തിരുവനന്തപുരം: ഗുണ്ടാലിസ്റ്റിൽ ഉൾപ്പെട്ട വ്യക്തിയുമായി അടുത്ത ബന്ധം പുലർത്തിയെന്ന ആരോപണത്തിൽ ഡിവൈഎസ്പിയടക്കം നാല് പൊലിസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടു. ഡിവൈഎസ്പി നന്ദകുമാർ, സീനിയർ സിപിഒ സുകേഷ് രാജ്, എസ്ഐ ജി.യു. ദിനു, ഗ്രേഡ് എഎസ്ഐ ഹരികൃഷ്ണൻ എന്നിവർക്കെതിരെയാണ് നടപടി.
പൊലിസ്, ക്രൈംബ്രാഞ്ച് മേധാവികളുടെ റിപ്പോർട്ടുകൾ അംഗീകരിച്ചാണ് ആഭ്യന്തര വകുപ്പിന്റെ നടപടി. ഗുണ്ടാലിസ്റ്റിൽ ഉൾപ്പെട്ട ശരത്തിന്റെ അനധികൃത മണ്ണ് കടത്ത് ഉൾപ്പെടെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് പൊലിസ് ഉദ്യോഗസ്ഥർ സഹായം നൽകിയെന്ന ആരോപണത്തെ തുടർന്നാണ് അന്വേഷണം. കൊല്ലം ക്രൈംബ്രാഞ്ച് സൂപ്രണ്ട് നടത്തിയ രഹസ്യാന്വേഷണത്തിലാണ് ശരത്തും നാല് പൊലിസ് ഉദ്യോഗസ്ഥരും തമ്മിൽ നിരന്തരമായി ഫോൺ ബന്ധം പുലർത്തിയിരുന്നതായി കണ്ടെത്തിയത്.
ഇതിൽ ചിലർ ശരത്തിനൊപ്പം ഇതര സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്തതായും അന്വേഷണത്തിൽ വ്യക്തമായി. തുടർന്ന് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അന്വേഷണം നടത്തി അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് ക്രൈംബ്രാഞ്ച് മേധാവി ശിപാർശ ചെയ്തു. കർശനമായ അച്ചടക്ക നടപടി വേണമെന്ന് പൊലിസ് മേധാവിയും സർക്കാരിന് റിപ്പോർട്ട് നൽകി.
ഇതിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണം നടത്തേണ്ട ഉദ്യോഗസ്ഥരുടെ പാനൽ ഒരാഴ്ചയ്ക്കകം സമർപ്പിക്കാൻ ഡിജിപിയോടും നിർദേശിച്ചിട്ടുണ്ട്.