തിരുവനന്തപുരം: ഫുട്ബോൾ ഇതിഹാസം ലയണൽ മെസി കേരളത്തിൽ വരുമെന്ന പേരിലെ ജിഎസ്ടി വെട്ടിപ്പിൽ എങ്ങുമെത്താതെ അന്വേഷണം. നികുതി ഈടാക്കുന്നത് വൈകിച്ചതിൽ ഉദ്യോഗസ്ഥർക്കെതിരേ അച്ചടക്ക നടപടി വേണമെന്ന പ്രത്യേക അന്വേഷണസംഘത്തിന്റെ ശിപാർശയിൽ രണ്ടു മാസമായിട്ടും സർക്കാർ തീരുമാനമെടുത്തിട്ടില്ല.
കോഴിക്കോട്, കാഞ്ഞങ്ങാട് യൂണിറ്റുകളിലെ ഉദ്യോഗസ്ഥർ ന്യായീകരിക്കാനാകാത്ത വീഴ്ച വരുത്തിയെന്നും വകുപ്പുതല നടപടി വേണമെന്നുമായിരുന്നു സെപ്റ്റംബറിലെ ശിപാർശ.
റിപ്പോർട്ടർ കമ്പനിക്ക് അനുകൂലമായി എട്ടു മാസത്തോളം നടപടികൾ നിർത്തിവയ്ക്കാൻ, തിരുവനന്തപുരത്തെ ഇന്റലിജൻസ് വിഭാഗം ഡെപ്യൂട്ടി കമ്മീഷണർ നിർദേശം നൽകിയത് അന്വേഷിക്കാനും ശിപാർശയുണ്ടായിരുന്നു. എന്നാൽ, ഉന്നത ഉദ്യോഗസ്ഥരുടെ പങ്കും ബാഹ്യ ഇടപെടൽ ഉണ്ടായോ എന്നതും അന്വേഷിക്കുന്നതിലും തീരുമാനമാനമായിട്ടില്ല.
സ്വകാര്യ കമ്പനികൾക്ക് സാമ്പത്തിക ലാഭമുണ്ടാക്കാൻ സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തു എന്ന ആരോപണം ഈ കേസിൽ ശക്തമാണ്.
മുൻ കായികമന്ത്രി വി. അബ്ദുറഹിമാൻ തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതായി പ്രത്യേക അന്വേഷണസംഘം വിലയിരുത്തിയിരുന്നു. അബ്ദുറഹിമാനെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താൻ അനുമതി തേടിയുള്ള ഫയലുകളിൽ ഗവർണറുടെ അന്തിമ തീരുമാനം വൈകുന്നതിനാൽ ഈ ഭാഗത്തെ അന്വേഷണം നിലവിൽ പ്രതിസന്ധിയിലാണ്.
മെസിയെ കൊണ്ടുവന്നു കളിപ്പിക്കാൻ വേണ്ടിയാണ് കൊച്ചി അന്താരാഷ്ട്ര സ്റ്റേഡിയം നവീകരണതട്ടിപ്പ് നടന്നത്. ഏകദേശം 60 കോടി രൂപ പെരുപ്പിച്ചു കാണിച്ചതായി ജിസിഡിഎയുടെ ആഭ്യന്തര റിപ്പോര്‍ട്ടിലുണ്ട്.