ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ് പ്രമേഹം. വ്യായാമക്കുറവ്, അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ, അമിതവണ്ണം, വർധിച്ചുവരുന്ന മാനസികസമ്മർദം എന്നിവയെല്ലാം പ്രമേഹത്തിന് കാരണമാകുന്നു. ഇന്ത്യയിൽ ഏകദേശം 101 ദശലക്ഷം ആളുകൾ പ്രമേഹബാധിതരാണ്. ഇത് മുതിർന്ന ജനസംഖ്യയുടെ ഏകദേശം 11.4 ശതമാനത്തോളം വരും. കണക്കുകൾ പ്രകാരം ഏകദേശം 136 ദശലക്ഷം ആളുകൾ പ്രീഡയബറ്റിസ് അല്ലെങ്കിൽ പ്രമേഹത്തിന് തൊട്ടുമുന്പുള്ള അവസ്ഥയിലാണ്. ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ ഇവരിൽ പകുതിയിലധികം പേർക്കും അഞ്ചു വർഷത്തിനുള്ളിൽ പ്രമേഹം വരാൻ സാധ്യതയുണ്ട്.
പ്രമേഹത്തെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി എല്ലാ വർഷവും നവംബർ 14ന് ലോക പ്രമേഹദിനമായി ആചരിക്കുന്നു. ഇൻസുലിൻ കണ്ടുപിടിത്തത്തിൽ നിർണായക പങ്കു വഹിച്ച ഫ്രെഡറിക് ബാന്റിംഗിന്റെ ജന്മദിനമാണ് ഈ ദിനമായി തെരഞ്ഞെടുത്തിരിക്കുന്നത്. 2026ലെ ലോകപ്രമേഹദിനത്തിന്റെ സന്ദേശം ‘പ്രമേഹത്തിനെതിരേ നേരത്തേയുള്ള ഇടപെടൽ’ എന്നതാണ്. രോഗം തുടക്കത്തിലേ തിരിച്ചറിയുക, സങ്കീർണതകൾ തടയുക എന്നിവയാണ് ഈ സന്ദേശത്തിന്റെ കാതൽ.
അറിയാതെ വളരുന്ന രോഗം
പ്രമേഹം ഒരു നിശബ്ദ കൊലയാളിയായിട്ടാണ് കണക്കാക്കുന്നത്. പ്രമേഹത്തിന്റെ ഏറ്റവും വലിയ അപകടങ്ങളിലൊന്ന് പലപ്പോഴും രോഗലക്ഷണങ്ങളില്ലാതെ വർഷങ്ങളോളം ശരീരത്തിൽ നിലനിൽക്കുന്നു എന്നതാണ്. ചിലരിൽ വൃക്കരോഗം, ഹൃദ്രോഗം, കാഴ്ചക്കുറവ് തുടങ്ങിയ സങ്കീർണതകൾ ഉണ്ടായശേഷമാണ് പ്രമേഹം കണ്ടെത്തുന്നത്. അതുകൊണ്ടുതന്നെ രോഗലക്ഷണങ്ങൾ വരുന്നതുവരെ കാത്തിരിക്കാതെ കൃത്യമായ ഇടവേളകളിൽ രക്തത്തിലെ പഞ്ചസാര പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. കുടുംബത്തിൽ പ്രമേഹരോഗമുള്ളവർ, ശാരീരിക അധ്വാനം കുറഞ്ഞ ജീവിതശൈലികളുള്ളവർ, ഗർഭകാലത്ത് പ്രമേഹമുള്ള സ്ത്രീകൾ എന്നിവർ നേരത്തേതന്നെ പ്രത്യേകം ശ്രദ്ധിക്കുകയും അതിനനുസരിച്ചുള്ള പരിശോധനകൾ നടത്തുകയും വേണം.
