കൊച്ചി: മഹാരാജാസ് കോളജ് വിദ്യാര്‍ഥിയായിരുന്ന അഭിമന്യു കൊല്ലപ്പെട്ട കേസില്‍ പ്രതിഭാഗം ആവശ്യപ്പെട്ട രേഖകള്‍ പ്രോസിക്യൂഷന് കോടതിയില്‍വച്ച് കൈമാറി. പ്രതിഭാഗം ആവശ്യപ്പെട്ട 209 എണ്ണത്തില്‍ 112 രേഖകളാണു പ്രോസിക്യൂഷന് കോടതിയില്‍ സമര്‍പ്പിച്ചത്.
രേഖകള്‍ പരിശോധിക്കാന്‍ തിങ്കളാഴ്ചവരെ സമയം അനുവദിക്കണമെന്ന ആവശ്യം പ്രതിഭാഗം ഉന്നയിച്ചെങ്കിലും കോടതി അനുവദിച്ചില്ല. ലഭിച്ച രേഖകളുടെ പരിശോധന ഇന്നലെത്തന്നെ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിക്കുകയും ഉച്ചയ്ക്കുശേഷം കേസ് പരിഗണിക്കാന്‍ മാറ്റുകയും ചെയ്തു. കോടതി നിര്‍ദേശപ്രകാരമാണു രേഖകള്‍ കൈമാറിയത്. ഉച്ചകഴിഞ്ഞ് മൂന്നിനുശേഷം കേസ് വീണ്ടും പരിഗണിച്ചപ്പോള്‍ രേഖകള്‍ പരിശോധിക്കാന്‍ കഴിഞ്ഞില്ലെന്ന് പ്രതിഭാഗം പറഞ്ഞു.
കോടതി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ രേഖകള്‍ പരിശോധിക്കുന്നതിന് കാത്തിരുന്നെങ്കിലും ആരുമെത്തിയില്ലെന്ന് പ്രോസിക്യൂഷനും വ്യക്തമാക്കി. കേസ് നീട്ടിക്കൊണ്ടുപോകുന്നതിനുള്ള ശ്രമമാണു പ്രതിഭാഗം നടത്തുന്നതെന്ന് പ്രോസിക്യൂഷന് വിമര്‍ശിച്ചു. തുടര്‍ന്ന് കേസ് നാളെ പരിഗണിക്കാനായി മാറ്റി.