ലണ്ടൻ: രാജിപ്രഖ്യാപിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി കീയർ സ്റ്റാർമറിന്റെ പിൻഗാമിയായി ആൻഡി ബേർനാം ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഭരണകക്ഷിയായ ലേബർ പാർട്ടിയുടെ നേതാവായി ബേർനാം കഴിഞ്ഞ ദിവസം തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ബ്രിട്ടനിൽ ഡിജിറ്റൽ തിരിച്ചറിയിൽ കാർഡ് പദ്ധതി നടപ്പാക്കാനുള്ള ഗവൺമെന്റ് തീരുമാനം റദ്ദാക്കലായിരിക്കും ബേർനാമിന്റെ ആദ്യ തീരുമാനങ്ങളിലൊന്നെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.
ബ്രിട്ടനിൽ രണ്ടാം ലോകമഹായുദ്ധത്തിനു പിന്നാലെ ഉപേക്ഷിച്ച തിരിച്ചറിയൽ കാർഡ് തിരികെ കൊണ്ടുവരാനുള്ള നീക്കം പരാജയപ്പെടുമെന്ന് ഇതോടെ വ്യക്തമായി. പാസ്പോർട്ടോ, ഡ്രൈവിംഗ് ലൈസൻസോ തിരിച്ചറിയൽ രേഖയായി തുടരും.
ഗവൺമെന്റ് വാലറ്റ് ആപ്പിൽ ഡിജിറ്റൽ തിരിച്ചറിയൽ രേഖകൾ സൂക്ഷിക്കാനുള്ള പദ്ധതിയാണ് സർക്കാർ തയാറാക്കിയത്. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമെന്ന വിമർശനം മൂലം പദ്ധതിക്കു ജനസ്വീകാര്യത കുറവായിരുന്നു.
പദ്ധതി നടപ്പാക്കാനുള്ള ഭീമൻ ചെലവും സർക്കാരിനു തലവേദനയായി. ഏതാണ്ട് 240 കോടി ഡോളർ വേണ്ടിവരുമെന്നാണ് കഴിഞ്ഞ വർഷം കണക്കാക്കിയത്.