ശരീരത്തെ എങ്ങനെ ബാധിക്കുന്നു
അമിതമായ ദാഹം, ഇടക്കിടെയുള്ള മൂത്രമൊഴിക്കൽ, അമിത വിശപ്പ്, ശരീരഭാരം കുറയുക, അമിതമായ ക്ഷീണം, മുറിവകളുണങ്ങാനുള്ള കാലതാമസം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ചിലരിൽ ഹൃദ്രോഗം, വൃക്കരോഗം, കാഴ്ചക്കുറവ്, നാഡീവ്യൂഹങ്ങളുടെ തകരാർ, നിരന്തരമായുള്ള അണുബാധ തുടങ്ങിയ സങ്കീർണതകൾ കണ്ടെത്തുന്പോഴായിരിക്കും പ്രമേഹമുണ്ടെന്ന കാര്യം തിരിച്ചറിയുന്നത്.
പ്രമേഹത്തിന്റെ വിവിധ തരങ്ങൾ
രോഗകാരണങ്ങളും ശരീരത്തിലെ ഇൻസുലിൻ ഹോർമോണിന്റെ പ്രവർത്തനത്തിലെ വ്യതിയാനങ്ങളും അടിസ്ഥാനമാക്കി പ്രമേഹത്തെ പല വിഭാഗങ്ങളായി തരം തിരിക്കാം.
1. ടൈപ്പ് 1 പ്രമേഹം: ഇൻസുലിൻ ഉത്പാദിപ്പിക്കുന്ന പാൻക്രിയാസിലെ ബീറ്റാ കോശങ്ങളെ നശിപ്പിക്കുന്നതാണ് ഈ രോഗത്തിന് കാരണം. സാധാരണയായി കുട്ടികളിലും കൗമാരക്കാരിലും കണ്ടുവരുന്ന ഈ പ്രമേഹത്തിന് ജീവിതകാലം മുഴുവൻ ഇൻസുലിൻ ചികിത്സ ആവശ്യമാണ്.
2. ടൈപ്പ് 2 പ്രമേഹം: ഏറ്റവും സാധാരണയായി കാണപ്പെടുന്ന പ്രമേഹമാണ്. ശരീരത്തിലെ കോശങ്ങൾക്ക് ഇൻസുലിനോടുള്ള പ്രതികരണശേഷി കുറയുകയും കാലക്രമേണ ഇൻസുലിൻ ഉത്പാദനം അപര്യാപ്തമാകുകയും ചെയ്യുന്നു. അമിതവണ്ണം, വ്യായാമക്കുറവ്, അനാരോഗ്യകരമായ ഭക്ഷണശീലം, ജനിതകഘടകങ്ങൾ, എന്നിവ ഇതിന്റെ സാധ്യത വർധിപ്പിക്കുന്നു. ജീവിതശൈലിയിലെ മാറ്റങ്ങൾ, മരുന്നുകൾ, ആവശ്യമായ സാഹചര്യങ്ങളിൽ ഇൻസുലിൻ എന്നിവയിലൂടെ ഇതു നിയന്ത്രിക്കാം.
3. ഗർഭകാല പ്രമേഹം: ഗർഭകാലത്ത് ആദ്യമായി തിരിച്ചറിയുന്ന പ്രമേഹമാണിത്. ഗർഭകാലത്തുള്ള ഹോർമോണ് വ്യതിയാനങ്ങൾ ഇൻസുലിന്റെ പ്രവർത്തനത്തെ ബാധിക്കുന്നതാണ് പ്രധാന കാരണം. പ്രസവശേഷം പലരിലും ഭാവിയിൽ പ്രമേഹം ഉണ്ടാകാനുള്ള സാധ്യതയും വർധിപ്പിക്കുന്നു.
4. മറ്റു പ്രത്യേക കാരണങ്ങളാലുള്ള പ്രമേഹം
-പാൻക്രിയാസിനെ ബാധിക്കുന്ന രോഗങ്ങൾ മൂലമുള്ള പ്രമേഹം
-ജനിതക കാരണങ്ങളാലുള്ള പ്രമേഹം
-ചില മരുന്നുകളുടെ (ഉദാ: സ്റ്റിറോയ്ഡുകൾ) ദീർഘകാല ഉപയോഗം