Movies
അച്ഛന്റെ ചേതനയറ്റ മൃതദേഹം കണ്ട് പൊട്ടിക്കരഞ്ഞ് ധ്യാൻ ശ്രീനിവാസൻ. അന്ത്യസമയത്ത് അടുത്തില്ലാതിരുന്ന ധ്യാൻ 11.30ടെയാണ് വീട്ടിലെത്തിയത്. സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി കോഴിക്കോട്ടായിരുന്നു ധ്യാൻ.
അച്ഛന്റെ മൃതദേഹം കണ്ട് കരച്ചിലടക്കാനാകാതെ ധ്യാൻ പൊട്ടിക്കരഞ്ഞു. ശേഷം അമ്മയെ ചേർത്തുപിടിച്ച് വിങ്ങിക്കരയുകയായിരുന്നു.
രാവിലെ ധ്യാൻ വീട്ടിൽ ഇല്ലായിരുന്നു. അതിനാൽ ആശുപത്രിയിലേക്ക് ശ്രീനിവാസനൊപ്പം ഭാര്യ വിമലയും ഡ്രൈവറുമാണ് പോയത്. ചെന്നൈയിലേയ്ക്ക് പോകാനായി വിമാനത്താവളത്തിലെത്തിയപ്പോഴാണ് മൂത്ത മകൻ വിനീത് അച്ഛന്റെ വിയോഗവാർത്ത അറിഞ്ഞത്. ഉടനെ താരം ആശുപത്രിയിലെത്തി.
ധ്യാനിന്റെ ജന്മദിനമായ ഡിസംബർ 20-നാണ് ശ്രീനിവാസൻ വിടപറഞ്ഞതെന്നതും വേദനാജനകമാണ്.
ഡയാലിസിസിനായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഉണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടർന്നാണ് ശ്രീനിവാസന്റെ അന്ത്യം സംഭവിച്ചത്. ഇന്നു രാവിലെ 8,30-ടെ ആയിരുന്നു അന്ത്യം.
Movies
നവ്യ നായരോടുള്ള തന്റെ ഇഷ്ടത്തെക്കുറിച്ച് പറഞ്ഞ് വീണ്ടും തമാശകളിൽ നിറഞ്ഞ് ധ്യാൻ ശ്രീനിവാസൻ. മുംബൈയിൽ വന്ന മെസിയെ കാണാൻ പോകുന്നുണ്ടോ അതോ നവ്യയ്ക്കൊപ്പമുള്ള പരിപാടിയാണോ വലുതെന്ന ചോദിച്ച കൂട്ടുകാരനോട് നവ്യയാണ് വലുതെന്ന് പറഞ്ഞെന്ന് ധ്യാൻ പറഞ്ഞതാണ് എല്ലാവരിലും ചിരിയുണർത്തിയത്.
ഫുട്ബോൾ താരം ലയണൽ മെസിയെ നേരിട്ടു കാണാനുള്ള അവസരം പോലും വേണ്ടെന്നു വച്ചത് നവ്യ നായര്ക്കു വേണ്ടിയായിരുന്നുവെന്ന് ധ്യാൻ പറയുകയുണ്ടായി. കൊട്ടാരക്കരയിൽ ഒരു ഉദ്ഘാടനത്തിന് എത്തിയതായിരുന്നു ധ്യാനും നവ്യയും.
കഴിഞ്ഞ ദിവസം മുംബൈയിൽ മെസി വന്നു പോയത് നമ്മളെല്ലാം കണ്ടിട്ടുണ്ടാകും. ഇവിടെ വച്ച് പറയുന്നത് ചിലപ്പോൾ കള്ളമായിട്ട് തോന്നും. പക്ഷേ സത്യമാണ്. സംഘാടകരിൽ ഒരാളായ കൂട്ടുകാരൻ മെസിയെ കാണാൻ ഒരവസരം തരാമെന്ന് പറഞ്ഞിരുന്നു.
