കോട്ടയം: കേരളത്തിന്റെ പൈതൃക രേഖകൾ ഡിജിറ്റൽ രൂപത്തിൽ സംരക്ഷിച്ച് പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്ന ഗ്രന്ഥപ്പുര പദ്ധതി 10,000 കേരളരേഖകൾ ഡിജിറ്റൈസ് ചെയ്തു.
19 ഭാഷകളിലുള്ള 10,000ലധികം കേരളരേഖകളിലായി 11 ലക്ഷത്തിലധികം താളുകൾ ഗ്രന്ഥപ്പുര ഇതിനകം ഡിജിറ്റൈസ് ചെയ്തിട്ടുണ്ട്. ഏഴ് ഡിജിറ്റൈസേഷൻ കേന്ദ്രങ്ങളിലായി പ്രവർത്തിക്കുന്ന 16 അംഗ ഗ്രന്ഥപ്പുര സ്റ്റാഫാണ് ഡിജിറ്റൈസേഷൻ പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ചില കേന്ദ്രങ്ങളിലെ പ്രവർത്തനങ്ങൾക്ക് കേരള സർക്കാരിന്റെ ഡിജിറ്റൈസേഷൻ സംരംഭമായ CDIT-ന്റെ സഹകരണവും ലഭിക്കുന്നുണ്ട്.
ബംഗളൂരു ധർമാരാം കോളജ്, മദ്രാസ് സർവകലാശാല ലൈബ്രറി, കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളജ്, കോട്ടയം പബ്ലിക് ലൈബ്രറി തുടങ്ങിയ ഏഴ് പ്രമുഖ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ഗ്രന്ഥപ്പുര വിവിധ അപൂർവ ശേഖരങ്ങൾ ഡിജിറ്റൈസ് ചെയ്യുന്നത്.
സ്ഥാപനങ്ങളുടെ ലൈബ്രറികളും സ്വകാര്യ ശേഖരങ്ങളും ഗ്രന്ഥപ്പുരയ്ക്ക് തുറന്നുകൊടുക്കുന്നതിലൂടെയാണ് ഈ പ്രവർത്തനം മുന്നേറുന്നത്. ഡിജിറ്റൈസ് ചെയ്യുന്ന രേഖകൾ പൊതുജനങ്ങൾക്കും ഗവേഷകർക്കും സ്വതന്ത്രമായി ഉപയോഗിക്കാവുന്ന വിധത്തിൽ തുറന്ന ഡിജിറ്റൽ ആർക്കൈവായി ഗ്രന്ഥപ്പുര ലഭ്യമാക്കുന്നു.