National
ന്യൂഡൽഹി: കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ കൊലപ്പെടുത്തിയ പ്രതി പിടിയിൽ. ഡൽഹി സുൽത്താൻപുരിയിലാണ് സംഭവം നടന്നത്. ശനിയാഴ്ച ഉച്ചയോടെ പി-ബ്ലോക്കിലെ ഒരു വീട്ടിൽ വഴക്ക് നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തുകയായിരുന്നു.
സംഭവ സ്ഥലത്തെത്തിയ പോലീസ് കിടക്കയിൽ ചലനമറ്റ നിലയിൽ കിടന്നിരുന്ന യുവതിയെ കണ്ടെത്തുകയായിരുന്നു. സമീപത്തായി യുവതിയുടെ ഭർത്താവ് അനിലിനെ മദ്യപിച്ച നിലയിലും പോലീസ് കണ്ടെത്തി.
യുവതിയ ഉടൻതന്നെ മംഗോൾപുരിയിലെ സഞ്ജയ് ഗാന്ധി മെമ്മോറിയൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വീട്ടിലുണ്ടായിരുന്ന 10 ഉം 13ഉം വയസുള്ള മക്കൾ നൽകിയ മൊഴിയിലാണ് വഴക്കിന് പിന്നാലെ പിതാവ് അമ്മയെ കൊലപ്പെടുത്തിയെന്നാണ് വ്യക്തമായത്.
അനിൽ ഭാര്യയുടെ കഴുത്തിൽ സ്കാർഫ് കെട്ടി മുറുക്കി കൊലപ്പെടുത്തിയെന്നാണ് കുട്ടികൾ നൽകിയ മൊഴി. തുടർന്ന് ഡ്രൈവറായി ജോലി ചെയ്യുന്ന അനിലിനെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ കൂടുതൽ അന്വേഷണം ആരംഭിച്ചതായും പോലീസ് വ്യക്തമാക്കി.
National
ന്യൂഡൽഹി: കേന്ദ്ര പ്രതിരോധമന്ത്രാലയം പ്രസിദ്ധീകരിക്കാൻ അനുമതി നൽകാത്ത മുൻ കരസേന മേധാവി എം.എം. നരവനെയുടെ പുസ്തകം അനധികൃതമായി ആഗോളവിപണിയുടെ ഡിജിറ്റൽ മാർക്കറ്റിലെത്തിയെന്നു ഡൽഹി പോലീസ് വൃത്തങ്ങൾ.
പുസ്തകം ചോർന്നതിൽ ഡൽഹി പോലീസിന്റെ സ്പെഷൽ സെൽ അന്താരാഷ്ട്ര തലത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേന്ദ്ര പ്രതിരോധമന്ത്രാലയത്തിന്റെ പ്രസിദ്ധീകരണാനുമതി മറികടന്ന് പുസ്തകം ചോർത്താൻ സംഘടിതമായ ശ്രമങ്ങൾ നടന്നിട്ടുണ്ടെന്നാണ് അധികൃതരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
നരവനെയുടെ പുസ്തകത്തിന്റെ പകർപ്പവകാശമുള്ള പ്രസാധകരായ പെൻഗ്വിൻ ഇന്ത്യ തങ്ങൾ പുസ്തകം പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് കഴിഞ്ഞദിവസം അവകാശപ്പെട്ടതിനു പിന്നാലെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പാർലമെന്റിൽ ഉയർത്തിക്കാട്ടിയ പുസ്തകം അദ്ദേഹത്തിന് എവിടെനിന്നു ലഭിച്ചുവെന്നതിൽ ചോദ്യമുയർന്നിരുന്നു. എന്നാൽ, പുസ്തകം ആമസോണിൽ ലഭ്യമായിരുന്നുവെന്നും വിദേശത്തു പ്രസിദ്ധീകരിച്ചിരുന്നുവെന്നുമാണ് കോണ്‍ഗ്രസ് ഇതിനു മറുപടി നൽകിയത്.
പുസ്തകത്തിന്റെ അനധികൃത പകർപ്പുകൾ പ്രചരിച്ചതിൽ കേസെടുത്ത് അന്വേഷണം നടത്തുന്ന ഡൽഹി പോലീസ് കഴിഞ്ഞ ദിവസം പെൻഗ്വിൻ ഇന്ത്യക്ക് നോട്ടീസ് നൽകുകയും കന്പനിയിലുള്ളവരെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. പുസ്തകത്തിന്റെ ലീക്കായ പതിപ്പുകളിൽ കാണപ്പെട്ട 13 അക്ക ഐഎസ്ബിഎൻ (ഇന്റർനാഷണൽ സ്റ്റാൻഡേർഡ് ബുക്ക് നന്പർ) പോലീസ് സൂക്ഷ്മമായി വിലയിരുത്തുന്നുണ്ട്.
വാണിജ്യ പ്രസിദ്ധീകരണത്തിനും വിതരണത്തിനും നിർബന്ധിതമായ ഐഎസ്ബിഎൻ എന്ന സവിശേഷ നന്പർ പുസ്തകത്തിന്റെ കരട് പതിപ്പല്ല ചോർന്നതെന്നും പ്രസിദ്ധീകരണത്തിനു തയാറായ പതിപ്പാണെന്നുമാണ് സൂചിപ്പിക്കുന്നത്.
National
ന്യൂഡൽഹി: ഡൽഹി അൽ ഫലാ യൂണിവേഴ്സിറ്റി ചെയർമാൻ ജാവദ് അഹമ്മദ് സിദ്ദിഖിയെ ഫണ്ട് തിരിമറി കേസിൽ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു.
ഡൽഹി ചെങ്കോട്ടയ്ക്കു സമീപമുണ്ടായ ചാവേർ സ്ഫോടനത്തിനു പിന്നാലെ എൻഫോഴ്സ്മെന്റ് ഡയറക്ടറ്റേറ്റ് യൂണിവേഴ്സിറ്റിക്കെതിരേ നടപടി തുടങ്ങിയിരുന്നു.
