസി വിംഗർ എസ്റ്റേവിയോ മൂന്നാം ഗോൾ ലക്ഷ്യത്തിലെത്തിച്ചെങ്കിലും ഓഫ്സൈഡ് വിധിച്ചതിനാൽ അനുവദിക്കപ്പെട്ടില്ല.
ആദ്യ പകുതിയിൽ യുണൈറ്റഡ് പന്ത് വലയിലെത്തിച്ചിരുന്നുവെങ്കിലും മാറ്റിയുസ് കുണ്ഹയുടെ ഹെഡർ വാർ പരിശോധനയിലൂടെ ഓഫ്സൈഡ് ആണെന്ന് കണ്ടെത്തി നിഷേധിച്ചിരുന്നു.വിജയത്തോടെ ചെൽസി 16 പോയിന്റുമായി നാലാം സ്ഥാനത്തേക്കുയർന്നു.