എൻവിഡിയയുടെ ഭാവി എന്ത്? കമ്പനി സിഇഒ (ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ) ജെൻസൻ ഹുവാംഗ് എന്തു ചെയ്യും? നിർമിതബുദ്ധി (എഐ) മേഖലയ്ക്ക് എന്തു സംഭവിക്കും? ഉത്തരം ഈ ദിവസങ്ങളിൽ ലഭിക്കും. എമ്പാടും ചോദ്യങ്ങൾ ഉയരുമ്പോൾ അമേരിക്കയിലെ പ്രവചന മാർക്കറ്റിൽ അങ്കലാപ്പില്ല.
അടുത്ത മാർച്ചിനകം ഹുവാംഗ് രാജിവയ്ക്കാൻ 25 ശതമാനം സാധ്യതയേ പോളിമാർക്കറ്റ് എന്ന പ്രവചന പ്ലാറ്റ്ഫോമിലെ ഇടപാടുകാർ കാണുന്നുള്ളൂ. കൽഷി എന്ന പ്ലാറ്റ്ഫോമിലുള്ളവർ കാണുന്നതു 17 ശതമാനം സാധ്യത മാത്രം. പ്രവചന മാർക്കറ്റുകൾ തട്ടിപ്പാണെന്നു കരുതുന്നവരുണ്ട്. പക്ഷേ അവിടത്തെ വാതുവയ്പുകൾ ശരിയായി മാറുന്നതാണു കൂടുതലായി കാണുന്നത്.
എൻവിഡിയ കയറുന്നു
അതെന്തായാലും രണ്ടു ദിവസത്തെ ഇടിവിനു ശേഷം ഇന്ന് എൻവിഡിയ ഓഹരി കയറുന്നു എന്നാണു സൂചന. ഇന്നലെ 5.53 ശതമാനം ഇടിഞ്ഞ ഓഹരി ഇന്നു ഫ്യൂച്ചേഴ്സ് മാർക്കറ്റിൽ അഞ്ചു ശതമാനത്തിലധികം ഉയർന്നു. പിന്നീടു നേട്ടം കുറഞ്ഞു.
എൻവിഡിയയുടെ ഗ്രാഫിക് പ്രോസസർ യൂണിറ്റു (ജിപിയു) കൾ ഉപയോഗിക്കുകയും എൻവിഡിയ വലിയ നിക്ഷേപം നടത്തുകയും ചെയ്തിട്ടുള്ള കോർവീവ് എന്ന കമ്പനിയുടെ ത്രൈമാസഫലം ആവേശകരമായതാണു നേട്ടത്തിനു കാരണം. വരുമാനം പ്രതീക്ഷയേക്കാൾ കൂടി, നഷ്ടം കുറഞ്ഞു. കോർവീവ് ഓഹരി ഫ്യൂച്ചേഴ്സിൽ 15 ശതമാനം കുതിച്ചു. ഈ ഫലം നെബിയസ്, ഐറൻ തുടങ്ങി എൻവിഡിയയുമായി ബന്ധമുള്ള പുതു തലമുറ ക്ലൗഡ് കമ്പനികളെയും ഇന്റെൽ, ഒറാക്കിൾ, മൈക്രോൺ, സാൻഡിസ്ക് തുടങ്ങിയ പഴയ തലമുറ ടെക് കമ്പനികളെയും കുതിപ്പിലാക്കി. ഇതോടൊപ്പം ടെക് മേഖലയ്ക്കു മൊത്തത്തിൽ ഉണർവ് നൽകുന്നതായി ചാറ്റ് ജിപിടി ഉടമകളായ ഓപ്പൺ എഐയുടെ റിസൽട്ടും.
റേറ്റിംഗും ലക്ഷ്യവിലയും താഴോട്ട്
ഇതെല്ലാം എൻവിഡിയയ്ക്കും എഐ മേഖലയ്ക്കും അനുകൂലമായ കാര്യങ്ങളാണ്. എന്നാൽ സിറ്റി ഗ്രൂപ്പ്, വെൽസ് ഫാർഗോ, ബാങ്ക് ഓഫ് അമേരിക്ക സെക്യൂരിറ്റീസ് തുടങ്ങിയവ എൻവിഡിയയുടെ ഓഹരിക്കു പ്രതീക്ഷിക്കുന്ന വില താഴ്ത്തി. ധനകാര്യ സേവന കമ്പനി ബെയാർഡ് എൻവിഡിയയുടെ റേറ്റിംഗും താഴ്ത്തി. അടുത്ത ചൊവ്വാഴ്ച എൻവിഡിയയുടെ ത്രൈമാസ ഫലങ്ങൾ പ്രസിദ്ധീകരിക്കും. തലേ ത്രൈമാസത്തിലേതുപോലെ മികച്ച വരുമാന, ലാഭ വളർച്ചകൾ കാണിക്കാൻ കഴിഞ്ഞില്ലെങ്കിൽ കമ്പനി വിഷമത്തിലാകും. 75 ശതമാനം ലാഭമാർജിനാണു കഴിഞ്ഞ ത്രൈമാസത്തിൽ ഉണ്ടായത്. ഓഹരി ഒന്നിനു 2.47 ഡോളർ അറ്റാദായമാണു വിപണിയുടെ പ്രതീക്ഷ.
