തിരുവനന്തപുരം: അഡ്വക്കേറ്റ് ജനറലായി ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകൻ ജാജു ബാബുവിനെ നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
കെ. ഗോപാലകൃഷ്ണക്കുറുപ്പ് സ്ഥാനമൊഴിഞ്ഞതിനെത്തുടർന്നാണ് പുതിയ നിയമനം. ടി. ആസഫലിയെ പ്രോസിക്യൂഷൻ ഡയറക്ടർ ജനറലായും നിയമിച്ചു. ഡിജിപിയായിരുന്ന ടി.എ. ഷാജി രാജിവച്ച സാഹചര്യത്തിലാണ് ആദ്യ മന്ത്രിസഭായോഗത്തിലെ നിയമനങ്ങൾ.
യുഡിഎഫ് സർക്കാർ അധികാരമേറ്റ സാഹചര്യത്തിൽ നിലവിൽ ഒഴിഞ്ഞുകിടക്കുന്ന വിവിധ കമ്മീഷൻ അംഗങ്ങൾ, ഓംബുഡ്സ്മാൻ, വിവരാവകാശ കമ്മീഷണർ തുടങ്ങിയ നിയമനങ്ങൾ പിന്നീട് നടത്തുമെന്ന് ഗവർണറെ അറിയിച്ചതായി മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു.
അഡ്വക്കേറ്റ് ജനറലിന്റെ നിയമനം തുടക്കംതന്നെ വിവാദമായി. മുൻ ഗവർണർമാരുടെ നിയമോപദേശകനായിരുന്നു അദ്ദേഹം. സർവകലാശാലാ വൈസ് ചാൻസലർമാരെ നീക്കം ചെയ്തുകൊണ്ടുള്ള മുൻ ഗവർണർ ആരിഫ് മുഹമ്മദ്ഖാന്റെ ഉത്തരവിനെതിരേ സർക്കാരിനൊപ്പം ചേർന്നു നിലപാട് സ്വീകരിച്ചതോടെ 2022 നവംബറിൽ അദ്ദേഹത്തെ ലോക്ഭവൻ ഒഴിവാക്കിയിരുന്നു. പിണറായി സർക്കാരിന്റെ കാലത്ത് മെട്രോ റെയിൽ, കേരള സ്റ്റേറ്റ് ഫിനാൻസ് കോർപറേഷൻ തുടങ്ങി വിവിധ സർക്കാർ സ്ഥാപനങ്ങളുടെ അഭിഭാഷകനായും അദ്ദേഹം പ്രവർത്തിച്ചു.
ടി. ആസഫലി തന്നെയായിരുന്നു മുന്മുഖ്യമന്ത്രി ഉമ്മന്ചാണ്ടിയുടെ കാലത്ത് 2011ലും ഡയറക്ടര് ജനറല് ഓഫ് പ്രോസിക്യൂഷന് (ഡിജിപി) പദവി വഹിച്ചിരുന്നത്. ഡിജിപി ആയിരിക്കെ എന്റികലെക്സി നഷ്ടപരിഹാരം, സൂര്യനെല്ലി പീഡന കേസിലെ ഉത്തരവ് റദ്ദാക്കിയ കേസ് എന്നിവയില് പ്രോസിക്യൂഷന് വേണ്ടി ഹാജരായി.
രാഷ്ട്രപതി പ്രണബ് മുഖര്ജിയെയടക്കം പങ്കെടുപ്പിച്ച് പ്രോസിക്യൂഷന് ഡയറക്ടറേറ്റിന്റെ നേതൃത്വത്തില് ഇന്ത്യന് പീനല് കോഡിന്റെ (ഐപിസി) 155-ാം വാര്ഷികം കൊച്ചിയില് സംഘടിപ്പിച്ചു.
ഇന്ത്യന് ലോയേഴ്സ് കോണ്ഗ്രസ് നേതാവായിരുന്നു. കോടതിക്ക് പുറത്തും കോണ്ഗ്രസിന്റെ ശക്തനായ വക്താവ്. ദൃശ്യഅച്ചടി മാധ്യമങ്ങളിലെ സജീവ സാന്നിധ്യം. മട്ടന്നൂര് ശുഹൈബ് വധക്കേസ്, പെരിയ ഇരട്ടക്കൊലക്കേസ് തുടങ്ങിയവയില് മാതാപിതാക്കള് ആസഫലി മുഖേന നല്കിയ ഹര്ജികളില് സിബിഐ അന്വേഷണത്തിന് ഉത്തരവുണ്ടായി.
യുഡിഎഫ് പ്രതിപക്ഷത്തായപ്പോള് വിവാദമായ ഒട്ടേറെ കേസുകളില് നേതാക്കളായ ഹര്ജിക്കാര്ക്കടക്കം വേണ്ടി കോടതിയില് ഹാജരായി. കാസര്ഗോട്ടെ എന്ഡോസള്ഫാന് ഇരകള്ക്ക് നഷ്ടപരിഹാരം നിശ്ചയിക്കാന് ട്രൈബ്യൂണല് രൂപീകരിക്കുന്നത് സംബന്ധിച്ച പഠിക്കാന് ഉമ്മന് ചാണ്ടി സര്ക്കാര് നിയമിച്ച ജസ്റ്റീസ് രാമചന്ദ്രന് നായര് കമ്മീഷനില് അംഗമായിരുന്നു.
ഹയര് സെക്കന്ഡറി പ്രിന്സിപ്പലായി വിരമിച്ച എ.പി. മുംതാസ് ആണ് ഭാര്യ. മക്കള് മോനിസ് റാസ (ഐടി എന്ജിനിയര്, ബംഗളൂരു), ഡോ. മുഹമ്മദ് സാബിര് (യുകെ).