ഇതിനിടെ യുജിസി നൽകിയ പരാതിയിൽ രണ്ട് കേസുകളാണ് സിദ്ദിഖിക്കെതിരേ ഡൽഹി പോലീസ് രജിസ്റ്റർ ചെയ്തത്. കോടതിയിൽ ഹാജരാക്കിയ സിദ്ദിഖിയെ നാലു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു.
National
ന്യൂഡൽഹി: ഈ വർഷത്തെ ആദ്യ 15 ദിവസങ്ങളിൽ രാജ്യതലസ്ഥാനത്ത് എണ്ണൂറില ധികം പേരെ കാണാതായെന്ന് ഡൽഹി പോലീസിന്റെ ഔദ്യോഗിക കണക്ക്.
ജനുവരി ഒന്നുമുതൽ 15 വരെ 807 പേരെ കാണാതായ കേസുകളുണ്ടെന്നും ഇതിൽ 509 പേരും സ്ത്രീകളും പെണ്‍കുട്ടികളുമാണെന്നും പോലീസ് കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യതലസ്ഥാനത്തെ പൗരസുരക്ഷയെപ്പറ്റി നിർണായക ചോദ്യങ്ങളുയർത്തുന്ന റിപ്പോർട്ടിൽ ആദ്യ രണ്ടാഴ്ച കാണാതായവരിൽ 191 പേർ പ്രായപൂർത്തിയാകാത്തവരാണെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്.
രാജ്യതലസ്ഥാനത്ത് പ്രതിദിനം ശരാശരി 54 പേരെ കാണാതാകുന്നുണ്ടെന്നു വ്യക്തമാക്കുന്ന റിപ്പോർട്ടിൽ ആദ്യ രണ്ടാഴ്ച രേഖപ്പെടുത്തിയ 807 തിരോധാന കേസുകളിൽ 298 എണ്ണം പുരുഷന്മാരുടേതാണ്. കാണാതായവരിൽ 235 പേരെ കണ്ടെത്തിയിട്ടുണ്ടെങ്കിലും 572 പേരെക്കുറിച്ച് ഇനിയും വിവരമില്ലെന്ന് പോലീസ് രേഖകൾ വ്യക്തമാക്കുന്നു.
കാണാതായ 191 പ്രായപൂർത്തിയാകാത്തവരിൽ 146 പേർ പെണ്‍കുട്ടികളും 45 പേർ ആണ്‍കുട്ടികളുമാണ്. കാണാതായ കൗമാരക്കാരുടെ കേസിലെ 71 ശതമാനം ഇപ്പോഴും തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് പോലീസ് ഡാറ്റ ചൂണ്ടിക്കാട്ടുന്നു.
ഡൽഹി പോലീസിന്റെ കണക്കനുസരിച്ച് കഴിഞ്ഞ പത്തു വർഷത്തിനിടെ 2,32,737 പേരെയാണു രാജ്യതലസ്ഥാനത്തുനിന്ന് കാണാതായത്. ഇതിൽ 1.8 ലക്ഷത്തിനടുത്ത് വ്യക്തികളെ കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ടെങ്കിലും 52,000ത്തിനടുത്ത് കേസുകൾ ഇപ്പോഴും തെളിയിക്കാൻ കഴിഞ്ഞിട്ടില്ല.
2016 മുതലുള്ള എല്ലാ വർഷവും ശരാശരി 5000ത്തിലധികം കൗമാരക്കാരെ കാണാതായെന്നും ഇതിൽ 3500നടുത്ത് കേസുകളിൽ പെണ്‍കുട്ടികളെയാണു കാണാതായതെന്നും കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.
കാണാതായവരുടെ സ്ഥിതി ട്രാക്ക് ചെയ്യുന്നതിനായി zipnet. delhipolice.gov.in എന്ന ഔദ്യോഗിക പോർട്ടൽ ഡൽഹി പോലീസ് വികസിപ്പിച്ചിട്ടുണ്ട്.
National
ന്യൂഡൽഹി: കിഴക്കൻ ഡൽഹിയിൽ ഡെലിവറി ജീവനക്കാരനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പ്രതികൾ പിടിയിൽ. പട്പർഗഞ്ച് സ്വദേശി അരുൺ രാജ് (22) ആണ് കൊല്ലപ്പെട്ടത്.
തിങ്കളാഴ്ച രാത്രി 8.15ഓടെ പാണ്ഡവ് നഗറിൽ ആയിരുന്നു സംഭവം. ബൈക്കിലെത്തിയ മൂന്നംഗ സംഘം അരുൺ രാജുമായി തർക്കത്തിലേർപ്പെടുകയും തുടർന്ന് മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കഴുത്തിലും നെഞ്ചിലും കുത്തിപരിക്കേൽപ്പിക്കുകയുമായിരുന്നു.
പിന്നാലെ സംഭവ സ്ഥലത്ത് നിന്ന് പ്രതികൾ രക്ഷപ്പെട്ടിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് അരുൺ രാജിനെ പരിക്കേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ലാൽ ബഹദൂർ ശാസ്ത്രി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തുടർന്ന് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസ് പ്രതികളെ പിടികൂടിയത്. എന്നാൽ കൊലപാതകത്തിലേക്ക് നയിച്ച കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
Kerala
കയ്പമംഗലം: ഡൽഹി പോലീസ് ചമഞ്ഞ് ശ്രീനാരായണപുരം സ്വദേശിയിൽനിന്ന് 12 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റിൽ. വയനാട് കൽപ്പറ്റ സ്വദേശി ഷെബീന മൻസിലിൽ മുഹമ്മദ് ഷബാബി (25)നെയാണ് അന്വേഷണസംഘം കൽപ്പറ്റയിൽനിന്ന് അറസ്റ്റ് ചെയ്തത്.
