ഇടുക്കി: ആനച്ചാലിൽ സ്കൈ ഡൈനിംഗിൽ വിനോദസഞ്ചാരികൾ കുടുങ്ങിയ സംഭവത്തിൽ കേസെടുത്ത് പോലീസ്. നടത്തിപ്പുകാരായ പ്രവീൺ, സോജൻ എന്നിവർക്കെതിരെയാണ് കേസ്. മനുഷ്യജീവന് അപകടമുണ്ടാക്കുന്ന പ്രവൃത്തികൾ എന്ന കുറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്.
മംഗലാപുരം സ്വദേശികളായ മലയാളികളായ അഞ്ച് പേരാണ് കുടുങ്ങിയത്. മുഹമ്മദ് സഫ്വാൻ, ഭാര്യ തൗഫീന, മക്കളായ ഇവാൻ, ഇനാര എന്നിവരാണ് കുടുങ്ങിയത്. ജീവനക്കാരിയായ ഹരിപ്രിയയും ഇവർക്കൊപ്പം കുടുങ്ങിയിരുന്നു. മൂന്ന് മണിക്കൂർ നീണ്ട രക്ഷാദൗത്യത്തിനൊടുവിലാണ് ഇവരെ താഴെയെത്തിച്ചത്.
ക്രെയിനിന്റെ സാങ്കേതിക തകരാറാണെന്നാണ് അധികൃതർ പറയുന്നത്. ആനച്ചാലിലുള്ള സ്വകാര്യ സ്കൈഡൈനിംഗ് കേന്ദ്രത്തിൽ 120 അടിയോളം ഉയരത്തിലാണ് സംഘം കുടുങ്ങിയത്. മൂന്നാർ, അടിമാലി എന്നിവിടങ്ങളിൽ നിന്നു ഫയർഫോഴ്സ് എത്തി വടം ഉപയോഗിച്ചാണ് സഞ്ചാരികളെ സുരക്ഷിതമായി താഴെയെത്തിച്ചത്. വേണ്ടത്ര അനുമതിയില്ലാതെയാണ് കേന്ദ്രം പ്രവർത്തിച്ചിരുന്നതെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു.