കൊച്ചി: സഹകരണമേഖലയിലെ നിക്ഷേപകര്‍ക്ക് പൂര്‍ണമായ നിക്ഷേപ ഗാരന്റി ഉറപ്പാക്കുന്നതിനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്.
സഹകരണമേഖലയിലെ വിശ്വാസ്യത വീണ്ടെടുക്കുന്നതിനാണ് സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നത്. നിലവിലെ അഞ്ചു ലക്ഷം രൂപയുടെ ഗാരന്റി ബാങ്ക് ലിക്വിഡേഷന് നടപടികളിലേക്കു കടന്നശേഷം മാത്രമാണു ലഭ്യമാകുന്നത്.
ഇതു നിക്ഷേപകര്‍ക്ക് മതിയായ സുരക്ഷിതത്വബോധം നല്‍കുന്നില്ല. ദേശസാത്കൃത, ഷെഡ്യൂള്‍ഡ് ബാങ്കുകളില്‍ നിക്ഷേപങ്ങള്‍ക്കു ലഭിക്കുന്നതിനു സമാനമായ ഉറപ്പ് സഹകരണമേഖലയിലും ഉണ്ടാകണമെന്നാണു സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന സഹകരണ വകുപ്പിന്റെയും സംസ്ഥാന സഹകരണ യൂണിയന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 73-ാമത് അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കളമശേരി സംറ ഇന്റര്‍നാഷണല്‍ കണ്വന്ഷന് സെന്ററില്‍ നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
സഹകരണ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് രാഷ്ട്രീയപാര്‍ട്ടികള്‍ സ്വന്തം നിലയില്‍ പരിശോധന നടത്തണം.
നിക്ഷേപങ്ങള്‍ ബാങ്കുകളില്‍ കെട്ടിക്കിടക്കുന്ന പണമായി മാറാതെ വിപണിയില്‍ പുനഃചംക്രമണം നടത്തി കൂടുതല്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ സൃഷ്ടിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി എം. ലിജു അധ്യക്ഷത വഹിച്ചു. മന്ത്രി റോജി എം. ജോണ്‍ സെമിനാറിന്റെ ഉദ്ഘാടനവും ലോഗോ തയാറാക്കിയ പറവൂര്‍ സഹകരണ കോളജ് വിദ്യാര്‍ഥി കെ.എസ്. അനന്ദുവിനുള്ള സമ്മാനദാനവും നിര്‍വഹിച്ചു.
മന്ത്രി വി.ഇ. അബ്ദുൾ ഗഫൂര്‍, എംപിമാരായ ഹൈബി ഈഡന്, ബെന്നി ബെഹന്നാന്, ഫ്രാന്‍സിസ് ജോര്‍ജ്, എംഎല്‍എമാരായ മനോജ് മൂത്തേടന്, അന്‍വര്‍ സാദത്ത്, ടോണി ചമ്മിണി, ദീപക് ജോയി, ടി.ജെ. വിനോദ്, മുഹമ്മദ് ഷിയാസ് തുടങ്ങിയവരും പങ്കെടുത്തു.