2025 ഏപ്രിൽ ഏഴിനു ശ്രീനാരായണപുരം സ്വദേശിയെ പോലീസ് യൂണിഫോമിൽ വീഡിയോ കോൾ ചെയ്ത് ഡൽഹി ക്രൈം ഡിപ്പാർട്ട്മെന്റിൽനിന്നാണെന്നും പരാതിക്കാരന്റെ ആധാർകാർഡ് ഉപയോഗിച്ച് ഒരാൾ ഒരു കോടിയിലധികം രൂപ ലോണ്‍ എടുത്തുമുങ്ങിയെന്നും പരാതിക്കാരനെ ഡൽഹി പോലീസ് ഉടൻ അറസ്റ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തുകയായിരുന്നു.
പരാതിക്കാരന്റെ ബാങ്ക് അക്കൗണ്ടിലുള്ള പണം വെരിഫൈ ചെയ്യുന്നതിനായി നോട്ടറി ഡിപ്പാർട്ട്മെന്റിന്റെ അക്കൗണ്ടിലേക്കാണെന്നുപറഞ്ഞ് മൂന്നു തവണകളായി ആകെ 12,25,000 രൂപ അയപ്പിച്ചു. ഈ പണം അടുത്തദിവസം അക്കൗണ്ടിൽ തിരിച്ചുവരുമെന്നാണു പറഞ്ഞിരുന്നത്. പണം നഷ്ടമായതോടെ തട്ടിപ്പാണെന്നു മനസിലാക്കി പോലീസിൽ പരാതിപ്പെടുകയായിരുന്നു.
തട്ടിപ്പുനടത്തിയ പണം കൈമാറ്റം ചെയ്യുന്നതിനായി ബാങ്ക് അക്കൗണ്ട് ഉള്ളയാളുകളെ പരിചയപ്പെടുത്തിക്കൊടുത്ത് കമ്മീഷൻ കൈപ്പറ്റിയതിനാണു മുഹമ്മദ് ഷബാബിനെ അറസ്റ്റ് ചെയ്തത്. ഈ കേസിലെ മറ്റൊരു പ്രതിയായ സുൽത്താൻ ബത്തേരി മൈതാനിക്കുന്ന് മച്ചിങ്ങാത്തൊടിയിൽ മുഹമ്മദ് ഫസൽ (23) നേരത്തേ റിമാൻഡിലായിരുന്നു.
റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ മതിലകം പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ വിമോദ്, എസ്ഐ വിശാഖ്, ഗ്രേഡ് എഎസ്ഐ വഹാബ്, ഗ്രേഡ് സീനിയർ സിപിഒ ഷനിൽ, സിപിഒ മുഹമ്മദ് ഷൻസിൽ എന്നിവരാണു പ്രതിയെ പിടികൂടിയ അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
National
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തു റിപ്പബ്ലിക് ദിന ആഘോഷങ്ങളിലെ സുരക്ഷ വർധിപ്പിക്കാൻ നിർമിതബുദ്ധിയിൽ അധിഷ്ഠിതമായ സ്മാർട്ട് ഗ്ലാസുകൾ ആദ്യമായി വിന്യസിക്കാൻ ഡൽഹി പോലീസ്.
കണ്ണിൽ വച്ചുകഴിഞ്ഞാൽ സംശയാസ്പദമായ ആളുകളെ ആൾക്കൂട്ടത്തിനിടയിൽനിന്നു കണ്ടെത്താൻ കഴിയുന്നതാണ് സ്മാർട്ട് ഗ്ലാസുകൾ. മുഖം തിരിച്ചറിയുന്ന ഒരു സോഫ്റ്റ്വേറും തെർമൽ ഇമേജിംഗ് സാങ്കേതികവിദ്യയും വഴിയാണ് സ്ഥിരം കുറ്റവാളികളായ ആളുകളെ ആൾക്കൂട്ടത്തിനിടയിൽനിന്നു കണ്ടെത്താൻ സ്മാർട്ട് ഗ്ലാസുകൾ പോലീസിനെ സഹായിക്കുന്നത്.
ഒരു ഇന്ത്യൻ കന്പനി രൂപകല്പന ചെയ്ത ഈ ഗ്ലാസുകൾ പ്രഖ്യാപിത കുറ്റവാളികളുടെയും സംശയാസ്പദമായ കുറ്റവാളികളുടെയും രേഖകളടങ്ങുന്ന പോലീസിന്റെ ഡാറ്റാബേസുമായി ബന്ധിപ്പിക്കപ്പെട്ടവയാണ്.
ഫീൽഡിൽ വിന്യസിച്ചിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ മൊബൈൽ ഫോണുകളുമായി കണ്ണടകളെ ബന്ധിപ്പിച്ചിട്ടുണ്ട്. ഒരാളെ സ്കാൻ ചെയ്യുന്പോൾ അവരുടെ മുഖം പോലീസ് ഡാറ്റാബേസുമായി താരതമ്യം ചെയ്താണ് ഉപകരണം കുറ്റവാളികളെ കണ്ടെത്തുക.
ക്രിമിനൽ പശ്ചാത്തലമുള്ള ഒരാളുടെ മുഖവുമായുള്ള പൊരുത്തം 60 ശതമാനത്തിനു മുകളിലാണെങ്കിൽ സിസ്റ്റം ചുവപ്പ് സിഗ്നലിലൂടെ പോലീസിന് മുന്നറിയിപ്പ് നൽകും. ക്രിമിനൽ പശ്ചാത്തലമില്ലാത്ത ആളാണെങ്കിൽ പച്ച നിറത്തിലായിരിക്കും സിഗ്നൽ.
