ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ (ഡിഎംഎ) വിനയ് നഗർ - കിദ്വായ് നഗർ ഏരിയയുടെ പ്രവർത്തകർ ഡോൺ ബോസ്കോ ആശാലയത്തിലെ അന്തേവാസികൾക്കൊപ്പം ദീപാവലി ആഘോഷിച്ചു.
തെരുവിൽ കഴിയുന്ന കുട്ടികൾക്കും അനാഥർക്കും പ്രത്യാശയും കരുതലും പകർന്നുനൽകുന്ന പുനരധിവാസ കേന്ദ്രമായ ഡൽഹി ദ്വാരക സെക്ടർ7, പാലം വില്ലേജിലെ ഹരിജൻ ബസ്തിയിലുള്ള ഡോൺ ബോസ്കോ ആശാലയത്തിലായിരുന്നു ആഘോഷം.
ഏരിയ ചെയർമാൻ സുനിൽ കുമാർ ഗോപാലകൃഷ്ണൻ, സെക്രട്ടറി നോവൽ ആർ. തങ്കപ്പൻ, ജോയിന്റ് സെക്രട്ടറിമാരായ ശിരീഷ് മുള്ളങ്കണ്ടി, കെ.പി. സുതൻ, വനിതാ വിഭാഗം കൺവീനർ സുതില ശിവ, നിർവാഹക സമിതി അംഗങ്ങളായ എൻ.പി. തങ്കച്ചൻ, സുദർശൻ പിള്ള, യു. ദീപക് കുമാർ, പ്രമോദ് വിജയൻ, കെ.എച്ച്. വിഷ്ണു, ജെ.എസ്. അനീഷ് എന്നിവർ ആഘോഷങ്ങളിൽ പങ്കെടുത്തു.
ഡോൺ ബോസ്കോ ആശാലയ ഡയറക്ടർ ഫാ. അമൽ എം. ജോയ് ഡിഎംഎ സംഘത്തെ സ്വാഗതം ചെയ്തു. അന്തേവാസികളായ കുട്ടികൾക്ക് ദീപാവലി സമ്മാനങ്ങളും മധുരപലഹാരങ്ങളും വിതരണം ചെയ്തു. കൂടാതെ ആശാലയത്തിന് ഒരു ടെലിവിഷനും സമ്മാനിച്ചു.
കുട്ടികളോടൊപ്പം സമയം ചെലവഴിക്കുകയും ആഘോഷങ്ങളിൽ പങ്കുചേരുകയും ചെയ്ത ശേഷമാണ് ഡിഎംഎ പ്രവർത്തകർ മടങ്ങിയത്. സ്നേഹവും കരുതലും പങ്കുവച്ചുകൊണ്ടുള്ള ആഘോഷം കുട്ടികൾക്ക് സന്തോഷകരമായ അനുഭവമായി.