Tue, 8 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DelhiStrike

വിദ്യാർഥി പ്രക്ഷോഭം പടരുന്നു; ബിഹാറിൽ വൻ സംഘർഷം, വെടിവയ്പ്

പാറ്റ്ന: സിജെപി പാർട്ടിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടക്കുന്ന സമരത്തിനു പിന്തുണ പ്രഖ്യാപിച്ചും വിദ്യാർഥികൾക്കെതിരായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചും ഇന്നു ബിഹാറിൽ നടന്ന പ്രതിഷേധം പലേടത്തും അക്രമാസക്തമായി. എട്ടു ജില്ലകളിലേക്കു പ്രതിഷേധം പടർന്നു. സംഘർഷം രൂക്ഷമായതോടെ സിവാനിൽ സമരക്കാരെ പിരിച്ചുവിടാൻ പോലീസ് വെടിവച്ചതായി റിപ്പോർട്ടുണ്ട്. പലേടത്തും ലാത്തിച്ചാർജും കണ്ണീർവാതക പ്രയോഗവും നടന്നു. നിരവധി പേർക്ക് പരിക്കേറ്റു. ഇന്നു ബിഹാറിൽ പ്രതിഷേധക്കാർ ബന്ദ് ആചരിക്കാൻ ആഹ്വാനം ചെയ്തിരുന്നു.
പാറ്റ്ന, ഛപ്ര, സിവാനും, ഗയ, ആറ, സമസ്തിപ്പൂർ, സഹർസ, നവാദ തുടങ്ങിയ നിരവധി ജില്ലകളിൽ പ്രതിഷേധം, ഉപരോധം, തീവയ്പ്പ്, പോലീസുമായുള്ള ഏറ്റുമുട്ടൽ എന്നിവ റിപ്പോർട്ട് ചെയ്തു. പലേടത്തും പോലീസ് ലാത്തിച്ചാർജ് നടത്തി. ഛപ്രയിൽ പോലീസിന് നേരെ രൂക്ഷമായ കല്ലേറുണ്ടായി. നിരവധിയാളുകൾക്കു പരിക്കേറ്റു.

റെയ്ഡ്, സംഘർഷം

സംഘർഷം കനത്തതോടെ പാറ്റ്നയിലെ വിഐപി മേഖലകൾ കനത്ത സുരക്ഷാ വലയത്തിലാണ്. പാറ്റ്നയിലെ ഡാക് ബംഗ്ലാവ് ചൗരാഹയിൽ പ്രതിഷേധക്കാർക്കു നേരെ പോലീസ് ഒന്നിലേറെ തവണ ലാത്തിച്ചാർജ് നടത്തി. ജലപീരങ്കിയും പ്രയോഗിച്ചു. പാറ്റ്നയിലെ ഗാന്ധി മൈതാനത്തിനടുത്തുള്ള ജെ.പി. ഗോലംബറിലും രാംഗുലാം ചൗക്കിലും സംഘടിച്ച വിദ്യാർഥികൾക്കു നേരേ പോലീസ് ലാത്തിച്ചാർജ് നടത്തി. നിരവധി പേരെ കസ്റ്റഡിയിൽ എടുത്തു.

പാറ്റ്നയിൽ ഒരു വിദ്യാർഥി നേതാവിന്‍റെ വീട്ടിൽ പോലീസ് റെയ്ഡ് നടത്തി. 14 കമ്പനി അർധസൈനിക വിഭാഗത്തെയും 300 പിടിസി ജവാന്മാരെയും 500 അധിക ഹോം ഗാർഡുകളെയും സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്.

ബിഹാർ ബന്ദിന് ജനശക്തി ജനതാദൾ അധ്യക്ഷനും ആർ.ജെ.ഡി നേതാവുമായ ലാലു പ്രസാദ് യാദവിന്‍റെ മൂത്ത മകൻ തേജ് പ്രതാപ് യാദവും പിന്തുണ പ്രഖ്യാപിച്ചെത്തി. വിദ്യാർഥികൾക്കൊപ്പം പ്രതിഷേധത്തിൽ പങ്കെടുത്ത അദ്ദേഹം ഗാന്ധി മൈതാനത്തുള്ള രാംഗുലാമിന്‍റെ പ്രതിമയിൽ കയറി നിന്നു ബന്ദിന് പിന്തുണയറിച്ച് സംസാരിച്ചു.

ഛപ്രയിലെ ഥാനാ ചൗക്കിൽ പ്രതിഷേധത്തിനിടെ പോലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടി. പോലീസിനു നേരെ കനത്ത കല്ലേറുണ്ടായതിനെത്തുടർന്ന് പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് ലാത്തിച്ചാർജ് നടത്തി. പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ കൂടുതൽ സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്.

കളക്ടറേറ്റിന് കല്ലേറ്

സമസ്തിപൂരിലും സിവാനിലും പ്രതിഷേധക്കാർ റോഡുകൾ ഉപരോധിച്ചു. കേന്ദ്ര സർക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചു റാലികൾ സംഘടിപ്പിച്ചു. പാറ്റ്ന മുതൽ ജഹാനാബാദ് വരെയുള്ള പ്രദേശങ്ങളിൽ പോലീസ് പ്രത്യേക സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും വിദ്യാർഥികളുടെ പ്രതിഷേധം തുടരുകയാണ്. സീതാമർഹിയിൽ കളക്ടറേറ്റിന് നേരെ രൂക്ഷമായ കല്ലേറുണ്ടായി.

സിവാനിൽ ബന്ദിനിടെ പലലേടത്തും പ്രതിഷേധക്കാർ പൊതുമുതൽ നശിപ്പിച്ചു. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കാൻ അധിക സുരക്ഷാ സേനയെ വിന്യസിച്ചു.

കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ട് ഐസ, ആർവൈഎ പ്രവർത്തകർ സമസ്തിപൂരിലും ഗയയിലും ടയറുകൾ കത്തിച്ച് റോഡ് ഉപരോധിച്ചു. സർക്കാർ വിദ്യാർഥികളുടെ പ്രതിഷേധത്തെ അടിച്ചമർത്താൻ ശ്രമിക്കുകയാണെന്നും ബിഹാർ ബന്ദിന് പിന്തുണ നൽകി ധർമേന്ദ്ര പ്രധാന്‍റെ രാജിക്കായി ശബ്ദമുയർത്തണമെന്നും ഐസ ആഹ്വാനം ചെയ്തു.

Latest News

Corehub Up