National
ന്യൂഡൽഹി: തുർക്ക്മാൻ ഗേറ്റിലെ മസ്ജിദിനു സമീപമുള്ള കൈയേറ്റങ്ങൾ പൊളിക്കുന്നതിനിടെ പോലീസുകാർക്കുനേരേ കല്ലെറിഞ്ഞ കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ.
മുഹമ്മദ് ഇമ്രൻ, അദ്നൻ എന്നിവരാണ് പിടിയിലായത്. ഇതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 20 ആയി.
അതേസമയം, കേസിൽ നേരത്തെ അറസ്റ്റിലായ അഞ്ച് പ്രതികളുടെ മാറ്റിവച്ച ജാമ്യാപേക്ഷയിൽ ഇന്ന് വൈകുന്നേരം നാലിന് കോടതി വിധി പറയും. ജനുവരി ഏഴിന് നടന്ന സംഭവത്തിൽ 25 ഓളം പോലീസുകാർക്ക് പരിക്കേറ്റിരുന്നു.
National
ന്യൂഡൽഹി: ഓണ്‍ലൈൻ, ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ അടക്കം നൂറു കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയ അന്താരാഷ്ട്ര സൈബർ ക്രൈം സംഘം ഡൽഹിയിൽ പോലീസ് പിടിയിലായി.
ഭീകരവിരുദ്ധ നിയമപാലകരായി വേഷം മാറി ഇന്ത്യക്കാരിൽനിന്നു കോടികൾ വെട്ടിച്ച സംഘത്തിന്റെ ഓപ്പറേഷൻ ഏകോപിപ്പിച്ച തായ്വാൻ പൗരനടക്കം ഏഴു പേരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു.
കേരളവും തമിഴ്നാടും ഉൾപ്പെടെ തട്ടിപ്പ് നടത്തിയ സംഘത്തിൽനിന്നു വിദേശ സിം കാർഡുകൾ അടക്കം 120 മൊബൈൽ സിം കാർഡുകൾ, 22 സിം ബോക്സ് ഉപകരണങ്ങൾ, മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ, റൂട്ടറുകൾ, സിസിടിവി കാമറകൾ, പാസ്പോർട്ടുകൾ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. 5,000ത്തിലധികം കോംപൈൽഡ് ഐഎംഇഐ നന്പറുകളും 20,000 സിം കാർഡുകളും തട്ടിപ്പിനുള്ള മൊഡ്യൂളുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. തായ്വാൻ, ചൈന, നേപ്പാൾ, കംബോഡിയ, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽ സംഘത്തിനു ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തി.
തട്ടിപ്പ് സിൻഡിക്കറ്റിന്റെ പ്രധാന സാങ്കേതിക ഓപ്പറേറ്ററായ തായ്വാൻ പൗരനായ ഐ സുംഗ് ചെന്നിനെ (30) പിടികൂടിയതോടെയാണ് അന്താരാഷ്ട്ര തട്ടിപ്പുസംഘത്തിന്റെ ചുരുളുകളഴിഞ്ഞത്. ഡിസംബർ 21ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തുടർന്നു നടത്തിയ അന്വേഷണത്തിൽ ഡൽഹിയിലെ ഗോയ്ല ഡയറിയിൽ ആദ്യ ഫിസിക്കൽ സിം ബോക്സ് സജ്ജീകരണം കണ്ടെത്തി.
ഡൽഹിയിലെ ഒന്നിലധികം സ്ഥലങ്ങളിൽ നടത്തിയ റെയ്ഡുകളിൽ പ്രാദേശിക ഓപ്പറേറ്റർമാരായ ശശി പ്രസാദ് (53), പർവീന്ദർ സിംഗ് (38) എന്നിവരെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. ഉപകരണങ്ങൾ സൂക്ഷിക്കാൻ ശശി പ്രസാദ് മുറി വാടകയ്ക്കെടുത്തിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണു പർമീന്ദർ സിംഗിലേക്ക് പോലീസ് എത്തിയത്. ശശി, പർമിന്ദർ, ചെൻ എന്നിവരെ കൂടാതെ, സിവിൽ എൻജിനിയറിംഗ് ഡിപ്ലോമയുള്ള സരബ്ജിത് സിംഗ്, ജസ്പ്രീത് കൗർ, ദിനേശ്, അബ്ദുൾ സലാഹ് എന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. തുടർന്നുള്ള റെയ്ഡുകളിൽ മുംബൈ, മൊഹാലി, കോയന്പത്തൂർ എന്നിവിടങ്ങളിലെ സിം ബോക്സ് മൊഡ്യൂളുകൾ തകർത്തു.
ഡൽഹിയിലെ നിഹാൽ വിഹാറിൽനിന്നും നരേലയിൽനിന്നും സമാന ഉപകരണങ്ങൾ തമിഴ്നാട് പോലീസ് കണ്ടെടുത്തിരുന്നു. ഒന്നിലധികം ഫിസിക്കൽ സിമ്മുകളോ ഇ-സിമ്മുകളോ വിദൂരമായി പ്രവർത്തിപ്പിക്കാൻ അനുവദിക്കുന്ന ഒരു ഉപകരണമാണ് സിം ബോക്സ്, സൈബർ തട്ടിപ്പിന്റെ പ്രാരംഭഘട്ടങ്ങളിൽ കോളുകളുടെ ഉത്ഭവം മറയ്ക്കാൻ ഇതു സാധാരണയായി ഉപയോഗിക്കുന്നു. പ്രതികളിൽ പലരും മുന്‍പ് കംബോഡിയ ആസ്ഥാനമായുള്ള അഴിമതികേന്ദ്രങ്ങളിൽ ജോലി ചെയ്തിട്ടുണ്ടെന്നും പാക്കിസ്ഥാൻ ആസ്ഥാനമായുള്ള ഒരു ഹാൻഡ്ലർ റിക്രൂട്ട് ചെയ്ത് ധനസഹായം നൽകിയിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
നേപ്പാൾ ആസ്ഥാനമായുള്ള ഒരു വിഭാഗം വിദൂരനിയന്ത്രിത പ്രവർത്തനങ്ങൾ നടത്തിയതായും സംശയിക്കുന്നു. ഡിജിറ്റൽ അറസ്റ്റ് ഇല്ലെന്നും തട്ടിപ്പാണെന്നും മനസിലാക്കാതെയാണ് ഇരകളിൽ പലരും തട്ടിപ്പുകാർക്ക് വൻ തുക കൈമാറിയത്. തീവ്രവാദ വിരുദ്ധ സ് ക്വാഡിലെയും മറ്റു സുരക്ഷാ ഏജൻസികളിലെയും ഉദ്യോഗസ്ഥർ ചമഞ്ഞാണു തട്ടിപ്പ് നടത്തിയതെന്ന് പോലീസ് വിശദീകരിച്ചു.
