ദന്തരോഗങ്ങളിൽ ഭൂരിഭാഗവും ജീവിതശൈലിയുമായി ബന്ധപ്പെട്ടു കിടക്കുന്നവയാണ്. ഭക്ഷണസംസ്കാരം മാറുന്നതനുസരിച്ച് ദന്തശുചീകരണ രീതിയും മാറേണ്ടതുണ്ട്.
* ബ്രഷും പേസ്റ്റും ഉപയോഗിച്ച് പല്ലു തേക്കുന്നത് ആധുനിക ഭക്ഷണസംസ്കാരത്തിന് ആവശ്യമാണ്.
* ഇതിനോടൊപ്പം ദന്തൽ ഫ്ളോസുകൂടി ശീലമാക്കുന്നത് അത്യുത്തമം.
* പ്രതിരോധ ചികിത്സകൾ സമയാസമയങ്ങളിൽ നടത്തിയാൽ ചികിത്സകൾ ചെയ്യുന്നതും ചികിത്സയുടെ സങ്കീർണതയും ഒഴിവാക്കാം.
കുട്ടികളിലെ ദന്തചികിത്സ
പിറ്റ് + ഫിഷർ ചികിത്സയും ഫ്യൂറൈഡ് ആപ്ലിക്കേഷനും നല്ല ഒരു പരിധിവരെ ദന്തക്ഷയത്തെ പ്രതിരോധിക്കാൻ സഹായിക്കുന്നു. കുട്ടികളിൽ നിർബന്ധമായും നടത്തേണ്ട ചികിത്സയാണിത്.
* പോട് കണ്ടുപിടിച്ചാൽ അടച്ച് ചികിത്സ നടത്തണം.
* ശീലങ്ങൾ ഉദാ. വായിൽകൂടി ശ്വസനം, നാക്കുതള്ളൽ, പല്ലിറുമ്മൽ, വിരൽകുടി, ചുണ്ടുകടിക്കൽ എന്നിവ ഉണ്ടെങ്കിൽ നിർത്തലാക്കുവാൻ പ്രത്യേക രൂപകല്പന ചെയ്ത ഉപാധികൾ ദന്തഡോക്ടർമാർ നിർമിച്ചു നല്കും.
* അഞ്ചു വയസു മുതൽ പന്ത്രണ്ടു വയസുവരെ ദന്തപരിശോധന വർഷത്തിൽ ഒരിക്കൽ നടത്തുകയും ഡോക്ടറുടെ പരിശോധനയ്ക്കുശേഷമുള്ള നിർദേശങ്ങൾ പാലിക്കുകയും ചെയ്യണം.
ഈ പരിശോധനയും നിർദേശങ്ങളും വളർച്ചയുടെ കാലത്തെ മോണ-ദന്തക്രമീകരണങ്ങൾക്ക് സഹായകരമാകും.
മോണരോഗം
ഭക്ഷണശീലങ്ങൾ മാറുന്നതിനനുസൃതമായി പല്ലും മോണയും വൃത്തിയാക്കുന്ന രീതിയിൽ മാറ്റം വരുത്തിയിട്ടുണ്ടോ? പറ്റിപ്പിടിച്ചിരിക്കുന്ന ആഹാരം മോണയിൽ കയറിയിരുന്ന് മോണയ്ക്ക് ക്ഷതം ഉണ്ടാക്കുന്നു.
* കൃത്യമായ ഹോം ദന്തൽ കെയർ (സ്വയം) ഒപ്പം പ്രഫഷണൽ ദന്തൽ കെയർ (ഡോക്ടറുടെ സഹായത്താൽ) നടത്തിയാൽ ഒരുപരിധിവരെ മോണരോഗം തടയാനാകും.
നിരതെറ്റിയ പല്ലുകൾ
വളരെയധികം കണ്ടുവരുന്ന ദന്ത പ്രശ്നമാണ് നിരതെറ്റൽ, പല്ലുപൊങ്ങുക, പല്ലിന്റെ ഇടയിൽ വിടവുകൾ, എല്ലും മോണയും തള്ളിനിൽക്കുക ഇവയെല്ലാം. യഥാസമയം പരിഗണിച്ച് ഡോക്ടറുടെ നിർദേശവും ചികിത്സയും നടത്തിയാൽ സങ്കീർണമായ സർജറികളും ചികിത്സകളും ഒഴിവാക്കാം.
