ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ താന്‍ പ്രസംഗിച്ച വേദിയിൽ ശുദ്ധീകരണത്തിനായി യാഗം നടത്തിയെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനും ദളിതനുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. രാജ്യസഭയില്‍ ഖാര്‍ഗെ തന്നെ ഇക്കാര്യം ഉന്നയിച്ചതോടെ കടുത്ത പ്രതിഷേധമുയർന്നു.
ഹല്‍ദ്വാനിയിലെ രാംലീല മൈതാനത്ത് കഴിഞ്ഞ എട്ടാം തീയതി തന്റെ റാലിക്കുശേഷം വേദി ശുദ്ധീകരിക്കുന്നതിനായി യാഗം (ഹവനം) നടത്തിയെന്നും ബിജെപിയുമായി ബന്ധമുള്ളവരാണ് അതു ചെയ്തതെന്നും ഖാര്‍ഗെ രാജ്യസഭയില്‍ ആരോപിച്ചു.
ഇത് തന്നോടും ഭരണഘടന വാഗ്ദാനം ചെയ്യുന്ന തുല്യതയോടുമുള്ള അവഹേളനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതോടെ പ്രതിപക്ഷം ഒന്നടങ്കം സര്‍ക്കാരിനും ബിജെപിക്കും എതിരേ പ്രതിഷേധിച്ചു.
സര്‍ക്കാരുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മാത്രമായിരുന്നു തന്റെ പ്രസംഗം. ജനാധിപത്യത്തില്‍ ഇങ്ങനെയൊക്കെ സംഭവിക്കുമോ? സര്‍ക്കാരും ബിജെപിയും ഭരണഘടനയെ എങ്ങനെയാണു സംരക്ഷിക്കുന്നതെന്നും ഖാര്‍ഗെ ചോദിച്ചു.
രാജ്യവ്യാപക പ്രതിഷേധം
ന്യൂഡൽഹി: മല്ലികാർജുൻ ഖാർഗെയെ അപമാനിച്ച സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പുപറയണമെന്നാവശ്യപ്പെട്ട് ഇന്ന് വൈകുന്നേരം രാജ്യത്തെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഗാന്ധി-അംബേദ്കർ പ്രതിമകൾക്കു മുന്നിൽ കോൺഗ്രസ് സത്യഗ്രഹം സംഘടിപ്പിക്കുമെന്നു കെ.സി. വേണുഗോപാൽ അറിയിച്ചു.