പഹൽഗാം ആക്രമണം, ഡൽഹി സ്ഫോടനങ്ങൾ തുടങ്ങിയ ഭീകരാക്രണങ്ങളുമായി ബന്ധമുണ്ടെന്ന് വ്യാജമായി ആരോപിച്ചായിരുന്നു നിരപരാധികളെ കുടുക്കിയത്. ഇരകൾക്കെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുമെന്നും പറഞ്ഞിരുന്നു. പലരെയും ഇല്ലാത്ത ഡിജിറ്റൽ അറസ്റ്റിലാക്കി. പണം കൈമാറിയാൽ വിട്ടയയ്ക്കാമെന്ന ഓഫറിൽ പലരും വൻതുക പലപ്പോഴായി കൈമാറിയെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ഇന്റലിജൻസ് ഫ്യൂഷൻ ആൻഡ് സ്ട്രാറ്റജിക് ഓപ്പറേഷൻസ്) വിനീത് കുമാർ പറഞ്ഞു.
അനധികൃത സിം ബോക്സ് ഇൻസ്റ്റലേഷനുകൾ ഉപയോഗിച്ച് വിദേശത്തുനിന്നു നടത്തിയ കോളുകളെ ആഭ്യന്തര ഇന്ത്യൻ നന്പറുകളായി ദൃശ്യമാകുന്ന തരത്തിലായിരുന്നു തട്ടിപ്പ്. ഇന്റർനാഷണൽ മൊബൈൽ എക്യുപ്മെന്റ് ഐഡന്റിറ്റി (ഐഎംഇഐ) നന്പറുകൾ ഓവർറൈറ്റ് ചെയ്ത്തിരിക്കുകയായിരുന്നു.
കള്ളപ്പണം വെളുപ്പിക്കൽ വഴികൾ, ക്രിപ്റ്റോ കറൻസി ഇടപാടുകൾ എന്നിവയടക്കം കണ്ടെത്തുന്നതിന് അന്വേഷണം തുടരുകയാണ്. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്), ഐടി, ടെലികമ്യൂണിക്കേഷൻസ് നിയമങ്ങൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
National
ന്യൂഡൽഹി: ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ മർദിച്ച പൈലറ്റിനെ അറസ്റ്റ് ചെയ്തതായി പോലീസ്.
എയർ ഇന്ത്യ എക്സ്പ്രസ് ക്യാപ്റ്റൻ വീരേന്ദ്ര സെജ്വാളിനെയാണ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്ത ഇയാളെ അറസ്റ്റ് ചെയ്തതിനുശേഷം പിന്നീട് ജാമ്യത്തിൽ വിട്ടയച്ചതായും ഡൽഹി പോലീസ് അറിയിച്ചു.
National
ന്യൂഡൽഹി: സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ മൂന്ന് ആം ആദ്മി പാർട്ടി നേതാക്കൾക്കെതിരെ കേസെടുത്ത് പോലീസ്. ഡൽഹി പോലീസ് ആണ് പരാതിയിൽ കേസെടുത്തിരിക്കുന്നത്.
സൗരഭ് ഭരദ്വാജ്, സഞ്ജീവ് ജാ, ആദിൽ അഹമ്മദ് ഖാൻ എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്തത്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിലൂടെ സാന്താ ക്ലോസിനെ അവഹേളിച്ചുവെന്ന് കാട്ടിയാണ് പരാതി.
ഡിസംബർ 17, 18 തീയതികളിൽ നടത്തിയ സ്കിറ്റിന്റെ വീഡിയോകളാണ് നേതാക്കൾ പോസ്റ്റ് ചെയ്തത്. സാന്താ ക്ലോസിനെ രാഷ്ട്രീയ ഉപകരണമായി മാറ്റിയെന്നാണ് പരാതിയിൽ പറയുന്നത്.
National
ന്യൂഡൽഹി: 2001 ലെ പാർലമെന്റ് ആക്രമണത്തിൽ മരിച്ചവർക്ക് ആദരാഞ്ജലിയർപ്പിച്ച് രാജ്യം. ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ, പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവരോടൊപ്പം പാർലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു, കോണ്‍ഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി എന്നിവരും കേന്ദ്രമന്ത്രിമാരും എംപിമാരും പഴയ പാർലമെന്റ് മന്ദിരത്തിനു പുറത്ത് നടന്ന ചടങ്ങിൽ രക്തസാക്ഷികൾക്ക് ആദരാഞ്ജലി അർപ്പിച്ചു.
പാർലമെന്റിനെ സംരക്ഷിക്കാനുള്ള ദൗത്യത്തിനിടെ ജീവത്യാഗം ചെയ്ത ധീരഭടന്മാർക്ക് അഭിവാദ്യമർപ്പിക്കുന്നുവെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു എക്സിൽ കുറിച്ചു. എല്ലാ രൂപത്തിലുമുള്ള ഭീകരപ്രവർത്തനങ്ങളെ ചെറുത്തുതോൽപ്പിക്കാനുള്ള രാജ്യത്തിന്റെ പ്രതിബദ്ധത ആവർത്തിക്കുന്നുവെന്നും രാഷ്ട്രപതി വ്യക്തമാക്കി.
