Kerala
കൊച്ചി: തനിക്കെതിരായ സൈബര്‍ ആക്രമണത്തില്‍ തകരില്ലെന്ന് നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ അഭിഭാഷകയായ ടി.ബി. മിനി. ചിലയാളുകള്‍ ദിലീപ് പീഡിപ്പിച്ചാല്‍ കുഴപ്പമില്ലെന്ന് താന്‍ പറഞ്ഞതായി പ്രചരിപ്പിക്കുന്നുണ്ടെന്നും അതില്‍ ഒരു സത്യവുണമില്ലെന്നും അഡ്വ. ടി.ബി. മിനി വ്യക്തമാക്കി.
താന്‍ പറഞ്ഞതില്‍ നിന്ന് അടര്‍ത്തിയെടുത്ത് പ്രചരിപ്പിക്കുന്ന വരികളാണിതെന്ന് അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു. 'ഇയാള്‍ ചെയ്ത തെറ്റിന്റെ ആഴവും അപമാനവും പറഞ്ഞതിന്റെ തുടര്‍ച്ചയായാണ് ഞാന്‍ ഇത് വിശദീകരിച്ചത്. വരികള്‍ അടര്‍ത്തിയെടുത്ത് അര്‍മാദിക്കുന്നവരോട് സഹതാപം മതി. 12-ാം തീയതിക്കു ശേഷം നമ്മള് വിശദീകരിക്കും. പീഡനം തന്നെ ഒരു കുറ്റകൃത്യമാണ്. ക്വട്ടേഷന്‍ കൊടുത്ത് ചെയ്യിപ്പിക്കുമ്പോഴത് 'ഡബിള്‍ റേപ്പ്' ആണ്. നിങ്ങളുടെ അറിവിലേക്ക് പറഞ്ഞതാണ്', മിനി പറഞ്ഞു.
താന്‍ തന്നെയാണ് ആ പെണ്‍കുട്ടി എന്ന് വിചാരിച്ച് നടക്കുന്ന ഒരാളാണ് താനെന്നും അതിലപ്പുറം തന്റെ സഹോദരിയാണ് എന്നു കരുതി രാപ്പകലില്ലാതെ അവരുടെ നീതിക്കു വേണ്ടി അധ്വാനിക്കുന്ന തന്നെ അപകീര്‍ത്തിപ്പെടുത്തുകയാണ് അവരുടെ ലക്ഷ്യമെന്നും മിനി കൂട്ടിച്ചേര്‍ത്തു. താനതില്‍ കുലുങ്ങില്ല. കുറ്റവാളികളുടേതല്ല കേരള സമൂഹമെന്നും അവര്‍ പറഞ്ഞു.
നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി ദിലീപിനെ വെറുതെ വിട്ടതിനു പിന്നാലെ മിനിക്ക് വലിയ രീതിയില്‍ സൈബര്‍ ആക്രമണം നേരിടേണ്ടി വന്നിരുന്നു. കേസില്‍ ഗൂഢാലോചനക്കുറ്റം പ്രോസിക്യൂഷന് തെളിയിക്കാന്‍ സാധിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് എട്ടാം പ്രതി ദിലീപ് ഉള്‍പ്പെടെയുള്ളവരെ കോടതി വെറുതെ വിട്ടത്. കേസിലെ ഒന്നു മുതല്‍ ആറു വരെയുള്ള പ്രതികള്‍ കുറ്റക്കാരാണെന്നു വിചാരണ കോടതി വിധിച്ചു. ഇവര്‍ക്കെതിരേ ചുമത്തിയ മുഴുവന്‍ കുറ്റങ്ങളും നിലനില്‍ക്കുമെന്ന് കോടതി വ്യക്തമാക്കി. ഇവരുടെ ശിക്ഷ 12 ന് വിധിക്കും.
Kerala
തിരുവനന്തപുരം: ദിലീപിനെ 90 ദിവസം ജയിലിലിട്ടുവെന്നും ഇതിനൊക്കെ ആര് നഷ്ടപരിഹാരം കൊടുക്കുമെന്നും സര്‍ക്കാറും പോലീസും ഇതിൽ ഉത്തരം പറയേണ്ടതുണ്ടെന്നും നിർമാതാവ് സുരേഷ് കുമാർ.
നല്ല പോലീസുകാരുണ്ട്, പക്ഷെ പേര് കിട്ടാൻ വേണ്ടി വൃത്തികേട് കാണിക്കുന്നവരും ഉണ്ട്. സത്യമേവ ജയതേ, സത്യം ജയിക്കും എല്ലായ്പ്പോഴും. ഇത് കുറേ സിനിമാക്കാരും പോലീസുകാരും ഉൾപ്പെടെ ഒരാൾക്കെതിരെ നടത്തിയ ഗൂഡാലോചനയാണ്.