അപ്പോൾ ഞാൻ പറഞ്ഞു, വരാൻ പറ്റില്ല കൊട്ടാരക്കരയിൽ ഒരു ഉദ്ഘാടനമുണ്ടെന്ന്. മെസിയെക്കാൾ വലുതാണോ നിനക്ക് നവ്യ എന്ന് അവൻ ചോദിച്ചു. അതേ എന്ന് ഞാന് പറഞ്ഞു. ഞാൻ ഈ വേദി പങ്കിടുന്നത് മലയാള സിനിമയിലെ ഒരു ഗോട്ട് നായികയുമായാണ്.
എന്റെ പഴയൊരു ഇന്റർവ്യു ഉണ്ട്. അച്ഛനൊപ്പമുള്ളത്. അതിലൂടയാണ് എന്റെ ഇന്റർവ്യു കരിയർ ആരംഭിക്കുന്നത്. ആ അഭിമുഖത്തിൽ കല്യാണം കഴിക്കാൻ ഒരുപാട് ആഗ്രഹിച്ച ആളാണ് നവ്യ നായർ എന്ന് ഞാന് പറഞ്ഞിരുന്നു.
അന്നത്തെക്കാലത്ത് നവ്യ നായർ, കാവ്യ മാധവൻ അല്ലെങ്കിൽ മീര ജാസ്മിൻ. ഇവരിൽ മൂന്ന് പേരിൽ ഒരാളെ കല്യാണം കഴിക്കണമെന്നതായിരുന്നു എന്റെ ലക്ഷ്യം. പക്ഷേ അത് നടന്നില്ല. എനിക്ക് മെസിയെക്കാൾ അല്ലെങ്കിൽ മറ്റാരെക്കാളും വലുത് നവ്യയാണ് എന്നായിരുന്നു ധ്യാന് രസകരമായി പറഞ്ഞത്.
ധ്യാനിന്റെ വാക്കുകൾ കേട്ട് ചിരിയടക്കാൻ പാടുപെടുന്ന നവ്യയെ കാണാം. ധ്യാനും തന്റെ മകന് സായിയും ഏകദേശം ഒരു സ്വഭാവമുള്ളവരാണെന്നായിരുന്നു നവ്യയുടെ മറുപടി.
ധ്യാനെപ്പോലെ തന്നെ കളിയാക്കാൻ മകന് മിടുക്കനാണെന്നും സായിയുമൊത്തുള്ള തന്റെ വീഡിയോയിലും ധ്യാനിനെ ചേർത്തുള്ള കമന്റുകൾ വരാറുണ്ടായിരുന്നുവെന്നും നവ്യ പറഞ്ഞു.
ശ്രീനിവാസന്റെ ഒരു പഴയകാല അഭിമുഖം അടുത്തിടെ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. 15 വർഷത്തിലധികം പഴക്കമുള്ള ആ വിഡിയോയിൽ അന്നത്തെ ഏറ്റവും തിരക്കുള്ള നായികമാരിലൊരാളായിരുന്ന നവ്യ നായരോട് തനിക്ക് ക്രഷ് ഉണ്ടെന്ന് കുഞ്ഞു ധ്യാൻ പറഞ്ഞത് വൈറലായിരുന്നു.
Movies
റെജി പ്രഭാകരൻ സംവിധാനം ചെയ്യുന്ന കാഞ്ചി മാല എന്ന ചിത്രത്തിൽ ധ്യാൻ ശ്രീനിവാസന്റെ നായികയായി എത്തുന്നത് തേജാ ലക്ഷ്മി. ശ്രേയാനിധി ക്രിയേഷൻസിന്റെ ബാനറിൽ രാജേഷ് നായർ, ശ്രേയാനിധി എന്നിവർ നിർമിക്കുന്ന ഈ ചിത്രം നമ്മുടെ സമൂഹത്തിൽ നിന്നും നഷ്ടമായിക്കൊണ്ടിരിക്കുന്ന പല ജീവിത മൂല്യങ്ങളും തിരിച്ചു പിടിക്കാനുള്ള ഉദ്യമത്തിന്റെ സന്ദേശം ഉൾക്കൊള്ളുന്ന ചിത്രമാണ്.
