വാഷിംഗ്ടൺ ഡിസി: യുഎസ് കോൺഗ്രസിന്റെ ഇരുസഭകളുടെയും നിയന്ത്രണം പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാർട്ടി തിരിച്ചുപിടിച്ചതോടെ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ ഭരണപരമായ തീരുമാനങ്ങൾക്കുമേലുള്ള അധികാരം പരിമിതപ്പെടുന്നു.
രണ്ടാം ഭരണകാലത്ത് പൂർണാധികാരത്തോടെ മുന്നോട്ടു പോകാമെന്ന ട്രംപിന്റെയും റിപ്പബ്ലിക്കൻ പാർട്ടിയുടെയും കണക്കുകൂട്ടലുകൾക്ക് തിരിച്ചടിയാണ് ഇടക്കാല തെരഞ്ഞെടുപ്പു ഫലം. ട്രംപിന്റെ നയങ്ങളും തീരുമാനങ്ങളും ഇനിമുതൽ കോൺഗ്രസിൽ ശക്തമായ ചോദ്യംചെയ്യലുകളെ നേരിടേണ്ടിവരും. ഭരണകൂടത്തിന്റെ നയങ്ങൾക്കെതിരേ ശക്തമായ പാർലമെന്ററി അന്വേഷണങ്ങൾ ആരംഭിക്കാനും ഡെമോക്രാറ്റുകൾക്ക് ഇതിലൂടെ വഴിയൊരുങ്ങിയിട്ടുണ്ട്.
അതേസമയം, ഡെമോക്രാറ്റുകൾ കോൺഗ്രസ് പിടിച്ചെടുത്താലും തന്റെ ഭരണഘടനാപരമായ പ്രത്യേക അധികാരങ്ങൾ ഉപയോഗിച്ച് പദ്ധതികളുമായി മുന്നോട്ടു പോകുമെന്ന് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ഡെമോക്രാറ്റുകൾ ജനപ്രതിനിധിസഭയിലോ സെനറ്റിലോ ഭൂരിപക്ഷം നേടിയാൽ അവരുടെ നിയമനിർമാണങ്ങളെ ചെറുക്കാൻ തനിക്ക് ‘വീറ്റോ’അധികാരമുണ്ടെന്ന് ട്രംപ് ഓർമിപ്പിച്ചു.
സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ ‘വീറ്റോ’ എന്നു രേഖപ്പെടുത്തിയ ചുവന്ന തൊപ്പിയുടെ ചിത്രം പങ്കുവച്ചുകൊണ്ടാണ് അദ്ദേഹം തന്റെ നിലപാട് കടുപ്പിച്ചത്. സമൂഹമാധ്യമത്തിലെ മറ്റൊരു പോസ്റ്റിൽ ഭരണം മുന്നോട്ടു കൊണ്ടുപോകാൻ തനിക്കു പ്രശ്നങ്ങളൊന്നുമുണ്ടാകില്ലെന്നും ജയിച്ച ഡെമോക്രാറ്റ് അംഗങ്ങളിൽ പലരും തന്റെ അടുത്ത സുഹൃത്തുക്കളാണെന്നും ട്രംപ് ചൂണ്ടിക്കാട്ടി.
അമേരിക്കൻ ഭരണഘടനയനുസരിച്ച് യുഎസ് കോൺഗ്രസ് (സെനറ്റും ജനപ്രതിനിധി സഭയും ) പാസാക്കുന്ന ഒരു ബിൽ നിയമമാകണമെങ്കിൽ പ്രസിഡന്റിന്റെ അംഗീകാരം ആവശ്യമാണ്. കോൺഗ്രസ് പാസാക്കുന്ന ബില്ലുകൾ നിരസിക്കാൻ അമേരിക്കൻ പ്രസിഡന്റിനുള്ള സവിശേഷമായ ഭരണഘടനാപരമായ അധികാരത്തെയാണ് വീറ്റോ അധികാരം എന്നു വിളിക്കുന്നത്.
ജനപ്രതിനിധി സഭയുടെയോ സെനറ്റിന്റെയോ പിന്തുണയില്ലെങ്കിലും എക്സിക്യൂട്ടീവ് ഉത്തരവുകളിലൂടെ തന്റെ ഭരണപരിപാടികൾ നടപ്പിലാക്കാൻ സാധിക്കുമെന്നാണ് അദ്ദേഹത്തിന്റെ ആത്മവിശ്വാസം. ഫെഡറൽ ഏജൻസികളിൽ പ്രസിഡന്റിന് വിശാലമായ അധികാരങ്ങൾ നൽകുന്ന സുപ്രീംകോടതിയുടെ സമീപകാല വിധികളും അദ്ദേഹം ഇതിനായി ചൂണ്ടിക്കാണിക്കുന്നു. വീറ്റോ അധികാരം നിരന്തരം ഉപയോഗിക്കുന്നത് ഒടുവിൽ ഡെമോക്രാറ്റുകളെ ഒത്തുതീർപ്പുകൾക്കു നിർബന്ധിതരാക്കുമെന്നാണ് ട്രംപിന്റെ കണക്കുകൂട്ടൽ.