ന്യൂഡൽഹി: നവംബർ ഒന്നിന് ഡൽഹി രാംലീലാ മൈതാനത്ത് കോൺഗ്രസ് സംഘടിപ്പിക്കുന്ന 'വോട്ട് ബച്ചാവോ' മെഗാ റാലിയുടെ അനുമതി പൊലിസ് പിൻവലിച്ചിട്ടില്ലെന്ന് ഡൽഹി പൊലിസ് വൃത്തങ്ങൾ വ്യക്തമാക്കി. ഒക്ടോബർ 25 മുതൽ നവംബർ മൂന്ന് വരെ രാംലീലാ മൈതാനം ഉപയോഗിക്കുന്നതിനായി കോൺഗ്രസിന് ഇതിനകം തന്നെ ഔദ്യോഗികമായി നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റും അനുമതിയും നൽകിയിട്ടുണ്ടെന്ന് പൊലിസ് വ്യക്തമാക്കിയിട്ടുണ്ട്.
റാലിക്കുള്ള തയ്യാറെടുപ്പുകൾ പൊലിസ് തടസപ്പെടുത്തിയെന്നും, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും നിർദേശപ്രകാരമാണ് പൊലിസ് ഇതിൽ ഇടപെടുന്നതെന്നും കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ ആരോപിച്ചിരുന്നു.
എന്നാൽ റാലിക്കുള്ള അനുമതി റദ്ദാക്കിയിട്ടില്ലെന്നും മുൻപ് നൽകിയ അനുമതി ഇപ്പോഴും നിലവിലുണ്ടെന്നും പൊലിസ് വൃത്തങ്ങൾ വ്യക്തമാക്കുകയാണുണ്ടായത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെയുള്ള പ്രതിഷേധങ്ങളുടെ ഭാഗമായാണ് കോൺഗ്രസ് ഈ റാലി സംഘടിപ്പിക്കുന്നത്.