മികച്ച സാമൂഹ്യ പ്രതിബദ്ധതയുള്ള ചിത്രമെന്ന് പ്രശംസ നേടിയ സുഖമായിരിക്കട്ടെ എന്ന ചിത്രത്തിനു ശേഷം റെജി പ്രഭാകർ സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിലും കാഞ്ചിമാല എന്ന ചിത്രത്തിന്റെ പ്രാധാന്യം വർധിക്കുന്നു.
അജു വർഗീസ്, സിദ്ദീഖ്, ഇന്ദ്രൻസ്, സുധീർ കരമന, കുടശനാട് കനകം, ശോഭാ മോഹൻ എന്നിവരും പ്രധാന കഥാപാത്രങ്ങളിലെത്തുന്നു. കഥ - ഭാനു ഭാസ്ക്കർ. ഗാനങ്ങൾ - റഫീഖ് അഹമ്മദ്. സംഗീതം - ബിജിപാൽ, രമേഷ് നാരായണൻ, ഛായാഗ്രഹണം- പ്രദീപ് നായർ, എഡിറ്റിംഗ് - സിയാൻ ശ്രീകാന്ത്, കലാസംവിധാനം - രാജീവ് കോവിലകം. മേക്കപ്പ് - പട്ടണം ഷാ. കോസ്റ്റ്യും ഡിസൈൻ - ഇന്ദ്രൻസ് ജയൻ. സ്റ്റിൽസ് - അജേഷ്, കോഡയറക്ടർ - ഷിബു ഗംഗാധരൻ. ചീഫ് അസോസിയേറ്റ് ഡയറക്ടർ - ഹാരിസൺ. ഡിസൈൻ പ്രമേഷ്പ്രഭാകർ. പ്രൊഡക്ഷൻ കൺട്രോളർ - ഹരി വെഞ്ഞാറമൂട്.
ജനുവരി പതിനാലിന് ചിത്രീകരണമാരംഭിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം, കൊല്ലം, തിരുവനന്തപുരം വാഗമൺ എന്നിവിടങ്ങളിലായി പൂർത്തിയാകും. പിആർഒ-വാഴൂർ ജോസ്.
Movies
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ചിത്രം കാഞ്ചിമാലയുടെ പൂജയും സ്വിച്ച് ഓൺ കർമവും തിരുവനന്തപുരത്ത് വച്ച് നടന്നു. ശ്രേയനിധി ക്രിയേഷൻസിന്റെ ബാനറിൽ രാജേഷ് നായർ, ശ്രേയ, നിധി എന്നിവർ ചേർന്ന് നിർമിച്ച് റെജി പ്രഭാകരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് കാഞ്ചിമാല.
മന്ത്രി കെ. എൻ ബാലഗോപാൽ ഭദ്രദീപം തെളിച്ച് ചിത്രത്തിന്റെ പൂജാ ചടങ്ങുകൾക്ക് ആരംഭം കുറിച്ചു. മുൻ സ്പീക്കർ വിജയകുമാർ, മുൻമന്ത്രി സുരേന്ദ്രൻ പിള്ള, കല്ലിയൂർ ശശി, ഇന്ദ്രൻസ്, സുധീർ കരമന, നെൽസൺ, കൊടശനാട് കനകം, സംവിധായകരായ ജി.എസ്. വിജയൻ, ടി.സുരേഷ് ബാബു, കലാധരൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഡയറക്ടർ തുളസിദാസ് ക്യാമറ സ്വിച്ച് ഓൺ ചെയ്തപ്പോൾ എ.വി. അനൂപ് ക്ലാപ്പടിച്ചു. കാഞ്ചിമാലയിൽ ധ്യാൻ ശ്രീനിവാസനെ കൂടാതെ സിദ്ദിഖ്, ഇന്ദ്രൻസ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. അടുത്തവർഷം ആദ്യം ഷൂട്ടിംഗ് ആരംഭിക്കാനിരിക്കുന്ന ചിത്രത്തിന്റെ മറ്റു താര നിർണയങ്ങൾ നടന്നുവരുന്നു.