രാജ്യത്തെ ഞെട്ടിച്ച ദിനം
2001 ഡിസംബര്‍ 13ന് ഉച്ചയ്ക്ക് 11.40 ഓടെയായിരുന്നു രാജ്യത്തെ നടുക്കി പാർലമെന്റിനുനേരേ ഭീകരാക്രമണമുണ്ടായത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ വ്യാജ സ്റ്റിക്കര്‍ പതിച്ച അംബാസഡര്‍ കാറിലെത്തിയ ജയ്ഷ് ഇ മുഹമ്മദ്, ലഷ്കർ ഇ ത്വയിബ എന്നീ സംഘടനകളിലെ അഞ്ചു ഭീകരരാണ് രാജ്യത്തിന്റെ ഭരണസിരാകേന്ദ്രമായ പാര്‍ലമെന്റിനുനേരേ ആക്രമണം നടത്തിയത്.
പാര്‍ലമെന്റ് വളപ്പില്‍ പ്രവേശിക്കാനായെങ്കിലും പാർലമെന്റ് മന്ദിരത്തിനുള്ളിലേക്ക് കടക്കുംമുന്‍പ് അഞ്ചു ഭീകരരെയും സുരക്ഷാചുമതലയിലുണ്ടായിരുന്നവര്‍ വെടിവച്ചുകൊന്നു. പ്രത്യാക്രമണത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുൾപ്പെടെ ഒന്‍പതുപേർക്ക് ജീവൻ നഷ്ടമായി.
ഡല്‍ഹി പോലീസിലെ ആറുപേരും പാര്‍ലമെന്റ് വാച്ച് ആന്‍ഡ് വാര്‍ഡിലെ രണ്ടുപേരും ഒരു ഗാർഡനറുമാണ് കൊല്ലപ്പെട്ടത്. 15 ലേറെ പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. പാര്‍ലമെന്റില്‍ ശീതകാല സമ്മേളനം പുരോഗമിക്കവെയായിരുന്നു ഭീകരാക്രമണം.
National
ന്യൂഡൽഹി: വടക്കൻ ഡൽഹിയിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. കഴിഞ്ഞ ദിവസം രാവിലെ ഷാംനാഥ് മാർഗിന് സമീപത്തായിരുന്നു അപകടം. യാത്രക്കാരുമായി പോയ ബസിലാണ് തീപിടുത്തമുണ്ടായത്.
ബസ് ജീവനക്കാർ തീ പടരുന്നത് കണ്ട് ഉടൻ തന്നെ യാത്രക്കാരെ പുറത്തിറക്കിയതിനാൽ ആളപായം ഒഴിവായി. ഐഎഎസ്ബിടിയിലേക്ക് പോകുന്ന സമയത്താണ് ബസിന് തീപിടിച്ചതെന്നും ഉടൻ വാഹനം നിർത്തി യാത്രക്കാരെ പുറത്തിറക്കിയെന്നും ഡ്രൈവർ പോലീസിനോട് പറഞ്ഞു.
മൂന്ന് ഫയർ ഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീ കെടുത്തിയത്. സംഭവത്തിൽ അട്ടിമറിയില്ലെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ തീപിടുത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല.
National
ഹൈദരാബാദ്: ഡൽഹിയിലെ വിവിധകേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡിൽ ലഹരിമരുന്ന് ഇടപാടുകളുമായി ബന്ധമുള്ള അന്‍പത് നൈജീരിയക്കാരെ പിടികൂടിയതായി തെലുങ്കാനയിലെ ലഹരിവിരുദ്ധസേനാ വിഭാഗമായ ഈഗിൾ ഫോഴ്സ്.
സ്ത്രീകൾ ഉൾപ്പെടെ സംഘത്തിൽനിന്ന് 3.5 കോടി രൂപ വരുന്ന ലഹരിമരുന്നും പിടികൂടി. നർക്കോട്ടിക് കൺട്രോൾ ബ്യൂറോയും ഡൽഹി പോലീസിന്റെ ക്രൈംബ്രാഞ്ചും നോയിഡ പോലീസും ചേർന്നുള്ള തെരച്ചിലിലൂടെയാണ് സംഘം വലയിലായത്. വിവിധ സംസ്ഥാനങ്ങളിൽ ലഹരി എത്തിക്കുന്നതിൽ സുപ്രധാനപങ്ക് വഹിച്ചിരുന്നവരാണ് പിടിയിലായത്.
ഡൽഹിയിൽ 20 സ്ഥലങ്ങളിൽ നടത്തിയ പരിശോധയിൽ പിടിയിലായ ഇവരിൽ ഭൂരിഭാഗവും മതിയായ രേഖകളില്ലാതെ രാജ്യത്ത് തങ്ങുന്നവരായിരുന്നു. നോയിഡ, ഗ്വാളിയർ, വിശാഖപട്ടണം എന്നിവിടങ്ങളിലെല്ലാം സംഘം ലഹരി എത്തിച്ചിരുന്നു.
5340 ലഹരിഗുളികകൾ, 250 ഗ്രാം കൊക്കെയ്ൻ, 109 ഗ്രാം ഹിറോയിൻ, 250 ഗ്രാം മെത്താംഫൈറ്റാമിൻ എന്നിവ ഇവരിൽനിന്ന് പിടിച്ചെടുത്തു. കുറ്റകൃത്യങ്ങളിലെ പണം കൈമാറാനുള്ള 59 മ്യൂൾ അക്കൗണ്ടുകൾ കണ്ടെത്തി. സംഘവുമായി ബന്ധമുള്ള 107 ബാങ്ക് അക്കൗണ്ടുവുകൾ മരവിപ്പിക്കുകയും ചെയ്തവെന്ന് ഈഗിൾഫോഴ്സ് അറിയിച്ചു.