ദിലീപിനെ ജയിലിൽ പോയി കണ്ടപ്പോഴും ഞാനിത് പറഞ്ഞതാണ്. ഇതിനൊക്കെ ആര് ഉത്തരം പറയും. ആ കുടുംബം അനുഭവിച്ച ട്രോമ ഞങ്ങൾക്കറിയാം. ആ കുഞ്ഞിനെ വരെ വേട്ടയാടി. ആ കുട്ടിക്ക് സ്കൂളിൽ പോകാൻ പറ്റാതെ അവളെ മദ്രാസിൽ കൊണ്ടുപോയി താമസിപ്പിക്കേണ്ടി വന്നു.
എന്തെങ്കിലും ഒരു തെളിവ് ഇവര്‍ക്ക് നിരത്താൻ കഴിഞ്ഞോ. ഏത് കോടതിയിൽ പോയാലും കുഴപ്പമില്ല. പക്ഷെ കഴിഞ്ഞ എട്ടര വര്‍ഷം എന്തൊരു വലിയ ഹരാസ്മെന്റാണ് അദ്ദേഹം നേരിടേണ്ടി വന്നത്.
എത്ര കോടികളാണ് അദ്ദേഹത്തിന് ചെലവഴിക്കേണ്ടി വന്നത്. ഈ കാര്യത്തിൽ വലിയൊരു ഗൂഢാലോചന നടന്നിട്ടുണ്ട്. അദേഹം അഗ്നിശുദ്ധി വരുത്തി പുറത്തുവന്നിരിക്കുകയാണ് ഇപ്പോൾ. വലയ സന്തോഷമുള്ള കാര്യമാണ്.
ഞാൻ അനിയനെ പോലെ കാണുന്ന ആളാണ്. എന്റെ സിനിമയിലൂടെയാണ് ആദ്യമായിട്ട് ദിലീപ് വരുന്നത്. വിഷ്ണുലോകം എന്ന സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. അന്ന് മുതൽ എനിക്ക് അറിയാവുന്നതാണ് ദിലീപിനെ എന്നും സുരേഷ് കുമാർ വ്യക്തമാക്കി.
Movies
ദിലീപിനെ കുറ്റവിമുക്തനാക്കിയ കോടതി നടപടിയിൽ പ്രതികരിക്കാനില്ലെന്ന് അക്രമത്തിനിരയായ നടി വ്യക്തമാക്കി. അതിജീവിതയുടെ ആവശ്യപ്രകാരമാണ് വനിതാ ജഡ്ജിയെത്തന്നെ കോടതി വിചാരണയ്ക്കു നിയോഗിച്ചത്. സാക്ഷിവിസ്താരം തുടങ്ങി എട്ടാം മാസം ജഡ്ജിയെ മാറ്റണമെന്നാവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചു.
ദിലീപ് കോടതികളെ സമീപിച്ചപ്പോഴെല്ലാം തടസഹര്‍ജിയുമായി അതിജീവിതയുമെത്തി. മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതില്‍ സ്വതന്ത്ര അന്വേഷണവും ആവശ്യപ്പെട്ടു. ഈ ഇടപെടലിലാണ് കേസ് ആദ്യം പരിഗണിച്ച ജില്ലാ ജഡ്ജിപോലും സംശയനിഴലിലായത്.
ഒടുവില്‍ വസ്തുതാന്വേഷണ റിപ്പോര്‍ട്ടില്‍ മെമ്മറി കാര്‍ഡ് മൂന്നു തവണ തുറന്നതായി സ്ഥിരീകരിച്ചപ്പോള്‍ ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന് അന്വേഷിക്കണമെന്നും അതിജീവിത ആവശ്യപ്പെട്ടു. ഇത് മേല്‍ക്കോടതികള്‍ നിരസിച്ചതോടെ തന്റെ സ്വകാര്യതയ്ക്കു ഭീഷണിയെന്നു ചൂണ്ടിക്കാട്ടി രാഷ്ട്രപതിക്കു കത്തയയ്ക്കാനും അവർ തയാറായി.
ദിലീപിനെതിരേ തെളിവില്ലെന്ന പരാമര്‍ശം നടത്തിയ മുന്‍ ഡിജിപി ആര്. ശ്രീലേഖയ്ക്കെതിരേ കോടതിയലക്ഷ്യ ഹര്‍ജിയും നടി നല്കി.
അഞ്ചു തവണയാണ് കേസില്‍ വിചാരണ നീട്ടിവച്ചത്. കോവിഡിനെത്തുടര്‍ന്നു വിചാരണ നീണ്ടതും ബാലചന്ദ്രകുമാറിന്റെ പരാമര്‍ശത്തിലുള്ള തുടരന്വേഷണവുമെല്ലാം കാരണമായി. രണ്ടു പ്രോസിക്യൂട്ടര്‍മാര്‍ ഇടയ്ക്കുവച്ച് ഒഴിവായതും മൂന്നാമത്തെയാള്‍ക്കായുള്ള കാത്തിരിപ്പുമെല്ലാം വിചാരണനടപടികൾ വൈകിച്ചു.