ഹൃദയബന്ധങ്ങളുടെ കഥ പറയുന്ന ഒരു ചിത്രമാണ് കാഞ്ചിമാല. ഹിംസയും അക്രമ ദൃശ്യങ്ങളും നിറയുന്ന വർത്തമാനകാലത്തെ നടപ്പു രീതികളിൽ നിന്ന് ഈ സിനിമ വേറിട്ട് നിൽക്കും. നഷ്ടമായിക്കൊണ്ടിരിക്കുന്ന മനുഷ്യബന്ധങ്ങളുടെ വിസ്മയകരമായ സൗന്ദര്യം,സ്നേഹം, ആർദ്രത, പ്രണയം ഇതെല്ലാം തിരിച്ചു പിടിക്കാനുള്ള ഒരു ശ്രമമാണ് ഈ സിനിമ.
സനു ഭാസ്കറിന്റേതാണ് കഥ. കാമറ പ്രദീപ് നായർ. എഡിറ്റിംഗ് സിയാൻ ശ്രീകാന്ത്. സംഗീതം ഒരുക്കുന്നത് ബിജിപാൽ,രമേശ് നാരായൺ. വരികൾ റഫീഖ് അഹമ്മദ്. കൊ -ഡയറക്ടർ ഷിബു ഗംഗാധരൻ. ആർട്ട് രാജീവ് കോവിലകം. പ്രൊഡക്ഷൻ കൺട്രോളർ - ഹരി വെഞ്ഞാറമൂട്.
കോസ്റ്റ്യൂം ഇന്ദ്രൻസ് ജയൻ. ചീഫ് അസോസിയേറ്റ് ഡയറക്ടർ ഹാരിസൺ. റീ റെക്കോർഡിംഗ് റോണി റാഫേൽ. മേക്കപ്പ് പട്ടണം ഷാ. പിആർഓ മഞ്ജു ഗോപിനാഥ്. സ്റ്റിൽസ് അജേഷ്. ഡിസൈൻസ് പ്രമേഷ് പ്രഭാകർ.
Movies
നടൻ അജ്മലിനെ ട്രോളുന്ന വിധത്തിലുള്ള ധ്യാൻ ശ്രീനിവാസന്റെ മറുപടി സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ധ്യാൻ നൽകിയ മറുപടിയാണ് ശ്രദ്ധേയം.
അറിയാത്ത കാര്യത്തെക്കുറിച്ച് ഒരു ആരോപണം ആരെങ്കിലും ഉന്നയിച്ചാൽ എങ്ങനെ പ്രതികരിക്കണം എന്നായിരുന്നു ചോദ്യം. ഇതിന് നമ്മളെക്കുറിച്ച് ആരെങ്കിലും ഒരു ആരോപണം പറഞ്ഞാൽ അത് എഐ ആണെന്ന് പറഞ്ഞാൽ മതി എന്നായിരുന്നു ധ്യാൻ ശ്രീനിവാസന്റെ പ്രതികരണം.
ആരോപണങ്ങളെ നേരിടാൻ എഐ ആണെന്ന് പറഞ്ഞാൽ മതിയെന്ന ധ്യാനിന്റെ വാക്കുകൾ അജ്മൽ അമീറിനുള്ള മറുപടിയാണോയെന്ന് ഒരു പക്ഷം ആൾക്കാർ ചോദിക്കുന്നു.
അടുത്തിടെ ഒരു വിവാദത്തിൽ നടൻ അജ്മൽ അമീർ നൽകിയ വിശദീകരണവുമായി ഇതിനുള്ള ബന്ധമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.
