മല്ലികാർജുൻ ഖാർഗെ (ഫയൽ ചിത്രം)
ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ താന്‍ പ്രസംഗിച്ച വേദിയിൽ ശുദ്ധീകരണത്തിനായി യാഗം നടത്തിയെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനും ദളിതനുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. രാജ്യസഭയില്‍ ഖാര്‍ഗെ തന്നെ ഇക്കാര്യം ഉന്നയിച്ചതോടെ കടുത്ത പ്രതിഷേധമുയർന്നു.
ഹല്‍ദ്വാനിയിലെ രാംലീല മൈതാനത്ത് കഴിഞ്ഞ എട്ടാം തീയതി തന്റെ റാലിക്കുശേഷം വേദി ശുദ്ധീകരിക്കുന്നതിനായി യാഗം (ഹവനം) നടത്തിയെന്നും ബിജെപിയുമായി ബന്ധമുള്ളവരാണ് അതു ചെയ്തതെന്നും ഖാര്‍ഗെ രാജ്യസഭയില്‍ ആരോപിച്ചു.
ഇത് തന്നോടും ഭരണഘടന വാഗ്ദാനം ചെയ്യുന്ന തുല്യതയോടുമുള്ള അവഹേളനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതോടെ പ്രതിപക്ഷം ഒന്നടങ്കം സര്‍ക്കാരിനും ബിജെപിക്കും എതിരേ പ്രതിഷേധിച്ചു.
സര്‍ക്കാരുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മാത്രമായിരുന്നു തന്റെ പ്രസംഗം. ജനാധിപത്യത്തില്‍ ഇങ്ങനെയൊക്കെ സംഭവിക്കുമോ? സര്‍ക്കാരും ബിജെപിയും ഭരണഘടനയെ എങ്ങനെയാണു സംരക്ഷിക്കുന്നതെന്നും ഖാര്‍ഗെ ചോദിച്ചു.
രാജ്യവ്യാപക പ്രതിഷേധം
ന്യൂഡൽഹി: മല്ലികാർജുൻ ഖാർഗെയെ അപമാനിച്ച സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പുപറയണമെന്നാവശ്യപ്പെട്ട് ഇന്ന് വൈകുന്നേരം രാജ്യത്തെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഗാന്ധി-അംബേദ്കർ പ്രതിമകൾക്കു മുന്നിൽ കോൺഗ്രസ് സത്യഗ്രഹം സംഘടിപ്പിക്കുമെന്നു കെ.സി. വേണുഗോപാൽ അറിയിച്ചു.

എന്നെ അവഹേളിച്ചു
സംഭവത്തെ രാഷ്ട്രീയ തര്‍ക്കമാക്കി മാറ്റാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ഇതിന്റെ സാമൂഹിക പ്രത്യാഘാതങ്ങള്‍ അവഗണിക്കാന്‍ കഴിയില്ല. ഞാന്‍ പട്ടികജാതിക്കാരനാണ്. എന്നെ സംരക്ഷിക്കണമെന്ന് ആരോടും ആവശ്യപ്പെട്ടിട്ടില്ല. പോരാടാനുള്ള കരുത്ത് എനിക്കുണ്ട്. എന്നാല്‍ നിങ്ങളെന്നെ തൊട്ടുകൂടാത്തവനായി കാണുകയും ശുദ്ധീകരണം നടത്തി അവഹേളിക്കുകയും ചെയ്യുന്നു.
ഹല്‍ദ്വാനിയില്‍ സംഭവിച്ചതു രാജ്യത്തിനു നല്ലതല്ല. രാജ്യത്തെ വിഭജിക്കുന്നതാണിത്. ബിജെപിയുടെ ആശയങ്ങളില്‍ വിശ്വസിക്കുന്നവര്‍ മതത്തിന്റെ പേരില്‍ ശുദ്ധീകരണം നടത്തുന്നത് രാജ്യത്തെ ദോഷകരമായി ബാധിക്കും. ഇതിലുള്‍പ്പെട്ട എല്ലാവര്‍ക്കുമെതിരേ കേസെടുക്കുകയും അവരെ അറസ്റ്റ് ചെയ്യുകയും വേണം.
-മല്ലികാര്‍ജുന്‍ ഖാര്‍ഗെ

നടപടിയെടുക്കണമെന്ന് ഉപരാഷ്ട്രപതി
അയിത്താചരണം പാപമല്ലെങ്കില്‍ പിന്നെ ലോകത്ത് പാപം എന്നൊന്നില്ല. നമ്മളെല്ലാം ശുദ്ധീകരിക്കപ്പെട്ടവരാണ്. അതിനാല്‍ നമ്മളെ വീണ്ടുംവീണ്ടും ശുദ്ധീകരിക്കേണ്ട ആവശ്യമില്ല. ഖാര്‍ഗെയെ അപമാനിക്കുന്നത് എല്ലാവരെയും അപമാനിക്കുന്നതിന് തുല്യമാണ്.
-ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്
സംഭവം അങ്ങേയറ്റം ഖേദകരമാണ്. യാഗത്തില്‍ ബിജെപിക്കു പങ്കില്ല. ഇത്തരം പെരുമാറ്റത്തെ ബിജെപി പിന്തുണയ്ക്കുന്നില്ല.
- കേന്ദ്രമന്ത്രി ജെ.പി. നഡ്ഡ
Tags : DevelopedIndia Untouchability Purification Stage Kharge Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash