തൃശൂർ: ധനലക്ഷ്മി ബാങ്കിന്റെ ശതാബ്ദി ആഘോഷങ്ങൾക്ക് 14നു തുടക്കമാകും. ഹയാത്ത് റീജൻസിയിൽ വൈകുന്നേരം ആറിനു നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം നിർവഹിക്കും.
ഒരു വർഷം നീളുന്ന ആഘോഷങ്ങളിൽ സാമൂഹ്യപ്രതിബദ്ധതയുള്ള നിരവധി പദ്ധതികൾ നടപ്പാക്കുമെന്ന് ബാങ്ക് എംഡിയും സിഇഒയുമായ കെ.കെ. അജിത്കുമാർ പത്രസമ്മേളനത്തിൽ പറഞ്ഞു. ചടങ്ങിൽ സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയരംഗത്തെ പ്രമുഖരും ബാങ്കിന്റെ മുൻജീവനക്കാരും പങ്കെടുക്കും. പഠനത്തിൽ മികവു പുലർത്തുന്ന സാന്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ് പദ്ധതി പ്രഖ്യാപിക്കും.
കഴിഞ്ഞ സാന്പത്തികവർഷം 102.75 കോടി രൂപയുമായി റിക്കാർഡ് അറ്റാദായമാണ് ബാങ്ക് കൈവരിച്ചത്. ഈ സാന്പത്തികവർഷം ആദ്യ ആറുമാസത്തിൽ 73.46 കോടി രൂപയുമായി ഇരട്ടിയിലേറെയാണു വർധന. 36,499 കോടി രൂപയാണു മൊത്തം ബിസിനസ്. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ഒരു ലക്ഷം കോടിയുടെ ബിസിനസാണു ലക്ഷ്യമിടുന്നത്.
തൃശൂർ കേന്ദ്രമായി 1927 നവംബർ 14നാണ് ധനലക്ഷ്മി ബാങ്ക് സ്ഥാപിതമായത്. നിലവിൽ 271 ശാഖകളാണ് ബാങ്കിനുള്ളത്. ഈ വർഷം 25 ശാഖകൾകൂടി തുറക്കും. അടുത്തവർഷം ശാഖകൾ മുന്നൂറാകുമെന്നും ശതാബ്ദിയുടെ ഭാഗമായി പ്രത്യേക നിക്ഷേപപദ്ധതികളും പ്രത്യേക വായ്പാപദ്ധതികളും അവതരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എക്സിക്യൂട്ടീവ് ഡയറക്ടർ പി. സൂര്യരാജ്, പ്ലാനിംഗ് ആൻഡ് ബിസിസിനസ് ഹെഡ് ബിജുകുമാർ എന്നിവരും പത്രസമ്മേളത്തിൽ പങ്കെടുത്തു.