അജ്മൽ അമീറിന്റേതെന്ന പേരിൽ ചില വീഡിയോ കോൾ ദൃശ്യങ്ങളും ശബ്ദസന്ദേശങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. വാട്ട്സാപ്പ് കോൾ റിക്കാർഡ് ചെയ്തതിന്റെ ഭാഗങ്ങളാണ് പ്രചരിച്ചത്. ലൈംഗികചുവയോടെയുള്ള സംഭാഷണത്തിന്റെ ചില ഭാഗങ്ങളാണ് പുറത്തു വന്നത്. അതിലൊരു ഭാഗത്ത് അജ്മലിന്റെ മുഖം കാണിക്കുന്നുമുണ്ട്.
പിന്നാലെ, തന്റെ പേരിൽ വന്ന വീഡിയോ സന്ദേശങ്ങൾ എഐ നിർമിതമാണെന്ന് വിശദീകരിച്ചുകൊണ്ട് അജ്മൽ അമീർ രംഗത്തെത്തി. താനല്ല സന്ദേശങ്ങൾ അയച്ചതെന്നും തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് കൈകാര്യം ചെയ്ത മറ്റൊരാളാണ് ഇതിന് പിന്നിലെന്നുമാണ് അജ്മലിന്റെ വാദം. ഇതിന് പിന്നാലെ അക്കൗണ്ട് താൻ മാത്രം കൈകാര്യം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
എന്നാൽ ഈ വീഡിയോയ്ക്ക് താഴെ നിരവധി പെൺകുട്ടികൾ അജ്മലിനെതിരെ ഗുരുതരമായ മറ്റ് ആരോപണങ്ങളുമായി രംഗത്തെത്തി. ഈ സംഭവങ്ങളെ പരാമർശിച്ചുകൊണ്ടാണോ ധ്യാനിന്റെ പ്രതികരണം എന്നാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്ന ചോദ്യം.
Movies
ധ്യാൻ ശ്രീനിവാസനെ ട്രോളി നടൻ അനൂപ് മേനോൻ. സിനിമ മേഖലയിൽ ഏറ്റവും അധികം ചീത്തവിളി കേൾക്കുന്ന ഒരു വിഭാഗമാണ് അസിസ്റ്റന്റ് ഡയറക്ടറുമാരുടേതെന്നും എന്നാൽ ഒരു അസിസ്റ്റന്റ് ഡയറക്ടറായി ധ്യാൻ ആർമാദിച്ച പോലെ വേറെ ആരും ആർമാദിച്ചിട്ടില്ലെന്നായിരുന്നു അനൂപ് മേനോന്റെ വെളിപ്പെടുത്തൽ.
ധ്യാൻ അസിസ്റ്റന്റ് ഡയറക്ടർ ആയി ജോലി ചെയ്തപ്പോൾ സെറ്റിലുണ്ടായ രസകരമായ സംഭവം പറഞ്ഞുകൊണ്ടായിരുന്നു അനൂപ് മേനോന്റെ പരാമർശം. ‘രവീന്ദ്ര നീ എവിടെയാ’ എന്ന സിനിമയുടെ പ്രസ് മീറ്റിൽ സംസാരിക്കുകയായിരുന്നു അനൂപ് മേനോൻ.
അനൂപ് മേനോന്റെ വാക്കുകൾ
‘‘ധ്യാൻ ശ്രീനിവാസൻ ആദ്യമായി അസി. ഡയറക്ടറായ സിനിമയിലെ നായകനാകാൻ ഭാഗ്യം ലഭിച്ച താരമാണ് ഞാൻ. ഈ കഥ മുമ്പും പറഞ്ഞിട്ടുണ്ടെന്ന് തോന്നുന്നു, എങ്കിലും ഒരു തവണ കൂടി പറയാം.
