പൂഞ്ഞാര്‍: മലനിരകള്‍ കോട്ടകെട്ടിയ പയ്യാനിത്തോട്ടം എന്ന കൊച്ചു ഗ്രാമത്തില്‍ ഉരുണ്ടുകൂടിയ സങ്കട കാര്‍മേഘങ്ങള്‍ മലയോരത്തിന്റെ നൊമ്പരമായി, അതിതീവ്ര മഴയായി പെയ്തിറങ്ങി.
ഉരുള്‍പൊട്ടലില്‍ മണ്ണിടിഞ്ഞു വീടിനു മുകളിലേക്കു വീണു മരിച്ച പൂഞ്ഞാര്‍ പയ്യാനിത്തോട്ടം മണപ്പാട്ട് എം.ജെ. ജോണിയുടെ ഭാര്യ റെജീനയ്ക്കും മകന് ജോസഫിന് ജോണിക്കും ഗ്രാമം യാത്രാമൊഴിയേകി. ഇരുവരുടെയും സംസ്കാരം പയ്യാനിത്തോട്ടം സെന്റ് അല്‍ഫോന്‍സാ പള്ളിയില്‍ നടന്നു.
റെജീന ജോലി ചെയ്തിരുന്ന പയ്യാനിത്തോട്ടം ഹോളിസ്പിരിറ്റ് സ്കൂള്‍ കോമ്പൗണ്ടിലെ പന്തലിലേക്ക് മൃതദേഹം പൊതുദര്‍ശനത്തിനായി വച്ചതോടെ ഭർത്താവ് ജോണിയും മക്കളായ ജോമിറ്റും സോമിറ്റും മൃതദേഹത്തില്‍ കെട്ടിപ്പിടിച്ചും ചുംബിച്ചും കരയുവാന്‍ തുടങ്ങി. തേങ്ങലടക്കി നിന്ന റെജീനയുടെ സഹോദരങ്ങളായ തങ്കമ്മയും മേരിയും റോസമ്മയും ദുഃഖം സഹിക്കാനാകാതെ പൊട്ടിക്കരഞ്ഞു.
പാലാ രൂപത മുഖ്യ വികാരി ജനറാള്‍ മോണ്‍. ജോസഫ് തടത്തില്‍ സംസ്കാര ശുശ്രൂഷയുടെ ആദ്യകര്മങ്ങൾക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. പയ്യാനിത്തോട്ടം സെന്റ് അല്‍ഫോന്‍സാ പള്ളിയില്‍ നടന്ന സംസ്കാര ശ്രുശ്രൂഷയില്‍ പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് മുഖ്യകാര്‍മികത്വം വഹിച്ചു.
മന്ത്രി മോന്‍സ് ജോസഫ് സംസ്ഥാന സര്‍ക്കാരിനു വേണ്ടി പുഷ്പചക്രം അര്‍പ്പിച്ചു. ആന്റോ ആന്റണി എംപി, എം.ജെ. സെബാസ്റ്റ്യന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, ജനപ്രതിനിധികള്‍ തുടങ്ങിയവർ അന്തിമോപചാരം അര്‍പ്പിച്ചു.