ഗുരുഗ്രാമിൽ വീണ്ടും റോഡ് റേജ് ഭീതി ഉയർത്തി കാറുകൾ തമ്മിലിടിച്ച സംഭവം ചർച്ചയാകുന്നു. സെക്ടർ 38 ലെ ഹൂഡ മാർക്കറ്റിന് സമീപം കഴിഞ്ഞ ദിവസമാണ് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്.
വഴിയിൽ വെച്ചുണ്ടായ തർക്കമാണ് പിന്നീട് കാറുകൾ പരസ്പരം തകർക്കുന്ന തരത്തിലുള്ള വലിയ അക്രമത്തിലേക്ക് വഴിമാറിയത്. ഭയന്നുപോയ വഴിയാത്രക്കാരും സമീപത്തുണ്ടായിരുന്നവരും പെട്ടെന്നുതന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിയതിനാൽ വലിയ ദുരന്തം ഒഴിവായി.
റോഡിൽ നേർക്കുനേർ നിർത്തിയിട്ടിരുന്ന കറുത്ത ബലേനോയും വെള്ള ഹ്യുണ്ടായ് ഓറയും തമ്മിലായിരുന്നു കൂട്ടിയിടി. വാക്കുതർക്കത്തിന്റെ യഥാർഥ കാരണം വ്യക്തമല്ലെങ്കിലും തർക്കം പെട്ടെന്ന് തന്നെ കൈവിട്ടുപോവുകയായിരുന്നു.
വെള്ള കാറിൽ നിന്നിറങ്ങിയ ഡ്രൈവർക്ക് നേരെ കറുത്ത കാർ വേഗം പാഞ്ഞടുത്തെങ്കിലും ഇയാൾ അത്ഭുതകരമായി രക്ഷപ്പെട്ടു. തുടർന്ന്, അരിശം മൂത്ത ഇയാൾ വഴിയിൽ കിടന്ന കല്ലെടുത്ത് കറുത്ത കാറിന് നേരെ എറിയുകയും സ്വന്തം വാഹനത്തിൽ തിരികെ കയറി ബലേനോയുടെ വശത്തേക്ക് ബോധപൂർവ്വം ഇടിച്ചുകയറ്റുകയുമായിരുന്നു.
ദീർഘനേരം റോഡിൽ ഭീതി പരത്തിയ ശേഷമാണ് ഇരുവാഹനങ്ങളും അവിടെനിന്ന് പിരിഞ്ഞുപോയത്. നിലവിൽ ഈ വിഷയത്തിൽ പൊലിസിന് ഔദ്യോഗിക പരാതികളൊന്നും ലഭിച്ചിട്ടില്ല. ഈ സംഭവം വാഹനങ്ങൾ ആയുധമാക്കുന്ന അപകടകരമായ പ്രവണതയെക്കുറിച്ചുള്ള ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്.