ന്യൂഡൽഹി: വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷണർമാർ വിയോജിപ്പ് പ്രകടിപ്പിച്ചതായുള്ള വാർത്തകൾ തള്ളാതെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ.
എസ്ഐആർ ഉൾപ്പടെ വിവിധ വിഷയങ്ങളിലെ കമ്മിഷണർമാരുടെ വിയോജിപ്പ് ചിത്രത്തിന്റെ ഒരു വശം മാത്രമാണ് നൽകുന്നതെന്ന വിശദീകരണമാണ് വാർത്ത പുറത്തു വന്നതിനു പിന്നാലെ കമ്മിഷൻ നൽകിയത്.
ഇതോടെ പല തീരുമാനങ്ങളിലും വിയോജിപ്പ് ഉണ്ടായിരുന്നുവെന്ന വാർത്ത ഒറ്റ വാക്കിൽ നിഷേധിക്കാൻ കമ്മീഷൻ തയാറാകുന്നില്ല എന്നുവേണം കരുതാൻ.
ഏതൊരു സ്ഥാപനത്തിലും അഭിപ്രായവ്യത്യാസങ്ങൾ സാധാരണമാണ്. അന്തിമതീരുമാനം എടുക്കുന്നതിനു മുമ്പുള്ള പ്രക്രിയയുടെ ഭാഗമാണവയെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്റെ മാധ്യമവിഭാഗം പുറത്തിറക്കിയ വിശദീകരണത്തിൽ വ്യക്തമാക്കി.