ന്യൂഡൽഹി: ദീപാവലി ആഘോഷങ്ങളുടെയും കച്ചവടങ്ങളുടെയും സമയത്ത് നവംബർ ഒന്നിന് ഡൽഹി രാംലീലാ മൈതാനത്ത് നടത്താൻ നിശ്ചയിച്ചിട്ടുള്ള പ്രതിപക്ഷ സഖ്യത്തിന്റെ കൂറ്റൻ റാലി മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി സംഘടന. ചേംബർ ഓഫ് ട്രേഡ് ആൻഡ് ഇൻഡസ്ട്രി കോൺഗ്രസ് നേതാവ് ബ്രിജേഷ് ഗോയലാണ് രാഹുൽ ഗാന്ധിക്കും പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കും വീണ്ടും കത്തെഴുതിയത്.
നേരത്തെ വ്യാപാരികൾ നൽകിയ നിവേഈോസദനം രാഹുൽ ഗാന്ധി തള്ളിയിരുന്നു. പ്രക്ഷോഭം നിർത്തിവെക്കണമെങ്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നും, 30 സെക്കൻഡിനുള്ളിൽ റാലി അവസാനിപ്പിക്കാമെന്നുമായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം.
പത്ത് ലക്ഷത്തോളം ആളുകളും 15,000 മുതൽ 20,000 വരെ ബസുകളും എത്തുന്നതോടെ ഓൾഡ് ഡൽഹിയിലെ റോഡുകൾ പൂർണമായും സ്തംഭിക്കും. ഒക്ടോബർ 31 മുതൽ ബാരിക്കേഡുകൾ ഉയരുമോ എന്നും ഉപഭോക്താക്കൾക്ക് കടകളിലേക്ക് എത്താൻ സാധിക്കുമോ എന്നും വ്യാപാരികൾ ആശങ്കയറിയിച്ചു.
ഒക്ടോബർ പത്തിന് ജന്തർ മന്തറിൽ കുറച്ചുപേർ നടത്തിയ പ്രതിഷേധം കാരണം 3,000 കോടി രൂപയുടെ നഷ്ടമുണ്ടായതായും വ്യാപാരികൾ ചൂണ്ടിക്കാട്ടി. നവംബർ ഒന്നിലെ റാലി കാരണം മാത്രം 10,000 കോടി രൂപയുടെ വ്യാപാര നഷ്ടമുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വ്യാപാരികളുടെ നിഗമനം.
റാലി മാറ്റിവെക്കാൻ സാധ്യമല്ലെങ്കിൽ ചാന്ദ്നി ചൗക്ക്, സദർ ബസാർ തുടങ്ങി വലിയ മാർക്കറ്റുകളാൽ ചുറ്റപ്പെട്ട രാംലീലാ മൈതാനത്തിന് പകരം ബുരാരി ഗ്രൗണ്ട് അല്ലെങ്കിൽ ജവഹർലാൽ നെഹ്റു സ്റ്റേഡിയം തുടങ്ങിയ ഇടങ്ങളിലേക്ക് റാലി മാറ്റണമെന്ന് വ്യാപാരി സംഘടന ചെയർമാൻ ബ്രിജേഷ് ഗോയൽ ആവശ്യപ്പെട്ടു.