ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യദിന പ്രസംഗത്തിൽ നടത്തിയ 'ദിമാഗി നക്സൽ' (ചിന്താഗതി കൊണ്ട് നക്സലൈറ്റുകളായവർ) എന്ന പരാമർശം പ്രതിപക്ഷ നേതാക്കളെ ഉദ്ദേശിച്ചല്ലെന്ന് പാർലമെന്റിറി കാര്യ മന്ത്രി കിരൺ റിജിജു. പ്രധാനമന്ത്രിയുടെ പ്രസംഗത്തിനെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം അടക്കമുള്ളവർ രംഗത്തുവന്നതിന് പിന്നാലെയാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെ റിജിജുവിന്റെ ഈ വിശദീകരണം.
മാവോയിസ്റ്റുകളെ പിന്തുണയ്ക്കുകയും ഭരണഘടനയെ തള്ളിക്കളയുകയും ചെയ്യുന്നവർ, വിഘടനവാദികളോടൊപ്പം നിൽക്കുകയും ആർട്ടിക്കിൾ 370-നെ പിന്തുണയ്ക്കുകയും ചെയ്യുന്നവർ, ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ വേർപെടുത്താൻ 'ചിക്കൻസ് നെക്ക്' ഇടനാഴി മുറിച്ചുമാറ്റാൻ ആഹ്വാനം ചെയ്യുന്നവർ എന്നിവരാണ് 'ദിമാഗി നക്സലുകൾ' എന്ന് കിരൺ റിജിജു കുറിച്ചു.
രാജ്യത്ത് ആയുധമേന്തിയ നക്സലൈറ്റുകളെ ഉന്മൂലനം ചെയ്യാൻ കഴിഞ്ഞെങ്കിലും, വികസന പാതയിൽ തടസം നിൽക്കുന്ന 'ദിമാഗി നക്സലുകളെ' തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തണമെന്ന് പ്രധാനമന്ത്രി മോദി ആഹ്വാനം ചെയ്തിരുന്നു. എന്നാൽ ഈ പരാമർശം പ്രതിപക്ഷത്തെ ലക്ഷ്യമിട്ടാണെന്ന് ആരോപിച്ച പി. ചിദംബരം, താൻ ഒരു 'ദിമാഗി നക്സൽ' ആണെന്നതിൽ അഭിമാനിക്കുന്നുവെന്ന് സോഷ്യൽ മീഡിയയിൽ പരിഹസിക്കുകയായിരുന്നു.