തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ചിട്ടും സത്യപ്രതിജ്ഞ ചെയ്യാൻ കഴിയാത്ത തടവുകാരുടെ അയോഗ്യത സംബന്ധിച്ച കാര്യത്തില്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഹിയറിംഗ് നടത്തും. ജയിലില്‍ കഴിയുന്നതിനെ തുടര്‍ന്ന് സത്യപ്രതിജ്ഞ ചെയ്യാന്‍ കഴിയാത്ത കണ്ണൂര്‍ ജില്ലയിലെ രണ്ട് തദ്ദേശ സ്ഥാപന വിജയികളുടെ അയോഗ്യത സംബന്ധിച്ചാണ് ഹിയറിംഗ് തുടങ്ങാന്‍ തീരുമാനിച്ചത്.
തലശേരി നഗരസഭയിലെ 37-ാം വാര്‍ഡില്‍ വിജയിച്ച പ്രശാന്ത്, പയ്യന്നൂര്‍ നഗരസഭയിലെ 46-ാം വാര്‍ഡിലെ വിജയി വി,കെ. നിഷാദ് എന്നിവരാണ് ജയിലില്‍ കിടക്കുന്നതിനെ തുടര്‍ന്ന് ഇനിയും സത്യപ്രതിജ്ഞ ചെയ്തിട്ടില്ലാത്തത്. തെരഞ്ഞെടുക്കപ്പെട്ടാല്‍ മതിയായ കാരണമില്ലാതെ 30 ദിവസത്തിനകം സത്യപ്രതിജ്ഞ ചെയ്തില്ലെങ്കില്‍ അംഗത്വം അസാധുവാകുമെന്നാണ് തദ്ദേശ തെരഞ്ഞെടുപ്പ് ചട്ടം.
30 ദിവസം പിന്നിട്ട സാഹചര്യത്തില്‍ പ്രശാന്ത് സത്യപ്രതിജ്ഞ ചെയ്യാത്ത വിവരം തലശേരി നഗരസഭ സെക്രട്ടറി കണ്ണൂര്‍ ജില്ലാ കളക്ടറെ അറിയിച്ചു. ജില്ലാ വരണാധികാരി കൂടിയായ കളക്ടര്‍ ഇക്കാര്യം സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷനെ അറിയിച്ചു. തുടര്‍ന്നാണ് ഇക്കാര്യത്തില്‍ കമ്മീഷന് ഹിയറിംഗ് നടത്തി തീരുമാനമെടുക്കുക.
നിഷാദിന്റെ കാര്യത്തില്‍ നേരത്തെ തന്നെ കമ്മീഷന് പരാതി ലഭിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി നിഷാദിന്റെ പത്രിക സ്വീകരിച്ചതില്‍ തന്നെ നിയമപ്രശ്നങ്ങളുണ്ടെന്നും തെരഞ്ഞെടുപ്പ് അസാധുവാക്കണമെന്നും ആവശ്യപ്പെട്ടാണ് പരാതി ലഭിച്ചിട്ടുള്ളത്. ഇക്കാര്യത്തിലും കമ്മീഷന് വൈകാതെ ഹിയറിംഗ് നടത്തും.
മതിയായ കാരണം ബോധിപ്പിക്കാന്‍ ഇരുവരുടെയും അഭിഭാഷകരാകും തെരഞ്ഞെടുപ്പു കമ്മീഷന് മുൻപാകെ ഹാജരാകുക. സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണര്‍ എ. ഷാജഹാനാണ് തെരഞ്ഞെടുപ്പു കോടതിയുടെയും ചുമതല.