National
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ആയുധക്കടത്ത് സംഘം പിടിയിൽ. രണ്ട് പഞ്ചാബ് സ്വദേശികൾ ഉൾപ്പെടെ നാല് പേരെയാണ് ഡൽഹി ക്രൈംബ്രാഞ്ച് പിടികൂടിയത്.
സംഘത്തിന് പാക്കിസ്ഥാൻ ഐഎസ്ഐയുമായി ബന്ധമുണ്ടെന്ന് പോലീസ് വ്യക്തമാക്കി. തുർക്കിയിലും ചൈനയിലും നിർമിച്ച ആയുധങ്ങൾ പാക്കിസ്ഥാൻ വഴി സംഘം ഇന്ത്യയിലേക്ക് വിതരണം ചെയ്തിരുന്നു.
ഡ്രോണുകൾ ഉപയോഗിച്ചാണ് പാക്കിസ്ഥാനിൽ നിന്ന് പഞ്ചാബിലേക്ക് ആയുധങ്ങൾ കടത്തിയിരുന്നത്. സംഘത്തിന്റെ പക്കൽ നിന്നും 10 തോക്കുകളും നിരവധി വെടിയുണ്ടകളും കണ്ടെടുത്തു. ഡൽഹിയിലെയും അയൽ സംസ്ഥാനങ്ങളിലെയും ഗുണ്ടാസംഘങ്ങൾക്ക് ഇവർ ആയുധങ്ങൾ വിതരണം ചെയ്തിരുന്നതായും പോലീസ് വ്യക്തമാക്കി.
National
ന്യൂഡൽഹി: ഡൽഹി കലാപാഹ്വാന കേസിൽ പ്രതികളുടെ ജാമ്യാപേക്ഷയിൽ കടുത്ത എതിർപ്പ് ഉന്നയിച്ച് ഡൽഹി പോലീസ്. കലാപാഹ്വാന കേസിൽ ഒരു മത വിഭാഗത്തെ പ്രകോപിപ്പിക്കാൻ നീക്കം നടത്തിയെന്നും ഡൽഹി പോലീസ് സുപ്രീം കോടതിയെ അറിയിച്ചു.
ഡൽഹി കലാപം കേന്ദ്ര ഭരണ മാറ്റം ലക്ഷ്യമിട്ട് ആയിരുന്നുവെന്ന് വാദിച്ച അഡീഷണൽ സോളിസിസ്റ്റർ ജനറൽ എസ്.വി. രാജു ചെങ്കോട്ട സ്ഫോടനവും പരാമർശിച്ചു. ബുദ്ധിജീവികൾ ഭീകരവാദികളായി എത്തുന്നതാണ് ചെങ്കോട്ടയിലും കാണാൻ സാധിച്ചതെന്ന് എഎസ്ജി കോടതിയിൽ വാദിച്ചു.
ഡോണൾഡ് ട്രംപിന്റെ ഇന്ത്യ സന്ദർശന വേളയിൽ അന്താരാഷ്ട്ര മാധ്യമങ്ങൾക്ക് കലാപം റിപ്പോർട്ട് ചെയ്യാൻ കഴിയുന്ന തരത്തിലായിരുന്നു ആസൂത്രണം. ഭരണത്തെ അസ്ഥിരപെടുത്തുക, സാമ്പത്തിക ഞെരുക്കം സൃഷ്ടിക്കുക എന്നിവയായിരുന്നു ഗൂഢാലോചനയുടെ ലക്ഷ്യമെന്നും ഡൽഹി പോലീസ് സുപ്രിം കോടതിയിൽ അറിയിച്ചു.
കഴിഞ്ഞ ദിവസം ഉമർ ഖാലിദിന്റെ ജാമ്യത്തെ ഡൽഹി പോലീസ് എതിർത്തിരുന്നു. ജാമ്യാപേക്ഷയിൽ പോലീസിന്റെ വാദം കേൾക്കുകയാണ് കോടതി. നാളെയും വാദം തുടരും.
National
ന്യൂഡൽഹി: ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനം നടത്തിയ ഭീകരർ ഒക്ടോബർ 7ന് ഹമാസ് ഇസ്രായേലിൽ നടത്തിയതിന് സമാനമായ ആക്രമണം രാജ്യ തലസ്ഥാനത്ത് പദ്ധതിയിട്ടിരുന്നതായി എൻഐഎ അന്വേഷണത്തിൽ കണ്ടെത്തി.
ഡ്രോണുകളും റോക്കറ്റുകളും ഉപയോഗിച്ചുള്ള ആക്രമണത്തിനായിരുന്നു പദ്ധതി. ചാവേർ ആക്രമണം നടത്തിയ ഉമർ ഉൻ നബിക്കൊപ്പം പ്രവർത്തിച്ച രണ്ടാമത്തെ ഭീകരനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് എൻഐഎ ഇക്കാര്യം വ്യക്തമാക്കിയത്.
ജാസിർ ബിലാൽ വാനി എന്ന ഡാനിഷിനെ ചോദ്യം ചെയ്തതിൽ നിന്നാണ് ഡ്രോൺ ആക്രമണങ്ങളെ കുറിച്ച് വിവരം ലഭിച്ചത്. ആയുധങ്ങളും ബോംബുകളും വഹിക്കാൻ ശേഷിയുള്ള തരത്തിലേക്ക് ഭീകരർക്ക് വേണ്ടി ഡ്രോണുകൾ ഇയാൾ പരിഷ്കരിക്കാൻ ശ്രമിച്ചിരുന്നു.
