District News
എരുമേലി: ഇന്നലെ ശബരിമലയിൽ ഉൾക്കൊള്ളാൻ കഴിയാത്ത വിധം അനിയന്ത്രിതമായ തിരക്ക് ഉണ്ടായതിനെ തുടർന്ന് എരുമേലിയിലെ റോഡുകളിൽ പലയിടത്തും അയ്യപ്പഭക്തരെ ശബരിമലയിലേക്ക് വിടാതെ പോലീസ് തടഞ്ഞിട്ടു. ഉച്ചയോടെ കാനനപാത അടച്ചു. ഇതോടെ റോഡ് മാർഗം വഴിയായി ശബരിമല യാത്ര. എന്നാൽ, ഇവിടെയും പോലീസ് തടഞ്ഞിട്ടു.
ആദ്യം ഇതിനെ ചെറിയ തോതിൽ എതിർത്ത ഭക്തർ പിന്നീട് പ്രതികരിച്ചത് റോഡുകൾ ഉപരോധിച്ചായിരുന്നു. ഇതോടെ പോലീസിന്റെ നീക്കം പാളി. ഭക്തരുടെ ഉപരോധത്തെത്തുടർന്ന് പോലീസ് പെട്ടന്നുതന്നെ മറ്റൊരു നീക്കം സ്വീകരിച്ചു. ഉപരോധം നടത്തുന്ന സ്ഥലത്ത് സംഘർഷ സ്ഥിതി ആകുമ്പോൾ ഭക്തരെ കടത്തി വിടുകയും അടുത്ത ജംഗ്ഷനിൽ ഭക്തർ എത്തുമ്പോൾ അവിടെ തടഞ്ഞിടുകയും എന്ന രീതിയിൽ പോലീസ് നടപടി സ്വീകരിച്ചു.
അടുത്ത ജംഗ്ഷനിൽ പോലീസ് വീണ്ടും തടയുന്നത് കണ്ടതോടെ ഭക്തർ അവിടെയും റോഡ് ഉപരോധിച്ചു. ഇങ്ങനെ എരുമേലിയിലെ ശബരിമല പാതയിൽ പലയിടത്തും പോലീസ് തടഞ്ഞപ്പോൾ അവിടെയെല്ലാം ഉപരോധം നടത്തി ഭക്തർ ഒടുവിൽ എരുമേലിയുടെ അതിർത്തി താണ്ടി പമ്പ ശബരിമല പാതയിൽ പ്രവേശിച്ചത് മണിക്കൂറുകളോളം കഴിഞ്ഞാണ്.
രാവിലെ എരുമേലിയിൽ തടയപ്പെട്ട ഭക്തർ വൈകുന്നേരം കഴിഞ്ഞാണ് എരുമേലിയുടെ അതിർത്തി അവസാനിക്കുന്ന കണമലയിൽ എത്തിയത്. മണിക്കൂറുകളോളം ഭക്തരെ റോഡിൽ വൈകിക്കുന്നതിലേക്ക് പോലീസ് നടപടി മാറിയത് ശബരിമലയിലെ തിരക്കിന് അയവുണ്ടാകാൻ വേണ്ടിയായിരുന്നെന്ന് പോലീസ് പറഞ്ഞു.
കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് ഇന്നലെ രാവിലെ മുതൽ വൈകുന്നേരം വരെയും എരുമേലി പോലീസ് സ്റ്റേഷനിൽ ക്യാമ്പ് ചെയ്താണ് നടപടികൾക്ക് നേതൃത്വം നൽകിയത്. ഭക്തരെ കൈയേറ്റം ചെയ്യുകയോ മോശമായി സംസാരിക്കുകയോ പോലീസ് ചെയ്യരുതെന്നും അനുനയത്തോടെ ഇടപെടണമെന്നും ഭക്ഷണം, വെള്ളം, പ്രാഥമിക കൃത്യ നിർവഹണം അടക്കം സൗകര്യം ഭക്തർക്ക് ലഭ്യമാകാൻ പോലീസ് സഹായിക്കണമെന്നും ജില്ലാ പോലീസ് മേധാവി പ്രത്യേക നിർദേശം നൽകിയിരുന്നു.
എന്നാൽ, ചില പോലീസ് ഉദ്യോഗസ്ഥർ വളരെ മോശമായി പെരുമാറിയെന്ന് ഭക്തർ പരാതി പറഞ്ഞു. ശബരിമല ദർശനത്തിന് ഓൺലൈൻ വെർച്വൽ ക്യൂ വഴി പാസ് ലഭിച്ച നിരവധി ഭക്തർ ഉൾപ്പെടെയാണ് എരുമേലിയിൽ തടയപ്പെട്ടത്.
