ന്യൂഡൽഹി: എസ്എഫ്ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയും ഡൽഹി സംസ്ഥാന സെക്രട്ടറിയുമായ ഐഷി ഘോഷിനെതിരായ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് ഡൽഹി പട്യാല ഹൗസ് കോടതി റദ്ദാക്കി. 2021-ലെ കേസ് മുൻനിർത്തി പുറപ്പെടുവിച്ച വാറന്റുമായി ചൊവ്വാഴ്ച ഡൽഹി പോലീസ് സിപിഎം കേന്ദ്ര കമ്മിറ്റി ഓഫീസായ എകെജി ഭവനിൽ കടന്നുകയറി ഐഷിയെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചത് വൻ രാഷ്ട്രീയ വിവാദത്തിന് കാരണമായിരുന്നു.
ഐഷി ഘോഷിനെതിരായ പോലീസ് നീക്കം രാഷ്ട്രീയ പ്രതികാരനടപടിയാണെന്നും, സമരം ചെയ്യുന്ന വിദ്യാർഥി നേതാക്കളെ ഭയപ്പെടുത്താനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്നും സിപിഎം നേതാവും എംപിയുമായ ജോൺ ബ്രിട്ടാസ് ആരോപിച്ചു. മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം. ജനറൽ സെക്രട്ടറി എം.എ. ബേബി എന്നിവരും ഡൽഹി പോലീസിന്റെ നടപടിയെ രൂക്ഷമായി വിമർശിച്ചു. ജനാധിപത്യ മര്യാദകളുടെ ലംഘനമാണ് എകെജി ഭവനിലുണ്ടായതെന്ന് എം.എ. ബേബി കുറ്റപ്പെടുത്തി.