തിരുവനന്തപുരം: ആഗോള നിക്ഷേപകരെയും പ്രമുഖ സാങ്കേതികവിദ്യാ സ്ഥാപനങ്ങളെയും സംസ്ഥാനത്തേക്ക് ആകർഷിക്കുകയെന്ന ലക്ഷ്യത്തോടെ കേരള ഗ്ലോബൽ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ ആൻഡ് ഇൻവെസ്റ്റ്മെന്റ് സമ്മിറ്റ് സംഘടിപ്പിക്കുന്നു. 24, 25 തീയതികളിൽ അങ്കമാലി അഡ്ലക്സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടക്കുന്ന ദ്വിദിന ഉച്ചകോടിയിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ മുഖ്യാതിഥിയാകും. 1,500 ലേറെ പ്രതിനിധികൾ പരിപാടിയിൽ പങ്കെടുക്കും.
മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, ഷിബു ബേബി ജോൺ, റോജി എം. ജോൺ, ബിന്ദു കൃഷ്ണ, പി.സി. വിഷ്ണുനാഥ്, ഒ.ജെ. ജനീഷ് തുടങ്ങിയവരും ഉച്ചകോടിയുടെ ഭാഗമാകും. അർജന്റീന, ക്യൂബ, ഇക്വഡോർ, ലെസോത്തോ, മ്യാൻമർ, പരാഗ്വേ, ടിമോർ-ലെസ്റ്റെ, ഉഗാണ്ട, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള അംബാസഡർമാരും നയതന്ത്ര പ്രതിനിധികളും ചടങ്ങിലെത്തും.
യൂറോപ്യൻ യൂണിയൻ മുൻ പാർലമെന്റ് അംഗവും മുൻ വൈസ് പ്രസിഡന്റുമായ റിസാർഡ് സാർനെക്കി, ഇന്ത്യൻ ഇക്കണോമിക് ട്രേഡ് ഓർഗനൈസേഷൻ പ്രസിഡന്റ് ഡോ. ആസിഫ് ഇക്ബാൽ എന്നിവർ വിശിഷ്ടാതിഥികളാകും. ആഗോള സാങ്കേതികവിദ്യാ രംഗത്തെ പ്രമുഖ സ്ഥാപനങ്ങളുടെ പ്രതിനിധികൾ, നിക്ഷേപകർ, വ്യവസായികൾ, സ്റ്റാർട്ടപ്പ് സംരംഭകർ എന്നിവരും വിവിധ സെഷനുകളിൽ പങ്കെടുക്കും.
ഇന്റൽ, മൈക്രോസോഫ്റ്റ്, ആമസോൺ, ഫോഴ്സ്പോയിന്റ്, നെറ്റ്സ്കൗട്ട്, വാന്റേജ് ഓ, ഗിനിമൈൻഡ്സ്, സിടിആർഎൽഎസ്, ഇൻസ്പാർക്ക്, നെസ്റ്റ്, നോർഡൻ, ഹീൽ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളുടെ പ്രതിനിധികൾ ഉച്ചകോടിയിലെ ചർച്ചകളിൽ പങ്കാളികളാകും.
നെസ്റ്റ് ഡിജിറ്റൽ സിഇഒയും എക്സിക്യൂട്ടീവ് ഡയറക്ടറുമായ നസ്നിൻ ജഹാംഗീർ, ഡോ. രത്തൻ യു. കേൽക്കർ, മനോജ് ഏബ്രഹാം, ബിഎസ്എൻഎൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എ. റോബർട്ട് ജെ. രവി, അമിതേഷ് കുമാർ സിൻഹ, സോഫ്റ്റ്വെയർ ടെക്നോളജി പാർക്ക്സ് ഓഫ് ഇന്ത്യ ഡയറക്ടർ ജനറൽ അരവിന്ദ് കുമാർ, ഗയ സ്മാർട്ട് സിറ്റീസ് സ്ഥാപകനും ചെയർമാനുമായ ഡോ. സുമിത് ഡി. ചൗധരി തുടങ്ങിയവരും വിവിധ സെഷനുകളിൽ സംസാരിക്കും.
സാങ്കേതികവിദ്യാ രംഗത്തെയും ഡിജിറ്റൽ പരിവർത്തന മേഖലയിലെയും മികച്ച നേട്ടങ്ങൾക്കുള്ള ടെക്നോളജി ആൻഡ് ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ അവാർഡുകളും ഉച്ചകോടിയിൽ വിതരണം ചെയ്യും. രജിസ്ട്രേഷന് https://events.bluecloude.com/ സന്ദർശിക്കുക.