കോട്ടയം: പൊതുവിദ്യാഭ്യാസ വകുപ്പ് ഹയര്‍ സെക്കന്‍ഡറി വിഭാഗം കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസെന്റ് കൗണ്‍സലിംഗ് സെല്ലിന്റെ നേതൃത്വത്തില്‍ കോട്ടയം നാഗമ്പടം നെഹ്റു സ്റ്റേഡിയത്തില്‍ ദിശ എക്സ്പോ ആരംഭിച്ചു.
പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഡോ. കെ. വാസുകി ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ എന്‍.എസ്.കെ. ഉമേഷ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സൗഹൃദ ക്ലബ്ബ് പവര്‍ ബ്രിഗേഡിന്റെ അഞ്ചു ദളങ്ങളുടെ സ്ഥാനാരോഹണം നടന്നു.
യുണിസെഫ് സഹകരണത്തോടെ കരിയര്‍ പ്രയാണം വെബ്സൈറ്റ് നിര്‍മാണ ദൗത്യം നിര്‍വഹിച്ച കരിയര്‍ ഗൈഡ്മാര്ക്കു സര്‍ട്ടിഫിക്കറ്റ് വിതരണവും സിജി ആന്‍ഡ് എസി ദിശ സിഗ്നേച്ചര്‍ ഫിലിം പ്രകാശനവും നടത്തി.
സിജി ആന്‍ഡ് എസി സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ ഡോ. സി.എം. അസീം, ഹയര്‍ സെക്കന്‍ഡറി അക്കാദമിക്ക് ജോയിന്റ് ഡയറക്ടര്‍ ഡോ. എസ്. ഷാജിത, എസ്സിഇആര്ടി ഡയറക്ടര്‍ ഡോ. ജയപ്രകാശ്, ഡോ. ബി. അബുരാജ്, ഹണി ജി. അലക്സാണ്ടര്‍, ഡോ. വി.എസ്. സന്തോഷ്, എസ്. സജി, അജിത, കെ. സുധ, ഡി.ജെ. സതീഷ്, പി.എക്സ്. ബിയാട്രീസ് മറിയ, ആര്. രാജേഷ് കുമാര്‍, എ.കെ. വിനോദ് കുമാര്‍, എം.ആര്. സുനിമോള്‍, മിനി ദാസ്, കെ.ജെ. പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.
32,000 സ്ക്വയര്‍ ഫീറ്റില്‍ പ്രത്യേകം തയാറാക്കിയ പ്രദര്‍ശനനഗരിയിലാണ് എക്സ്പോ ഒരുക്കിയിരിക്കുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കു കീഴിലുള്ള പ്രമുഖ യൂണിവേഴ്സിറ്റികളും, ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും മേളയില്‍ പങ്കെടുക്കുന്നുണ്ട്. 85ലധികം സ്ഥാപനങ്ങളുടെ സ്റ്റാളുകളും മേളയിലുണ്ട്.
രാവിലെ 9.30 മുതല്‍ വൈകുന്നേരം അഞ്ചു വരെ പ്രത്യേകം സജ്ജമാക്കിയ സെമിനാര്‍ ഹാളില്‍ വ്യത്യസ്ത വിഷയങ്ങളില്‍ വിദഗ്ധര്‍ നയിക്കുന്ന വിഷയാവതരണങ്ങളും നടക്കും.
വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്ക് എക്സ്പോ സൗജന്യമായി കാണാനുള്ള അവസരമുണ്ട്. പൊതുജനങ്ങള്‍ക്കായി വൈകുന്നേരം മൂന്നു മുതല്‍ 5.30 വരെ പ്രത്യേകമായി സൗകര്യമൊരുക്കിയിട്ടുണ്ട്.