മുംബൈ: പുതിയ കാലത്തെ ഡിജിറ്റൽ സാമ്പത്തിക തട്ടിപ്പുകൾക്ക് തടയിടാനാണ് ബാങ്കേഴ്സ് ബുക്ക് എവിഡൻസ് നിയമത്തിൽ, കേന്ദ്രം അടുത്തിടെ നിർണായക ഭേദഗതികൾ വരുത്തിയത്. 135 വർഷം പഴക്കമുള്ള 1891ലെ ബാങ്കേഴ്സ് ബുക്ക് എവിഡൻസ് ആക്ടിനു പകരമാണ് പുതിയ നിയമനിർമാണം കൊണ്ടുവരുന്നത്.
പുതിയ ബിൽ കഴിഞ്ഞദിവസമാണ് ലോക്സഭ പാസാക്കിയത്. ഡിജിറ്റൽ ബാങ്കിടപാടുകളെ നിയമച്ചട്ടക്കൂടിനുള്ളിൽ കൊണ്ടിവരുന്നതാണ് പുതിയ നിയമം.
ബ്രിട്ടീഷ് ഭരണകാലത്തു നിർമിച്ച പഴയ നിയമത്തിന്റെ പ്രധാനലക്ഷ്യം, ബാങ്ക് രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ കോടതിനടപടികളിൽ തെളിവായി ഉപയോഗിക്കുകയെന്നതായിരുന്നു. കേസുകൾ വരുമ്പോൾ ബാങ്ക് ഉദ്യോഗസ്ഥർ ഒറിജിനൽ ലെഡ്ജറുകൾ നേരിട്ടു ഹാജരാക്കേണ്ടി വരുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനാണ് ഇതു കൊണ്ടുവന്നത്. എന്നാൽ, പുതിയകാലത്ത് ബാങ്കിടപാടുകൾ പൂർണമായി ഡിജിറ്റലായതോടെയാണ് കാലാനുസൃതമായി പുതിയ നിയമനിർമാണത്തിനു സർക്കാർ തയാറായത്.
മാറ്റങ്ങൾ എന്തെല്ലാം
പുതിയ ബില്ലിലെ ഏറ്റവും പ്രധാന മാറ്റം ഇലക്ട്രോണിക്, ഡിജിറ്റൽ, വെർച്വൽ, ക്ലൗഡ് രൂപത്തിലുള്ള തെളിവുകൾ കോടതി സ്വീകരിക്കുമെന്നതാണ്. മാനദണ്ഡപ്രകാരമുള്ള സർട്ടിഫിക്കറ്റുകൾ, ഡിജിറ്റൽ ഒപ്പ് തുടങ്ങിയവയൊക്കെ ഇനിമുതൽ തെളിവായി സ്വീകരിക്കും. ഉപഭോക്ത്യ കോടതികളിലെ കേസുകൾ വേഗത്തിൽ പരിഹരിക്കാൻ ഇതിലൂടെ കഴിയും.
ബാങ്ക് നേരിട്ടു കക്ഷിയല്ലാത്ത കേസുകളിൽ ഉദ്യോഗസ്ഥരെ സാക്ഷിയാക്കി വിളിക്കുന്നതിനും രേഖകൾ ഹാജരാക്കുന്നതിനുമുണ്ടായിരുന്ന ആശയക്കുഴപ്പങ്ങൾക്ക് ബിൽ പരിഹാരം കാണുന്നു. വണ്ടിച്ചെക്ക് കേസുകൾ പോലുള്ളവ വേഗത്തിൽ തീർപ്പാക്കാൻ ഇതിലൂടെ കഴിയും.
ആശങ്കയുമേറെ
പുതിയ ബിൽപ്രകാരം, വ്യക്തികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പോലീസിന് പരിശോധിക്കാൻ ഇനി കോടതിയുടെ അനുമതി ആവശ്യമില്ല. എസ്പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥന് ആവശ്യമെങ്കിൽ നേരിട്ടു രേഖകൾ പരിശോധിക്കാനോ അല്ലെങ്കിൽ അവയുടെ പകർപ്പുകൾ ആവശ്യപ്പെടാനോ കഴിയും. കോടതി അനുമതിയില്ലാതെ ബാങ്ക് രേഖകൾ പരിശോധിക്കുന്നത് സ്വകാര്യതയുടെ ലംഘനമാണെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഡിജിറ്റൽ രേഖകൾ എളുപ്പത്തിൽ കൈമാറ്റം ചെയ്യാൻ സാധിക്കുന്നതിനാൽ വിവരചോർച്ചയ്ക്കും സാധ്യതയേറെയാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഡിജിറ്റൽ ഫയലുകൾ തിരിമറി നടന്നിട്ടില്ലെന്ന് ഉറപ്പാക്കാൻ ഉപയോഗിക്കുന്ന ഹാഷ് വാല്യു പോലുള്ള ആധുനിക സുരക്ഷാസംവിധനങ്ങൾ സംബന്ധിച്ചുള്ള കാര്യങ്ങളും ബില്ലിൽ ഉൾപ്പെടുത്തിയിട്ടില്ല.