ലണ്ടൻ: ഇന്ത്യയിൽ ജനാധിപത്യ മൂല്യങ്ങളും തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയും സംരക്ഷിക്കണമെന്ന ആവശ്യവുമായി ലണ്ടനിലെ പാർലമെന്റ് സ്ക്വയറിലുള്ള മഹാത്മാഗാന്ധി പ്രതിമയ്ക്ക് മുന്നിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (യുകെ) കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം.
ഡൽഹിയിൽ നടക്കുന്ന ജനാധിപത്യ സംരക്ഷണ പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നൂറുകണക്കിന് പ്രവർത്തകർ അണിനിരന്നതോടെ ലണ്ടനിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിലെ വേദി പ്രതിഷേധത്തിന്റെ കേന്ദ്രമായി മാറി.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കുക, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങൾ സംരക്ഷിക്കുക, തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെ സുതാര്യതയും നിഷ്പക്ഷതയും ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുയർത്തിയ പ്ലക്കാർഡുകളുമായി പ്രവർത്തകർ ശക്തമായ മുദ്രാവാക്യങ്ങൾ മുഴക്കി.
ഇന്ത്യയിലെ ജനാധിപത്യ സംരക്ഷണ പോരാട്ടത്തിന് വിദേശമണ്ണിൽനിന്നുള്ള ഐക്യദാർഢ്യം ശക്തമായി പ്രഖ്യാപിക്കുന്നതായിരുന്നു പ്രതിഷേധം. ജനാധിപത്യ സ്ഥാപനങ്ങളുടെ സ്വതന്ത്രമായ പ്രവർത്തനവും തെരഞ്ഞെടുപ്പ് പ്രക്രിയയിലുള്ള ജനങ്ങളുടെ വിശ്വാസവും സംരക്ഷിക്കപ്പെടണമെന്ന ആവശ്യം പ്രതിഷേധക്കാർ ഉയർത്തി.
ഡൽഹിയിൽ ഉയർന്ന പ്രതിഷേധത്തിന്റെ സന്ദേശം അന്താരാഷ്ട്ര തലത്തിൽ എത്തിക്കുന്നതിലും പ്രവാസി സമൂഹത്തിന്റെ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിലും സംഗമം ശ്രദ്ധേയമായി.
വിദേശരാജ്യങ്ങളിൽ ഈ വിഷയവുമായി ബന്ധപ്പെട്ട് നടന്ന ശ്രദ്ധേയമായ പ്രതിഷേധങ്ങളിലൊന്നായി മാറിയ സംഗമം, ഇന്ത്യയിലെ ജനാധിപത്യവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രവാസി സമൂഹത്തിനുള്ള താത്പര്യവും ഇടപെടലും വിളിച്ചോതുന്നതായി.
പ്രതിഷേധ സംഗമം ഐഒസി യുകെ കേരള ചാപ്റ്റർ ലണ്ടൻ ഏരിയ പ്രസിഡന്റ് സുജു കെ. ഡാനിയേൽ ഉദ്ഘാടനം ചെയ്തു. കേരള ചാപ്റ്റർ മിഡ്ലാൻഡ്സ് ഏരിയ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ് മുഖ്യാതിഥിയായി പങ്കെടുത്ത് ആശംസകൾ നേർന്നു.