പല ദന്ത മോണപ്രശ്നങ്ങളും കൃത്യമായ സമയത്തുള്ള ഉപാധികൾ (ചികിത്സയും ഉപാധികളും ഉപയോഗിച്ച് പരിധിയിൽ നിർത്തുവാൻ സാധിക്കും. മുഖവളർച്ചയുടെ കാലം ഇതിന് ഏറ്റവും അനുയോജ്യമായ സമയമാണ്. ശീലങ്ങൾ തടഞ്ഞാൽ തന്നെ ഒരുപരിധിവരെ ഗുണം ലഭിക്കും. ഉദാ. വായിൽകൂടി ശ്വസിക്കുക, വിരൽ കടി, നാക്കുതള്ളൽ.
പല്ലുവേദന
ഇത് അനുഭവിച്ചവർ ഒരിക്കൽകൂടി അനുഭവിക്കാവാൻ ആഗ്രഹിക്കില്ല.
* തുടക്കത്തിൽ പോട് ചികിത്സിച്ചാൽ ആഴത്തിലേക്ക് പോട് ഉണ്ടാവില്ല. ശരീരത്തിൽ ഏറ്റവും കട്ടിയുള്ള പദാർഥം പല്ലിന്റെ ഇനാമൽ ആണ്. ഇനാമലിന് ഉണ്ടാകുന്ന സുഷിരങ്ങൾ ഉള്ളിൽ എത്തി പഴുപ്പ് ഉണ്ടാക്കുന്പോൾ വേദന ഉണ്ടാകുന്നു.
സൂചനകൾ അവഗണിക്കരുത്
പല്ലുവേദനയ്ക്ക് മുന്പ് പല രീതികളിൽ സൂചനകൾ നമുക്കു ലഭിക്കും. ഇത് പുളിപ്പ് ആയിട്ടോ, ചൂടും തണുപ്പും മധുരവും ഉപയോഗിക്കുന്പോൾ ഉണ്ടാകുന്ന വേദനയായിട്ടോ ആകാം... ചികിത്സകൾ ഓരോ ഘട്ടത്തിലും വ്യത്യസ്തമാണ്. വേദന ഉണ്ടായാൽ റൂട്ട് കനാൽ ചികിത്സ നടത്തേണ്ടതായി വരും. ഇതിനുശേഷം ക്യാപ്പും ആവശ്യമാണ്.
തുടക്കത്തിൽ കണ്ടുപിടിച്ചാൽ ദന്തചികിത്സകൾ വളരെ കുറഞ്ഞ ചെലവിൽ നടത്താം. കുട്ടികളിൽ പ്രതിരോധ ചികിത്സകൾ നടത്തി പോടിനുള്ള സാധ്യത കുറയും. ആധുനിക ഭക്ഷണസംസ്കാരത്തിനു ചേർന്ന ദന്ത പരിചരണം, പരിശോധന, ചികിത്സകൾ എന്നിവ കൃത്യസമയത്ത് നടത്തുന്നത് പല്ലുകൾക്കും വായ്ക്കും മാത്രമല്ല പൊതുവേയുള്ള ആരോഗ്യത്തിനും ഉത്തമമാണ്.ദന്തചികിത്സകൾ ലോകത്ത് എവിടെയും ചെലവേറിയതാണ്. കുറഞ്ഞ ചെലവിൽ പ്രതിരോധ ചികിത്സയും അനുബന്ധ ചികിത്സകളും നടത്തിയാൽ വലിയ ചെലവുകൾ ഒഴിവാക്കാം.
വിവരങ്ങൾ - ഡോ. വിനോദ് മാത്യു മുളമൂട്ടിൽ, (അസിസ്റ്റന്റ് പ്രഫസർ, പുഷ്പഗിരി കോളജ് ഓഫ് ദന്തൽ സയൻസസ്, തിരുവല്ല) 9447219903