കണ്ണൂര്‍: മീന്തുള്ളിയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച തിരുവനന്തപുരം സ്വദേശി ആര്. രാജേഷിന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന ആരോപണത്തില്‍ കണ്ണൂര്‍ കളക്ടര്‍ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടു. ഫ്രീസറില്ലാത്ത ആംബുലന്‍സില്‍ മൃതദേഹം വിട്ടുനല്‍കിയെന്നാണ് പ്രധാന ആക്ഷേപം.
മൃതദേഹം തിരുവനന്തപുരത്ത് എത്തിക്കാന്‍ ഫ്രീസര്‍ സംവിധാനമുള്ള ആംബുലന്‍സ് വേണമെന്ന കുടുംബത്തിന്റെ ആവശ്യം തഹസില്‍ദാര്‍ അവഗണിച്ചു. കണ്ണൂരില്‍ നിന്ന് ഫ്രീസറില്ലാത്ത ആംബുലന്‍സിലാണ് മൃതദേഹം കയറ്റിവിട്ടത്.
ചാവക്കാട് വരെ ഈ വാഹനത്തില്‍ കൊണ്ടുപോയ ശേഷം, പിന്നീട് റോഡരികില്‍ വെച്ചാണ് ഫ്രീസര്‍ സംവിധാനമുള്ള മറ്റൊരു ആംബുലന്‍സിലേക്ക് മൃതദേഹം മാറ്റിയത്. യാത്രാമധ്യേ കാര്യങ്ങള്‍ ശരിയല്ലെന്ന് മനസിലായതിനെത്തുടർന്നാണ് വാഹനം മാറ്റേണ്ടിവന്നത്.
കണ്ണൂര്‍ മീന്തുള്ളി തുരുത്തില് ഒറ്റപ്പെട്ടുപോയ ആളെ രക്ഷിക്കുന്നതിനിടെ കഴിഞ്ഞ ശനിയാഴ്ചയാണ് രാജേഷ് ഒഴുക്കില്‍പ്പെട്ട് മരിച്ചത്. മൂന്നുദിവസത്തെ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് മൃതദേഹം പരിയാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുവരികയും കളക്ടറുടെ ഉത്തരവനുസരിച്ച് തഹസില്‍ദാരുടെ നേതൃത്വത്തിലാണ് തുടര്‍നടപടികള്‍ സ്വീകരിക്കുകയും ചെയ്തത്.
സംഭവം വാര്‍ത്തയായതിനെ തുടര്‍ന്നാണ് കണ്ണൂര്‍ കളക്ടര്‍ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടത്. എന്നാല്‍, ഫ്രീസര്‍ ഉള്ള ആംബുലന്‍സ് ലഭ്യമല്ലെന്ന വിവരം തങ്ങളെ അറിയിച്ചിരുന്നില്ലെന്നാണ് ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം.