മലയാളക്കരയിലെ മാർവൽ സിനിമാ പ്രേമികളെയും സ്പൈഡർമാൻ ആരാധകരെയും ഒരേപോലെ ആവേശഭരിതരാക്കുന്ന വാർത്തയാണ് ഹോളിവുഡിൽനിന്നു പുറത്തുവരുന്നത്. മാർവൽ സിനിമാറ്റിക് യൂണിവേഴ്സിന്റെ (എംസിയു) ഏറ്റവും പുതിയ ചിത്രമായ സ്പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ - റിലീസിന് ഒരുങ്ങുമ്പോൾ, കൊച്ചിയിൽ ഒരുങ്ങുന്നത് വന്പൻ ഫാൻ ഷോ! ഏറ്റവും വലിയ പ്രത്യേകത, ഫാൻ ഷോയുടെ ടിക്കറ്റ് പ്രകാശനമാണ്. പ്രകാശനം നടത്തിയത് മറ്റാരുമല്ല, നായകൻ ടോം ഹോളണ്ട്! കേരളത്തിലെ സ്പൈഡർമാൻ ആരാധകർക്ക് ഇതൊരു ചരിത്ര നിമിഷമായി മാറിയിരിക്കുകയാണ്!
ജർമൻ തലസ്ഥാനമായ ബെർലിനിൽ സംഘടിപ്പിച്ച പ്രൊമോഷൻ ചടങ്ങിലാണ് അവിസ്മരണീയ സംഭവം അരങ്ങേറിയത്. മാർവൽ ഫാൻസ് ഇന്ത്യ, മാർവൽ ഫാൻസ് കേരള എന്നിവരെ പ്രതിനിധീകരിച്ച് ആന്റണി ഇമ്മാനുവൽ എന്ന ആരാധകൻ ബെർലിനിലെത്തുകയും ടോം ഹോളണ്ടിനെ നേരിൽ കാണുകയും ചെയ്തു. കൊച്ചിയിൽ നടക്കാനിരിക്കുന്ന പ്രത്യേക ഫാൻ ഷോയുടെ ടിക്കറ്റ് അദ്ദേഹം ഹോളണ്ടിന് സമർപ്പിച്ചു. ഏറെ സന്തോഷത്തോടെ ആ ടിക്കറ്റിൽ ഒപ്പുവച്ച്, ടോം ഹോളണ്ട് കൊച്ചിയിലെ ഫാൻ ഷോ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. നായകനുമായുള്ള ആവേശകരമായ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. കൊച്ചിയിലെ വനിത വിനീത തിയറ്ററിലാണ് സപെഷ്യൽ ഫാൻ ഷോ ക്രമീകരിച്ചിരിക്കുന്നത്.