എൻവിഡിയയുടെയും ഹുവാംഗിന്റെയും ഭാവിക്കു നിർണായകമായ രണ്ട് അന്വേഷണങ്ങൾ തുടരുകയാണ്. എൻവിഡിയ നിയോഗിച്ച സ്വകാര്യ അന്വേഷണവും എഫ്ബിഐ നടത്തുന്ന ചാരവൃത്തി അന്വേഷണവും. ആലീസ് ഹുവാംഗ് ചാരവനിതയാണെന്നു കരുതാൻ തക്ക കാര്യങ്ങൾ ജെൻസൻ ഹുവാംഗ് അറിഞ്ഞിരുന്നു എന്നുവന്നാൽ കഥ മാറും. കമ്പനിയിൽനിന്നു മാറേണ്ടിവരും.
ഡെമോക്രാറ്റുകൾ പിടിമുറുക്കും
ഹുവാംഗ് നിരപരാധിയാണെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞത് അന്വേഷണ ഫലം ഹുവാംഗിന് അനുകൂലമാകും എന്ന സൂചനയാണു നൽകുന്നത്. പക്ഷേ കോൺഗ്രസിൽ ഭൂരിപക്ഷം നേടിയ ഡെമോക്രാറ്റുകൾ ട്രംപിനു ക്ഷീണം വരുത്താവുന്ന വിധം ഈ വിഷയം ഉപയോഗിക്കും. എഐ കമ്പനികൾക്കും ഡാറ്റാ സെന്ററുകൾക്കുമെതിരേ നീങ്ങുന്ന അവർ അവസരം പാഴാക്കുകയുമില്ല. അങ്ങനെ വന്നാൽ ഹുവാംഗും എൻവിഡിയയും അതുവഴി എഐ മേഖലയും വിഷമത്തിലാകും. ചൈനയിലേക്കുള്ള കയറ്റുമതി വിലക്കു നീക്കാൻ ചെലുത്തിയ വലിയ സമ്മർദം ആലീസിന്റെ പ്രേരണയിലാണ് എന്നു സ്ഥാപിക്കാൻ കഴിഞ്ഞാൽ ജെൻസൻ ഹുവാംഗ് കുഴപ്പത്തിലാകും.
മറിച്ചാണ് എഫ്ബിഐയുടെ നിഗമനമെങ്കിൽ ജെൻസൻ ഹുവാംഗ് ജാഗ്രതയില്ലാതെ പെരുമാറി എന്നു മാത്രമേ വിപണി കണക്കാക്കൂ. യുഎസ് കോർപറേറ്റ് ലോകത്ത് അതത്ര വലിയ കാര്യമല്ല. പിന്നെയുള്ളത് കുടുംബകാര്യമാണ്. കോളജ് കാലത്തെ പ്രണയത്തിനു ശേഷം 41 വർഷമായി തുടരുന്ന ദാമ്പത്യം പിരിയാൻ ഭാര്യ ലോറി തീരുമാനിക്കും എന്ന സൂചന ഇതുവരെ ഇല്ല. ഹുവാംഗിന്റെ ഒപ്പം വിദ്യാഭ്യാസ യോഗ്യതയുള്ള ലോറി, ജോലി വേണ്ടെന്നുവച്ചു കുടുംബകാര്യങ്ങൾ നോക്കുകയായിരുന്നു. പൊതുരംഗത്ത് അവർ കാര്യമായി ഇറങ്ങിയിട്ടില്ല.
പകരം വരാൻ കസിൻ
ഹുവാംഗ് മാറേണ്ടി വന്നാൽ എൻവിഡിയയെ നയിക്കാൻ തക്ക നേതാക്കൾ കമ്പനിയിൽ ഇല്ല എന്നാണു വിലയിരുത്തൽ. ഹുവാംഗിന്റെ കസിൻ സഹോദരിയും അഡ്വാൻസ്ഡ് മൈക്രോ ഡിവൈസസ് (എഎംഡി) സിഇഒയുമായ ലിസാ സൂവിനെ പലരും നിർദേശിക്കുന്നുണ്ട്. എൻവിഡിയയുമായി മത്സരിക്കുന്ന എഎംഡിയിലെ ലിസാ സൂവിന്റെ 12 വർഷത്തെ സാരഥ്യം വളരെ വിജയകരമായി വിലയിരുത്തപ്പെടുന്നു.
എൻവിഡിയയിൽ നാലു ശതമാനത്തിൽ താഴെ ഓഹരിയേ ഹുവാംഗിനുള്ളൂ. പ്രൈവറ്റ് ഇക്വിറ്റികൾക്കും ഫണ്ടുകൾക്കുമാണ് ഭൂരിപക്ഷം ഓഹരികൾ. ഓഹരിവില താഴുകയാണെന്നു വന്നാൽ അവർ നേതൃത്വം മാറാൻ ആവശ്യപ്പെട്ടെന്നു വരും. നിരപരാധിയാണെന്നു വന്നാലും വിപണിയിലെ ഓഹരിയുടെ നല്ല പ്രകടനമേ ഹുവാംഗിനെ രക്ഷപ്പെടുത്തൂ.