ശുചിത്വത്തില്‍ ജപ്പാനു ചില നിര്ബന്ധങ്ങളുണ്ടെന്നതു വാസ്തവം... ഫിഫ ലോകകപ്പ് ഗാലറി വൃത്തിയാക്കിയ ജാപ്പനീസ് ആരാധകര്‍, ഉപയോഗിച്ച ഡ്രസിംഗ് റൂം ക്ലീന്‍ ചെയ്തശേഷം മാത്രം മടങ്ങുന്ന ജാപ്പനീസ് ഫുട്ബോള്‍ ടീം തുടങ്ങിയ നിരവധി ഉദാഹരണങ്ങള്‍ കായികലോകം ഇതിനോടകം സാക്ഷ്യംവഹിച്ചിട്ടുമുണ്ട്.
ഇതുപോലെ ജപ്പാനില്‍ എത്തുന്നവരും പ്രവര്‍ത്തിക്കണമെന്നതില്‍ നിര്‍ബന്ധമുണ്ടെന്നതാണ് 2026 ഏഷ്യന്‍ ഗെയിംസിന്റെ ചില അനുഭവങ്ങള്‍... ഇന്ത്യന്‍ ടീമിന്റെ ഡെപ്യൂട്ടി ചീഫ് ഡി മിഷനും ടേബിള്‍ ടെന്നീസ് മുന്‍ താരവുമായ ശരത് കമാല്‍ ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്നു.
മാലിന്യം പൊതുഇടങ്ങളില്‍ തള്ളരുത്. ഒരു വെയ്സ്റ്റ് ബിന്‍ കണ്ടെത്തുന്നതുവരെ നിങ്ങളുടെ മാലിന്യം കൈയില്‍ കരുതുക. ടാറ്റൂകള്‍ മറയ്ക്കുക. കൃത്യമായി ക്യൂ പാലിക്കുക. പൊതുഇടങ്ങളില്‍ ഉച്ചത്തില്‍ പാട്ടുകള്‍ വയ്ക്കാതിരിക്കുക, ഹെഡ്ഫോണുകള് ഉപയോഗിക്കുക.
അപരിചിതരെ തൊടുകയോ ആലിംഘനം ചെയ്യുകയോ അരുത്... ഇങ്ങനെ നിരവധി നിര്‍ദേശങ്ങള്‍ ഏഷ്യന്‍ ഗെയിംസിനായി ജപ്പാനിലെത്തിയ ഇന്ത്യന്‍ താരങ്ങള്‍ക്കു ടീം മാനേജ്മെന്റ് നല്‍കിയതായാണ് ശരക് കമാലിന്റെ വെളിപ്പെടുത്തല്‍.
ഇന്ത്യന്‍ താരങ്ങള്‍ക്കു കോസ്റ്റ നഗോയ വിനോദസഞ്ചാര കപ്പലിലും തടികൊണ്ടു നിര്‍മിച്ച താത്കാലിക കണ്ടെയ്നറുകളിലുമാണ് താമസമൊരുക്കിയിരിക്കുന്നത്. 12/18 അടിയുള്ള ഒരു കണ്ടെയ്നറില്‍ ആദ്യം നാലു താരങ്ങളെ വീതം ഉള്‍ക്കൊള്ളിക്കാനായിരുന്നു അധികൃതര്‍ തീരുമാനിച്ചത്. എന്നാല്‍, ഇന്ത്യ അടക്കമുള്ള ടീമുകളുടെ പരാതിയെത്തുടര്‍ന്നു രണ്ടിലേക്കു ചുരുക്കി.