ഇതുകൂടാതെ റോക്കറ്റുകൾ നിർമ്മിക്കാൻ ശ്രമിച്ചതിനും എൻഐഎ തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. ഡാനിഷ് ആണ് ഭീകരർക്ക് ഇതിനായി സാങ്കേതിക സഹായം നൽകിയിരുന്നത്. ജമ്മുകശ്മീർ സ്വദേശിയായ ഡാനിഷിനെ ശ്രീനഗറിൽ നിന്നാണ് പിടികൂടിയത്.
National
ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ സ്ഫോടനത്തിന് പിന്നാലെ അടച്ച ചെങ്കോട്ട സന്ദർശകർക്കായി ഇന്ന് തുറക്കും. ചെങ്കോട്ടയ്ക്ക് മുന്നിലെ റോഡ് ശനിയാഴ്ച പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തിരുന്നു.
സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷ ക്രമീകരണങ്ങളാണ് ചെങ്കോട്ടയിൽ ഒരുക്കിയിരിക്കുന്നതെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ അറിയിച്ചു. റെഡ് ഫോർട്ട് മെട്രോ സ്റ്റേഷൻ ഭാഗികമായി തുറന്നിട്ടുണ്ട്.
സ്ഫോടനത്തിന്റെ അവശിഷ്ടങ്ങൾ എല്ലാം നീക്കം ചെയ്ത ശേഷമാണ് നേതാജി സുഭാഷ് മാർഗ് വീണ്ടും ജനങ്ങൾക്കായി തുറന്നു കൊടുത്തത്. സ്ഫോടനത്തെ തുടർന്ന് തലസ്ഥാനത്തും വിവിധ സംസ്ഥാനങ്ങളിലും വ്യാപക പരിശോധന തുടരുന്നുണ്ട്.
National
ന്യൂഡൽഹി: ഡൽഹിയിൽ നടന്ന ഉഗ്ര സ്ഫോടനത്തെ തുടർന്ന് 13 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത.
ജനങ്ങൾ സമാധാനം പാലിക്കണമെന്നും അഭ്യൂഹങ്ങൾ ഒഴിവാക്കണമെന്നും രേഖ ഗുപ്ത എക്സിൽ പങ്കുവച്ച കുറിപ്പിലൂടെ അഭ്യർത്ഥിച്ചു. സർക്കാരും പോലീസും നൽകുന്ന വിവരങ്ങൾ മാത്രമേ പരിഗണിക്കാവൂയെന്നും രേഖഗുപ്ത അറിയിച്ചു.
ഡൽഹി ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമായാണ് തിങ്കളാഴ്ച സ്ഫോടനം നടന്നത്. ചെങ്കോട്ട മെട്രോ സ്റ്റേഷൻ ഒന്നാം നമ്പർ ഗേറ്റിന് സമീപമായിരുന്നു സ്ഫോടനം. വൈകുന്നേരം ഏഴ് മണിയോടെയാണ് സ്ഫോടനം നടന്നത്.
National
ന്യൂഡൽഹി: നേപ്പാളിലെ ജെന്‍ സി പ്രക്ഷോഭത്തെ കുറിച്ച് സൂക്ഷ്മമായി പഠിക്കാന്‍ ഡല്‍ഹി പോലീസ്. ഡല്‍ഹി പോലീസ് കമ്മിഷണര്‍ സതീഷ് ഗോള്‍ചെയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. അടിയന്തര സാഹചര്യമുണ്ടായാല്‍ നേരിടാന്‍ പദ്ധതി തയാറാക്കാന്‍ നിര്‍ദേശം നല്കി.
തലസ്ഥാനം കേന്ദ്രീകരിച്ച് ഇത്തരത്തിലുള്ള പുതിയ തലമുറ സമരങ്ങളുടെ സാധ്യത മുന്‍നിര്‍ത്തിക്കൊണ്ടാണ് അത് എങ്ങനെ നേരിടണം എന്നതുമായി ബന്ധപ്പെട്ട് വിശദമായി പഠിക്കാനുള്ള തീരുമാനം ഡല്‍ഹി പോലീസ് കൈക്കൊണ്ടത്.
ഇന്റലിജന്‍സ് ബ്രാഞ്ച്, ഓപ്പറേഷന്‍സ് യൂണിറ്റ്, ആംഡ് പോലീസ് എന്നിവരുടെ മേധാവികളെ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഇത്തരമൊരു പ്രതിഷേധമുണ്ടായാല്‍ അതിനെ നേരിടാനുള്ള പദ്ധതി തയാറാക്കാനുള്ള നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്.
ഇത്തരത്തിലുള്ള ജനക്കൂട്ട സമരങ്ങളെ നേരിടാന്‍ ഡല്‍ഹി പോലീസിന്റെ കൈയിലുള്ള മാരകമല്ലാത്ത ആയുധങ്ങള്‍ – ബാരിക്കേഡുകള്‍, ലാത്തികള്‍, കണ്ണീര് വാതക ഗ്രനേഡുകള്‍ അടക്കമുള്ള ഉപകരണങ്ങളുടെ കണക്കെടുപ്പ് നടക്കാനുള്ള നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
അതോടൊപ്പം തന്നെ സമൂഹമാധ്യമങ്ങളില്‍ ഇത്തരത്തിലുള്ള പ്രചാരണങ്ങളിലൂടെ ആളെക്കൂട്ടുന്നത് നിരീക്ഷിക്കുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിക്കാനുള്ള തീരുമാനവും എടുത്തിട്ടുണ്ട്. ഇതിനായി ജെന്‍ സി പ്രക്ഷോഭം ഏത് തരത്തിലാണ് രൂപപ്പെട്ടത് എന്നത് സംബന്ധിച്ച് സൂക്ഷ്മമായി ഡല്‍ഹി പോലീസ് പഠിച്ചു വരികയാണ്.