മാഞ്ചസ്റ്റർ: 2026-27 പ്രീമിയർ ലീഗ് സീസണിലെ നിരാശാജനകമായ തുടക്കത്തെ തുടർന്ന് മാഞ്ചെസ്റ്റർ യുണൈറ്റഡ് ഹെഡ് കോച്ച് മൈക്കൽ കാരിക്കിനെ പുറത്താക്കി.
നിലവിലെ അമേരിക്കൻ ദേശീയ ടീം പരിശീലകനായ മൗറീഷ്യോ പൊച്ചെറ്റിനോയെ പകരക്കാരനായി നിയമിക്കാനാണ് ക്ലബിന്റെ നീക്കം. പൊച്ചെറ്റിനോയുമായി ക്ലബ് പ്രാഥമിക ധാരണയിലെത്തിയതായാണ് റിപ്പോർട്ടുകൾ.
ഈ സീസണിൽ കളിച്ച 10 പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്ന് ഒരു ജയം മാത്രം നേടിയ യുണൈറ്റഡ് 18-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും തരംതാഴ്ത്തൽ ഭീഷണി നേരിടുകയും ചെയ്ത പശ്ചാത്തലത്തിലാണ് ക്ലബ് മാനേജ്മെന്റ് നിർണായക തീരുമാനമെടുത്തത്.
2026 ജനുവരിയിലാണ് കാരിക്ക് യുണൈറ്റഡിന്റെ പരിശീലകസ്ഥാനത്തേക്ക് തിരിച്ചെത്തിയത്. തുടർന്ന് കളിച്ച 17 മത്സരങ്ങളിൽ 12 വിജയങ്ങൾ നേടി ടീമിനെ 2025-26 പ്രീമിയർ ലീഗ് സീസണിൽ മൂന്നാം സ്ഥാനത്ത് എത്തിക്കാനും യുവേഫ ചാന്പ്യൻസ് ലീഗ് യോഗ്യത നേടിക്കൊടുക്കാനും അദ്ദേഹത്തിന് സാധിച്ചിരുന്നു.
ഈ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് 2026-27 സീസണിന് മുന്നോടിയായി അദ്ദേഹത്തെ സ്ഥിരം കോച്ചായി നിയമിച്ചത്. എന്നാൽ പുതിയ സീസണിൽ ആ പ്രകടനം തുടരാൻ കാരിക്കിനും സംഘത്തിനും സാധിച്ചില്ല.