കൊരട്ടി: ദേശീയപാത വികസനത്തിന്റെ ഭാഗമായി കൊരട്ടി, ചിറങ്ങര, മുരിങ്ങൂർ ജംഗ്ഷനുകളിൽ നടക്കുന്ന നിർമാണ പ്രവർത്തനങ്ങളിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കൊരട്ടി ഗ്രാമപഞ്ചായത്ത് തൃശൂർ ജില്ലാ ജോയിന്റ് ഡയറക്ടർക്ക് നിവേദനം നൽകി.
നിലവിൽ ദേശീയപാത വികസന പ്രവർത്തനങ്ങൾ പ്രദേശവാസികൾക്കും യാത്രക്കാർക്കും വ്യാപകമായ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതായി പഞ്ചായത്തിന്റെ നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു.
കൊരട്ടി സർവീസ് സഹകരണ ബാങ്കിന് മുന്നിലുള്ള ചാലക്കുടി ഭാഗത്തേക്കുള്ള ബസ് കാത്തിരിപ്പുകേന്ദ്രം ജംഗ്ഷനിലെ കപ്പേളയ്ക്ക് സമീപത്തേക്ക് മാറ്റണമെന്നാണ് പ്രധാന ആവശ്യം. നിലവിൽ ബാങ്കിന് മുന്നിൽ റോഡ് വീതി കുറഞ്ഞ സാഹചര്യത്തിൽ ബസുകൾ നിർത്തുന്നത് ഗതാഗതക്കുരുക്കിനും വാഹനങ്ങളുടെ നീണ്ട നിരയ്ക്കും കാരണമാകുന്നതായി പഞ്ചായത്ത് ആരോപിക്കുന്നു.
റെയിൽവേ മേൽപ്പാലത്തിൽ നിന്ന് ദേശീയപാതയിലേക്ക് പ്രവേശിക്കുന്ന ഭാഗത്തും ദേശീയപാതയിലുമുള്ള ഉയരവ്യത്യാസം വാഹനങ്ങൾ തമ്മിൽ ഉരസുന്നതിനും അപകടസാധ്യത വർധിപ്പിക്കുന്നതിനും ഇടയാക്കുന്നുണ്ടെന്നും ഈ പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
കാനനിർമാണത്തിലെ അപാകതകളും നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജലനിരപ്പ് കണക്കിലെടുക്കാതെയുള്ള നിർമാണം മഴവെള്ളം സുഗമമായി ഒഴുകിപ്പോകുന്നതിന് തടസമാകുന്നതായും തൊഴിലാളികളുടെ കുറവ് മൂലം നിർമാണ പ്രവർത്തനങ്ങൾ മന്ദഗതിയിലാണെന്നും പരാതിയിൽ പറയുന്നു.
വൈദ്യുതി ലൈൻ മാറ്റിസ്ഥാപിക്കൽ ജോലികളുടെ പേരിൽ പ്രദേശത്ത് പതിവായി വൈദ്യുതി മുടങ്ങുന്ന സാഹചര്യവും പഞ്ചായത്ത് ചൂണ്ടിക്കാട്ടി. നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സമയങ്ങളിൽ മാത്രമായി വൈദ്യുതി നിയന്ത്രണം പരിമിതപ്പെടുത്തണമെന്നും അനാവശ്യമായ വൈദ്യുതി തടസങ്ങൾ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു.