തിരുവനന്തപുരം: ശബരിമലയിലേക്ക് ആവശ്യമായ മിൽമ നെയ്യ് മറിച്ചുവിറ്റ സംഭവത്തിൽ ദേവസ്വം സെക്രട്ടറിക്ക് അന്വേഷണ ചുമതല നൽകി ഉത്തരവ് പുറത്തിറങ്ങി. സംഭവത്തിൽ ക്ഷീരവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയും നേരത്തെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
വിജിലൻസും വിഷയത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മിൽമ നൽകിയ നെയ്യ് നിലവാരം ഇല്ലാത്തതാണോ എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കും. മിൽമ നെയ്യ് മറിച്ചുവിറ്റ് പകരം നിലവാരമില്ലാത്ത നെയ്യ് ശബരിമലയിൽ എത്തിച്ചതിലാണ് ദേവസ്വം ബോർഡിലേക്കും അന്വേഷണം വ്യാപിക്കുന്നത്.
നെയ്യ് മറിച്ചുവിറ്റ സംഭവത്തിൽ ദേവസ്വം കമ്മീഷണറോട് ദേവസ്വം മന്ത്രി കെ. മുരളീധരൻ റിപ്പോർട്ട് തേടിയിരുന്നു. ദേവസ്വം ബോർഡിന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്ന വിലയിരുത്തലിലാണ് കെ. മുരളീധരൻ റിപ്പോർട്ട് തേടിയത്.
നെയ്യ് കൊടുത്ത മിൽമയെപ്പോലെ വാങ്ങിയ ദേവസ്വം ബോർഡിനും ഉത്തരവാദിത്തമുണ്ടെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. വിറ്റവർ ഗുണമേന്മ ഇല്ലാത്ത സാധനം വിറ്റെങ്കിൽ എന്തിനത് വാങ്ങിയെന്നും അത് വലിയ ഗൗരവമുള്ള കാര്യമാണെന്നും മന്ത്രി കെ. മുരളീധരൻ പറഞ്ഞു.