നാട് മൊത്തം കുരുക്ക്
റോഡുകൾ ഉപരോധിച്ച് ഭക്തർ പ്രതിഷേധിച്ചത് മണിക്കൂറുകളോളമാണ്. മുഴുവൻ വാഹനങ്ങളും ഇതോടെ ഭക്തരുടെ ഉപരോധത്തിൽപ്പെട്ടു കിടന്നു. ഇത് പോലീസിന്റെ നടപടികൾക്ക് തിരിച്ചടിയായി. ആംബുലൻസുകൾ മാത്രമാണ് കടത്തിവിടാൻ ഭക്തർ അനുവദിച്ചത്. തങ്ങളെ വിടുന്നില്ലെങ്കിൽ റോഡിൽ ഒരു വാഹനവും സഞ്ചരിക്കാൻ അനുവദിക്കില്ലെന്ന നിലപാടിൽ ഭക്തർ ഉറച്ചുനിന്നു. ഭക്തരെ പോലീസ് തടയുമ്പോൾ കെഎസ്ആർടിസി ബസുകളും സ്വകാര്യ ബസുകളും ഉൾപ്പെടെ മുഴുവൻ വാഹനങ്ങളും ഭക്തർ തടയുകയായിരുന്നു
District News
ഇരിങ്ങാലക്കുട: ചരിത്രപ്രസിദ്ധമായ സെന്റ് തോമസ് കത്തീഡ്രലിലെ പിണ്ടിപ്പെരുന്നാളിനു വന്‍ഭക്തജനപ്രവാഹം. ഇന്നലെ ദിവ്യബലിക്കുശേഷം വീടുകളിലേക്കു അമ്പെഴുന്നള്ളിപ്പ് നടന്നു.
കത്തീഡ്രല്‍ ദേവാലയത്തില്‍ വൈകീട്ട് അഞ്ചിനു നടന്ന രൂപം എഴുന്നള്ളിച്ചുവയ്ക്കലിൽ ആയിരങ്ങള്‍ പങ്കുകൊണ്ടു. രൂപം എഴുന്നള്ളിച്ചുവയ്ക്കല്‍, നേര്ച്ചവെഞ്ചരിപ്പ് എന്നിവ നടന്നു. ഇന്നലെ അര്‍ധരാത്രിയോടെയാണ് വിവിധ അങ്ങാടികളില്‍നിന്നും അമ്പെഴുന്നള്ളിപ്പുകള്‍ പള്ളിയില്‍ എത്തിച്ചേര്‍ന്നത്.
തുടര്‍ന്നു സീയോന് ഹാളില്‍ നടന്ന മതസൗഹാര്ദസമ്മേളനത്തില് ബിഷപ് മാര്‍ പോളി കണ്ണൂക്കാടനോടൊപ്പം മന്ത്രി ഡോ.ആര്. ബിന്ദു, ഇരിങ്ങാലക്കുട നഗരസഭ ചെയര്മാന് എം.പി. ജാക്സണ്, തൃശൂര്‍ റൂറല്‍ എസ്പി ബി. കൃഷ്ണകുമാര്‍, വിവിധ മതസാമുദായികനേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.
തിരുനാളിന്റെ വിജയത്തിനായി കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍, അസി. വികാരിമാരായ ഫാ. ഓസ്റ്റിന്‍ പാറയ്ക്കല്‍, ഫാ. ബെല്‍ഫിന്‍ കോപ്പുള്ളി, ഫാ. ആന്റണി നമ്പളം, ട്രസ്റ്റിമാരായ പി.ടി. ജോര്‍ജ്, സാബു ജോര്‍ജ് ചെറിയാടന്‍, തോമസ് തൊകലത്ത്, അഡ്വ.എം.എം. ഷാജന് മാണിക്കത്തുപറമ്പില്‍, ജനറല്‍ കണ്‍വീനര്‍ ഷാജു പന്തലിപ്പാടന്‍, ജോയിന്റ് കണ്‍വീനര്‍മാരായ കെ.കെ. ഷാജു കണ്ടംകുളത്തി, സൈമണ്‍ കുറ്റിക്കാടന്‍, തോമസ് കെ. ജോസ്, പബ്ലിസിറ്റി കണ്‍വീനര്‍ ജോമി ചേറ്റുപുഴക്കാരന്‍ എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റിയാണ് പ്രവര്‍ത്തിക്കുന്നത്.