ഒരു സിനിമയിൽ ഏറ്റവുമധികം ചീത്ത കേൾക്കുകയും കഷ്ടപ്പെടുകയും ചെയ്യുന്ന ഒരു വിഭാഗമാണ് അസിസ്റ്റന്റ് ഡയറക്ടേഴ്സ്. എല്ലാവരും എടുത്തിട്ട് ഉടുക്കും! എന്തിനാണെന്ന് അറിയില്ല. സംവിധായകനും നിർമാതാവും കുഴപ്പം പിടിച്ച നടന്മാരുണ്ടെങ്കിൽ അവരും വഴക്കു പറയും. എല്ലാ അസിസ്റ്റന്റ് ഡയറക്ടമാരോടുമുളള സിംപതിയും സഹാനുഭൂതിയും വച്ചു പറയട്ടെ, ഇക്കൂട്ടത്തിൽ എല്ലാവരിൽ നിന്നും മാറ്റി നിർത്തേണ്ട ഒരാളാണ് ഈ ഇരിക്കുന്ന ധ്യാൻ ശ്രീനിവാസൻ.
ഇവൻ അസിസ്റ്റന്റ് ഡയറക്ടറായ സെറ്റിൽ ഒരാൾ വന്നിട്ടുണ്ടെങ്കിൽ അവന് നായകനാകേണ്ട അസിസ്റ്റന്റ് ഡയറക്ടർ ആയാൽ മതിയെന്നു പറയും. കാരണം, ഇവൻ അവിടെ ആർമാദിച്ച പോലെ ഒരു അസിസ്റ്റന്റ് ഡയറക്ടറും മലയാള സിനിമാ ചരിത്രത്തിൽ ചെയ്തുകാണില്ല. ഞാൻ വന്ന ശേഷം മാത്രമേ ഇവൻ വരൂ, അത്രേ ഒളളൂ. വേങ്ങേരിയോ എവിടെയോ ഷൂട്ട് ഉള്ള സമയം. ഇവൻ തൊണ്ടയാട് ബൈപ്പാസിൽ കാറിടും. എന്നിട്ട് അവിടുന്ന് വിളിച്ചു ചോദിക്കും. ‘മറ്റവൻ വന്നോ, ഏതാ ആ അനൂപ് മേനോൻ!’ അവൻ വന്നെന്നു പറഞ്ഞാൽ ഓടി വരും.
പിന്നെ സെറ്റിൽ വന്നാൽ ‘അനൂപേട്ടാ’ എന്നു പറഞ്ഞ് ഓടിവരും. നമുക്ക് അറിയാം കാര്യം. ഇവന്റെ വിളിയൊക്കെ നമ്മളും കേൾക്കുന്നുണ്ട്. ഉച്ചവരെ ഇവൻ പണിയെടുത്തുവെന്നു വരുത്താൻ കാണിക്കുന്ന ചില വേലകളുണ്ട്. നമുക്ക് അന്നേ അറിയാം, ഇത് ഇവിടെ ഒന്നും നിൽക്കുന്ന സാധനമായിരിക്കില്ല. ഇവൻ പടർന്നു പന്തലിച്ച് ഹോട്ട് കേക്ക് എന്നു പറയുന്ന അവസ്ഥയിലേക്ക് എത്തുമെന്നും നമുക്ക് അറിയാം, കാരണം ഇവന് ഇതല്ലാതെ വേറെ ഒന്നുമാകാൻ കഴിയില്ല.
പക്ഷേ, എന്തൊക്കെയായാലും ഇവന് അടുത്തത് എനിക്കിട്ട് പണിതരുമെന്ന് ഉറപ്പാണ്. എന്നിരുന്നാലും എനിക്ക് ഒരുപാട് ഇഷ്ടമുള്ള അഭിനേതാവാണ് ധ്യാൻ. നടനെന്നതിലുപരി ഒരു സ്പേസിലേക്കു കയറി വരുമ്പോൾ അയാൾ ഉണ്ടാക്കുന്ന എനർജിയുണ്ട്. അത് ചില്ലറക്കാര്യമല്ല, എളുപ്പമല്ല അത് ഉണ്ടാക്കിയെടുക്കാൻ. അതാണ് സ്റ്റാർഡം എന്നു പറയുന്നത്. ധ്യാനിന്റെ സ്റ്റാർഡം ഓഫ് സ്ക്രീനിലാണ് കൂടുതല് കണ്ടിട്ടുള്ളത്. അത് ഓൺ സ്ക്രീനിലേക്കും എത്തിക്കും.’’