കത്തീഡ്രലില്‍ ഇന്ന്
രാവിലെ 5.0 നും 6.30 നും 7.30 നും ഒമ്പതിനും ദിവ്യബലി, 10.30 ന് ആഘോഷമായ തിരുനാള്‍ ദിവ്യബലി കാര്മികന്-ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍, രണ്ടിന് ദിവ്യബലി, തുടര്‍ന്ന് തിരുനാള്‍ പ്രദക്ഷിണം, ഏഴിനു പ്രദക്ഷിണം പള്ളിയില്‍ സമാപിക്കും. തുടര്‍ന്ന് പരിശുദ്ധകുര്‍ബാനയുടെ ആശീര്‍വാദം, വര്‍ണമഴ.
Kerala
ശബരിമല: മണ്ഡല - മകരവിളക്ക് മഹോത്സവത്തിനായി നവംബർ 16ന് നട തുറന്ന ശേഷം ഇതുവരെ 1.36 ലക്ഷം പേർ ദർശനം നടത്തിയതായി എഡിജിപി എസ്. ശ്രീജിത്ത്. ആദ്യദിനം മാത്രം 55,000 ത്തോളം പേരാണ് ദർശനത്തിന് എത്തിയത്.
വെർച്ച്യൽ ക്യൂ ബുക്കിംഗിലൂടെയുള്ള 70,000 പേരെയും സ്പോട്ട് ബുക്കിംഗിലൂടെയുള്ള 20,000 പേരെയും ഉൾപ്പടെ പരമാവധി 90,000 തീർഥാടകർക്കാണ് ഒരു ദിവസം ദർശനം അനുവദിക്കുക. സുഗമമായ ദർശനത്തിന് എല്ലാവരും വെർച്യൽ ക്യൂ സംവിധാനം ഉപയോഗിക്കണമെന്നും എഡിജിപി നിർദ്ദേശിച്ചു.
തീർഥാടന കാലത്തേയ്ക്കായി 18,000 പോലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്ക് നിയോഗിച്ചിരിക്കുന്നത്. നിലവിൽ 3,500 ഉദ്യോഗസ്ഥരെ സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലായി വിന്യസിച്ചിട്ടുണ്ട്. സുഗമവും സുരക്ഷിതവുമായ തീർഥാടനത്തിനായി പോലിസ് എല്ലാവിധ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും എഡിജിപി വ്യക്തമാക്കി.
Kerala
പത്തനംതിട്ട: മണ്ഡലകാലത്ത് അയ്യപ്പഭക്തർക്ക് സുഗമമായ യാത്രാ സൗകര്യമൊരുക്കാൻ വിപുലമായ ഒരുക്കങ്ങളുമായി കെഎസ്ആർടിസി. ആദ്യഘട്ടത്തിൽ 450 ബസുകളാണ് കെഎസ്ആർടിസി സർവീസിനായി രംഗത്തിറക്കിയത്. നിലയ്ക്കൽ - പമ്പ ചെയിൻ ഓരോ മിനിറ്റിലും മൂന്ന് ബസുകൾ വീതം സർവീസ് നടത്തും. ഭക്തരുടെ എണ്ണം കൂടുന്നതിനനുസരിച്ച് കൂടുതൽ ബസുകൾ ഓടിക്കും.
202 ബസുകളാണ് ചെയിൻ സർവീസിനായി നിലവിൽ പമ്പയിലെത്തിച്ചിട്ടുള്ളത്. ലോ ഫ്ലോർ എസി, ലോ ഫ്ലോർ നോൺ എസി ബസുകൾ ഉൾപ്പെടെയാണിത്. 248 ദീർഘദൂര സർവീസുകളും വിവിധ ഡിപ്പോകളിൽ നിന്ന് പമ്പയിലേക്ക് നടത്തുന്നുണ്ട്.
തിരുവനന്തപുരം, പത്തനംതിട്ട, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം തുടങ്ങി പ്രധാന കേന്ദ്രങ്ങളിൽ നിന്ന് പമ്പയിലേക്ക് ബസ് സർവീസ് ഉണ്ട്. ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം റെയിൽവേ സ്റ്റേഷനുകളിലെത്തുന്ന തീർഥാടകരെ പമ്പയിലെത്തിക്കുന്നതിനും സർവീസുകൾ നടക്കുന്നുണ്ട്.
നിലയ്ക്കൽ - പമ്പ സർവീസിനായി 350 വീതം ഡ്രൈവർമാരെയും കണ്ടക്ടർമാരെയും നിയോഗിച്ചിട്ടുണ്ട്. പമ്പയിലെ പ്രവർത്തനങ്ങളുടെ ഏകോപനത്തിനും നിയന്ത്രണത്തിനുമായി 95 ജീവനക്കാരെയും കോർപ്പറേഷൻ നിയോഗിച്ചിട്ടുണ്ട്.